Skip to main content

ഡോ. വി കുഞ്ഞാലി

പ്രമുഖ ചരിത്ര പണ്ഡിതനും കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം തലവനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു ഡോ.വി കുഞ്ഞാലി. 1956 ഡിസംബര്‍ ഒന്നിന് എടവണ്ണ പത്തപ്പിരിയത്ത് ജനനം. പിതാവ് വീരാരത്ത് അബു, മാതാവ് ഫാത്തിമ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലീഗഢ് മുസ്‌ലിം  സര്‍വകലാശാലയില്‍ ഉപരിപഠനം.

hh

രണ്ടാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം. മുസ്‌ലിം കമ്യൂണിറ്റീസ് ഇന്‍ കേരള ടു 1798 എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ കുഞ്ഞാലി വെസ്റ്റ് ഏഷ്യന്‍ സ്ററഡീസിലും ഫോറിന്‍ അഫയേഴ്സിലും  ഡിപ്ലോമയും കരസ്ഥമാക്കി. അക്കാദമിക് രംഗത്ത് മൗലിക ചിന്തയിലും ചരിത്ര നിഗമനങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കുഞ്ഞാലി മികച്ച അധ്യാപകനുമായിരുന്നു. നിരവധി ചരിത്ര സെമിനാറുകളിലും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് സമ്മേളനങ്ങളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ജോയിന്‍റ് സെക്രട്ടറി, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം, കേരള സ്കോളേഴ്സ് അസംബ്ലി വൈസ് പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചു. മാരിടൈം ട്രഡീഷന്‍സ് ഓഫ് മിഡീവല്‍ മലബാര്‍, സൂഫിസം ഇന്‍ കേരള, ഒര്‍ജിന്‍ ഏര്‍ളി ഗ്രോത്ത് ആന്‍ഡ് റിലേഷന്‍ വിത്ത് സൂഫി മൂവ്മെന്‍റ് ഇന്‍ സൗത്ത് ഇന്ത്യ എന്നിവ കൃതികളാണ്.  നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. യുവത ബുക്ക് ഹൗസ് പുറത്തിറക്കിയ ഇസ്‌ലാം ഗ്രന്ഥ പരമ്പരയിലെ 'ചരിത്രവും വികാസവും' വാള്യത്തില്‍ പ്രധാന പങ്കുവഹിച്ചു.

മുജാഹിദ് ആശയ പ്രബോധന രംഗത്തും സജീവമായിരുന്നു.  കെ.എന്‍.എം (മര്‍കസുദ്ദഅ് വ) പ്രവര്‍ത്തക സമിതി അംഗം, ഐ.എസ്.എം തുടക്കം കുറിച്ച 'പീസ്' എഡ്യൂക്കേഷന്‍ വിഭാഗത്തിന്‍റെ പ്രഥമ ചെയര്‍മാന്‍, എടവണ്ണ ഇസ്ലാമിക് ഗൈഡന്‍സ് ട്രസ്റ്റ്, മഞ്ചേരി അല്‍ വത്വന്‍ എഡ്യുക്കേഷണല്‍ & ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നിവയുടെ ഉപാധ്യക്ഷനുമായിരുന്നു.

കര്‍ഷകന്‍ കൂടിയായിരുന്ന കുഞ്ഞാലി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി, കര്‍ഷക മാസിക പത്രാധിപ സമിതി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യ കമ്മിറ്റി അംഗവുമായിരുന്നു.

അധ്യാപികയായിരുന്ന ചിന്നയാണ് ഭാര്യ.   2021 ഏപ്രില്‍ മൂന്നിന് നിര്യാതനായി.
 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446