മാപ്പിളപ്പാട്ട് രചനയുടെ കുലപതിയും അനന്യസാധാരണമായ പ്രതിഭാ വിലാസത്തിന്റെ ഉടമയുമാണ് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍. ജീവിച്ചത് 40 വയസ്സുവരെ. രചിച്ചത് പരിമിതമായ പാട്ടുകള്‍ മാത്രം. പക്ഷേ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വൈദ്യരുടെ വരികളെ വെല്ലാന്‍ കരുത്തുള്ളവര്‍ മാപ്പിളപ്പാട്ട് ശാഖയില്‍ ജന്മമെടുത്തിട്ടില്ല എന്നതാണ് ആ തൂലികയുടെ അജയ്യമായ മാസ്മരികത.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മേലങ്ങാടിയില്‍ ഓട്ടുപാറ ഉണ്ണിമമ്മദ് വൈദ്യരുടെയും കുഞ്ഞാമിനയുടെയും മകനായി 1852ല്‍ മോയിന്‍കുട്ടി വൈദ്യര്‍ ജനിച്ചു.
ബാല്യത്തില്‍ തന്നെ അനന്യമായ പ്രതിഭ പ്രകടിപ്പിച്ച മോയിന്‍കുട്ടി പിതാവ്, നാട്ടെഴുത്തച്ഛന്മാര്‍, എന്നിവരില്‍ നിന്നായി അറബി, ഇംഗ്ലീഷ്, തമിഴ്, പാഴ്‌സി, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ വശമാക്കി. കുലത്തൊഴിലായ വൈദ്യത്തോട് പുറം തിരിഞ്ഞ മോയിന്‍കുട്ടി ഇശലുകളുടെ ലോകത്ത് വിരാജിക്കാനാണ് ഇഷ്ടപ്പെട്ടത്.
വൈദ്യരുടെ എക്കാലത്തെയും മാസ്റ്റര്‍ പീസായ 'ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍' എന്ന അപൂര്‍വ പ്രണയകാവ്യം രചിക്കപ്പെടുന്നത് 20-ാം വയസ്സിലാണ്. പ്രണയം പ്രമേയമായുള്ള ആദ്യ മാപ്പിളപ്പാട്ടുകൂടിയാണിത്. അറബി-മലയാളത്തില്‍ വിരചിതമായ ഈ കാവ്യത്തിന്റെ ശീലുകളില്‍ പലതും പില്ക്കാലത്ത് മധുരോദാരമായ ഗാനങ്ങളായി മാറിയിട്ടുണ്ട്.
ബദര്‍പാട്ട്, ഉഹ്ദ്പാട്ട്, മലപ്പുറം ഖിസ്സപ്പാട്ട്, എലിപ്പട(പഞ്ചതന്ത്രം കഥയെ അടിസ്ഥാനമാക്കി വിരചിതമായത്), കരമഞ്ഞ് മാല തുടങ്ങിയവയാണ് വൈദ്യര്‍ രചനയിലെ പ്രസിദ്ധ കാവ്യങ്ങള്‍. അവസാനകാലത്ത് എഴുതിത്തുടങ്ങിയ ഹിജ്‌റ കാവ്യം പൂര്‍ത്തിയാവുംമുമ്പ് വൈദ്യര്‍ അന്ത്യയാത്രയായി. അതിന്റെ ബാക്കി ഇശലുകള്‍ പൂര്‍ത്തിയാക്കിയത് പിതാവായിരുന്നു.
ജന്മിത്തത്തിനും കോളനിവാഴ്ചയ്ക്കുമെതിരെ പാട്ടുകള്‍കൊണ്ട് പ്രതിരോധമൊരുക്കിയ കവിയാണ് വൈദ്യര്‍. സങ്കരഭാഷയും ചടുലമായ ശൈലിയുംകൊണ്ട് ഇശലുകളുടെ വിസ്മയ കാവ്യപ്രപഞ്ചമൊരുക്കിയ വൈദ്യരുടെ രചനകള്‍ നിത്യപ്രസക്തങ്ങളാണ്.
1892ല്‍ വൈദ്യര്‍ ഓര്‍മയായി. അകാലത്തില്‍ പൊലിഞ്ഞ ഈ മഹാപ്രതിഭയുടെ ഓര്‍മയ്ക്കായി കേരള സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജന്മദേശമായ കൊണ്ടോട്ടിയില്‍ സ്മാരകവും പഠനകേന്ദ്രവും തുറന്നിട്ടുണ്ട്.