സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ സേവനങ്ങളര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ഹസ്സന്‍ ഹാജി. മാഹിയിലെ ഈന്തുള്ളതില്‍ കുന്നുംപുറത്ത് അബുഹാജിയുടെയും കോളോത്ത് പൊന്നോത്ത് സൈനബയുടെയും മകനായി 1936 ജൂലായ് 7 ന് ചാലക്കര ചെമ്പ്രയില്‍ ജനിച്ചു.
മാഹിയിലെ മഅ്ദനുല്‍ ഉലൂം സനാനി പള്ളി കൂടം, പാറാല്‍ യു.പി.സ്‌കൂള്‍, എം.എം. ഹൈസ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ പ്രാഥമിക വിദ്യാഭാസം. പഠന സമയത്തു തന്നെ അവകാശങ്ങള്‍ക്കു വേണ്ടി സമരമുന്നണിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കവെ പിതാവിനൊപ്പം ബര്‍മയിലേക്ക് പോയി. ബര്‍മയിലെ സെന്റ് ആല്‍ബര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോമില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ബാല്യ കാലത്തെ വിദേശവാസം പല നിലക്കും വഴിത്തിരിവായി. ബര്‍മ്മയില്‍ സ്‌കൗട്ട് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പതിനഞ്ചാം വയസ്സില്‍ 'Armlos Peace Message to the world' പുരസ്‌കാരം അമേരിക്കന്‍ പ്രസിഡണ്ട് ഐസനോവറില്‍ നിന്നും ലഭിച്ചു. പതിനെട്ടാം വയസ്സില്‍ അപ്പര്‍ ബര്‍മ്മ കമ്മീഷണറുമായി.
ബര്‍മ്മ സന്ദര്‍ശിക്കാനെത്തിയ റഷ്യന്‍ പ്രസിഡണ്ട് ബുള്‍ഗാനിന്‍, ചൈനാ പ്രധാനമന്ത്രി ചൗവലായ്, റഷ്യന്‍ പ്രധാനമന്ത്രി കൂച്ച്, ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, പാക്കിസ്ഥാന്‍ പ്രസിഡണ്ട് അയ്യൂബ് ഖാന്‍, കംബോഡിയ രാജ്യങ്ങളിലെ രാജാക്കന്മാര്‍ തുടങ്ങിയ ലോകരാഷ്ട്ര തലവന്മാരെ സ്‌കൗട്ട് കമ്മീഷണറെന്ന നിലയില്‍ പരിചരിക്കാന്‍ അവസരം ലഭിച്ചു. നെഹ്‌റുവിന്റെ കൂടെയുണ്ടായിരുന്ന ഇന്ദിരയെ ബര്‍മ്മയിലെ പ്രധാന സ്ഥലങ്ങള്‍ കാണിക്കാന്‍ നിയോഗിച്ചത് ഹസ്സന്‍ ഹാജിയെയായിരുന്നു. പില്‍ക്കാലത്ത് ഇന്ദിരഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായപ്പോള്‍ ദല്‍ഹിയില്‍ ഹസ്സനാജിയുമായി ആ സ്മരണ പങ്കുവെച്ചു.
1958 ല്‍ ബര്‍മ്മാ വാസം മതിയാക്കി നാട്ടില്‍ തിരിച്ചെത്തി. കുറച്ചു കാലം മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു.
1960 ല്‍ കോഴിക്കോട് ജെ.ഡി.റ്റിയില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടറായി ജോലിയില്‍ പ്രവേശിച്ചു. 1974 ല്‍ ജെ.ഡി.റ്റി സെക്രട്ടറിയായിരുന്ന പി.കെ ഉത്താന്‍ കോയ ഹാജിയുടെ മരണശേഷം ജെ.ഡി.റ്റിയുടെ സെക്രട്ടറിയായി ചുമതലയേറ്റു. ജെ.ഡി.റ്റി.യെ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
പോളിടെക്‌നിക്ക് സ്ഥാപിക്കുന്നതിലും ഐ.ടി.സി.യുടെ വിപുലീകരണത്തിനുമായി ഇസ്‌ലാമിക് ഡവംപ്‌മെന്റ് ബേങ്കി(IDB)ന്റെ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ അദ്ദേഹം ചെയ്ത ശ്രമങ്ങള്‍ വിസ്മരിക്കാനാവില്ല. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) സെന്ററും അറബിക് കോളേജും അദ്ദേഹം സെക്രട്ടറിയായിരുന്നപ്പോള്‍ ഉണ്ടായതാണ്.
ജിദ്ദ ആസ്ഥാനമായ ഇഖ്‌റഅ് ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യയില്‍ ആദുര ശുശ്രൂഷാ രംഗത്ത് ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അത് കോഴിക്കോട്ട് സ്ഥാപിക്കാന്‍ കഠിനാധ്വാനം ചെയ്തത് അദ്ദേഹമാണ്. മദര്‍ തെരേസ മുതല്‍ മുഹമ്മദലിക്ലേ വരെയുള്ള ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖര്‍ക്ക് ജെ.ഡി.റ്റി സന്ദര്‍ശനത്തിന് അവസരമൊരുക്കി.
കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗമായും വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ഹാജിമാരുടെ പ്രശ്‌നങ്ങള്‍ക്ക് മക്കയിലും മദീനയിലും ഒരത്താണിയായി ഹസ്സന്‍ ഹാജി.
1964-ല്‍ മുസ്‌ലിം എഡ്യുക്കേഷന്‍ സൊസൈറ്റിയില്‍ അംഗമായി. എം.ഇ.എസ്. സ്‌റ്റേറ്റ് സെക്രട്ടറി, അഖിലേന്ത്യാ എം.ഇ.എസ്, ട്രഷറര്‍, സംഘടനയുടെ ഫോറിന്‍ അഫേഴ്‌സ് ചെയര്‍മാന്‍, എം.ഇ.എസ്. സ്‌കൂള്‍സ് ചെയര്‍മാന്‍, ഐ.ടി.സി. ചെയര്‍മാന്‍, കുറ്റിപ്പുറം എഞ്ചിനീയറിങ്ങ് കോളേജ് ട്രഷറര്‍, ഹജ്ജ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള വികസന സൊസൈറ്റി ജനറല്‍ സെക്രട്ടറി, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓവര്‍സീസ് കമ്മറ്റി ചെയര്‍മാന്‍, ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ ആജീവനാന്ത അംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
അഞ്ച് തവണ യു.എന്‍.ഒ.യില്‍ നടന്ന കോണ്‍ഫറന്‍സിലും. 2003 ല്‍ മലേഷ്യയില്‍ ഒ.ഐ.സി. കോണ്‍ഫറന്‍സിലും പങ്കെടുക്കുകയുണ്ടായി. കെയര്‍ ആന്റ് ഷെയര്‍, റോട്ടറി ഇന്റര്‍നാഷണല്‍ സര്‍വ്വീസ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
1960 ജനുവരി 26 ന് വിവാഹിതനായി. ഭാര്യ: മാഹി ചാലാറത്ത് പുതുക്കുടി സുബൈദ. രണ്ട് പുത്രന്മാരും രണ്ട് പുത്രിമാരുമാണ് സന്താനങ്ങള്‍. 2006 ഡിസംബര്‍ 12 ന് തൃശൂരില്‍ വാഹനാപകടത്തില്‍ നിര്യാതനായി. തലശ്ശേരി പാറാല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം.