'ഏറനാടിന്റെ പൂങ്കുയില്‍' എന്ന് സി എച്ച് മുഹമ്മദ് കോയ വശേഷിപ്പിച്ച മാപ്പിള കവികോകിലം. നിമിഷ കവി, ഗായകന്‍, മത പണ്ഡിതന്‍, നിസ്വാര്‍ഥ സാമൂഹിക പ്രവര്‍ത്തകന്‍, കര്‍മ നിരതനായ സംഘാടകന്‍ എന്നീ നിലകളില്‍ മലബാറില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു പി ടി വീരാന്‍ കുട്ടി മൗലവി.
1914ല്‍ കോഴിക്കോടിനടുത്ത രാമനാട്ടുകരയില്‍ ജനനം. പ്രസിദ്ധരായ പരിയന്‍ തൊടിക മമ്മദ് ഹാജിയും ഉണ്ണ്യാച്ചയും മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പരപ്പനങ്ങാടിയില്‍ ദര്‍സ് പഠനം. പരപ്പനങ്ങാടിയില്‍ പഠിക്കുന്ന കാലത്ത് ്രപസിദ്ധ മാപ്പിള കവി കമ്മുകുട്ടി മരക്കാര്‍ സാഹിബില്‍ നിന്ന് മാപ്പിളപ്പാട്ടുകളുടെ പ്രാസനിബന്ധനകളും വൃത്ത നിയമങ്ങളും പഠിച്ചു.
നബിതിരുമേനിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്നവയായിരുന്നു അക്കാലത്തെഴുതിയ മിക്ക ഗാനങ്ങളും. പരലോക ചിന്തയും ഭക്തിയും തുളുമ്പി നില്‍ക്കുന്ന നിരവധി ഗാനങ്ങള്‍ പില്‍കാലത്തും മൗലവി എഴുതിയിരുന്നു. കഥാ ഗാനങ്ങള്‍, ദഫ് ഗാനങ്ങള്‍, രാഷ്ട്രീയ ഗാനങ്ങള്‍ എന്നീ വിഷയങ്ങളിലെല്ലാം പി ടി രചന നടത്തിയിട്ടുണ്ടെങ്കിലും 'ഹജ്ജ് യാത്ര' എന്ന കൃതിയിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇദ്ദേഹത്തിന് ഹജ്ജിന് പോകാനുള്ള അവസരം ലഭിക്കുന്നത് വളരെ യാദൃച്ഛികമായാണ്. പെട്ടെന്ന് കിട്ടിയ അവസരമായതുകൊണ്ട് നാട്ടില്‍ ആരോടും പറയാതെ ഹജ്ജിന് പുറപ്പെട്ട വാര്‍ത്ത പത്രങ്ങളിലൂടെയും മറ്റും നാട്ടിലറിഞ്ഞപ്പോള്‍ കവി പുലിക്കോട്ടില്‍ ഹൈദര്‍ എഴുതിയ കത്തിനുള്ള മറുപടിയാണ് പി ടിയുടെ 'ഹജ്ജ് യാത്ര'.
കത്തും മറുപടിയും പാട്ടു രൂപത്തില്‍ അറബി മലയാളത്തിലാണ് വിരചിതമായത്. 1956 മെയ് 24നാണ് കോഴിക്കോട്ടു നിന്ന് തീവണ്ടിയില്‍ ബോംബെയിലേക്ക് പോകുന്നത്. മുംബയില്‍ നിന്ന് സുഊദി എന്ന കപ്പലില്‍ യാത്ര ചെയ്ത് യലംലം എന്ന സ്ഥലത്തെത്തിയപ്പോള്‍ ഇഹ്‌റാമില്‍ പ്രവേശിച്ച് ജിദ്ദയിലെത്തുന്നതും അവിടെ നിന്ന് ബസ് മാര്‍ഗം മക്കയിലേക്ക് പുറപ്പെടുന്നതുമായ യാത്രാ വിവരങ്ങള്‍ 22 ഇശലുകളിലായാണ് ഈ കവിതയില്‍ വിന്യസിച്ചിട്ടുള്ളത്. ഭക്തിയാണ് ഹജ്ജ് കാര്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കിലും നര്‍മവും ചിലയിടങ്ങളില്‍ പ്രയോഗിക്കുന്നതില്‍ അദ്ദേഹം പിശുക്കു കാണിക്കുന്നില്ല. മക്ക, മദീന എന്നിവിടങ്ങളിലെ പുണ്യ സ്ഥലങ്ങള്‍, അവയുടെ വര്‍ണനകള്‍, അനുമാനങ്ങള്‍, ജനങ്ങള്‍ കാട്ടിക്കൂട്ടുന്ന അനാചാരങ്ങള്‍ എന്നിവയെക്കുറിച്ച് വിവരിക്കുന്നുണ്ട് കാവ്യത്തില്‍. 1956 മെയ് 26ന് തുടങ്ങിയ യാത്ര ആഗസ്ത് പത്തിന് നാട്ടില്‍ തിരിച്ചെത്തിയതോടെ അവസാനിക്കുന്നു.
അധികം താമസിയാതെ കരള്‍രോഗ ബാധിതനായ അദ്ദേഹത്തെ മദിരാശിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സ ഫലിക്കാതെ നാട്ടിലേക്ക് മടക്കി. 1957 ജൂലായ് 23ന് അദ്ദേഹം വിടവാങ്ങി.