മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീര്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയ നിരവധി ബഹുമതികള്‍ ബഷീര്‍ എന്ന കഥാകാരനെ തേടിയെത്തി.
ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പില്‍ കായി അബ്ദുറഹിമാന്‍-കുഞ്ഞാത്തുമ്മ ദമ്പതിമാരുടെ മകനായി 1908 ജനുവരി 21 ന് ബഷീര്‍ ജനിച്ചു. സാഹസികമായിരുന്നു ജീവിതം. അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ കോഴിക്കോട്ടെത്തിയ ഗാന്ധിജിയെ കാണാന്‍ അതിസാഹസികമായി ബഷീര്‍ കോഴിക്കോട്ടെത്തി.
സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടി. ജയില്‍വാസമനുഭവിച്ചു. 'ഉജ്ജീവനം' വാരികയില്‍ 'പ്രഭ' എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന തീപ്പൊരി ലേഖനങ്ങളായിരുന്നു ആദ്യരചനകള്‍. തുടര്‍ന്ന് ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. പല വേഷങ്ങള്‍ കെട്ടി. സന്ന്യാസി, സൂഫി, പാചകക്കാരന്‍, മാജിക്കുകാരന്‍ എല്ലാം അതില്‍ പെടും. ഇന്ത്യ വിട്ടു പുറത്തുപോയി, ഒന്‍പതു വര്‍ഷം നീണ്ട അലച്ചിലിനു ശേഷം തിരിച്ചുവന്നു. പിന്നീടാണ് ബേപ്പൂര്‍ 'വൈലാലില്‍' താമസമാക്കിയത്.
നീണ്ട യാത്രയില്‍ താന്‍ അനുഭവിച്ച ജീവിതം തന്നെയാണ് ബഷീറിന്റെ സാഹിത്യം. 'ബഷീര്‍ സാഹിത്യം' എന്നത് മലയാളത്തിലെ ഒരിനമായി മാറിയത് അതിന്റെ ലാളിത്യവും ജീവിതസ്പര്‍ശവും മൂലമായിരുന്നു. സാമാന്യം മലയാള ഭാഷയറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം ആസ്വദിക്കാനാവും. ചിരിക്കാനും ചിന്തിക്കാനും ഏറെ വകയുണ്ടതിന്. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥ പറഞ്ഞ ബഷീറിന്റെ കഥാപാത്രങ്ങള്‍ ജീവസ്സുറ്റതും കാലാതിവര്‍ത്തിയുമായിരുന്നു. സമൂഹത്തിലെ ഉന്നതര്‍ നായകരാവുന്ന, ഉന്നതര്‍ക്കു മാത്രം ദഹിക്കുന്ന മലയാള സാഹിത്യത്തെ ജനകീയമാക്കിയതില്‍ ബഷീറിന്റെ സ്ഥാനം അദ്വിതീയമാണ്. മലയാള സാഹിത്യത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ ജീവിതം വിഷയമാകാതിരിക്കുകയും കേവലം വില്ലന്‍ കഥാപാത്രങ്ങളായി ഒറ്റപ്പെട്ട മുസ്‌ലിം നാമങ്ങള്‍ ചിത്രീകരിക്കപ്പെടുകയും ചെയ്ത കാലഘട്ടത്തില്‍ അത് തിരുത്തിക്കുറിച്ച സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. മുസ്‌ലിം സമുദായത്തെ മുഖ്യധാരയിലേക്ക് ആനയിക്കുകയും അതേസമയം സമുദായത്തില്‍ നിലനിന്നിരുന്ന ഒട്ടനവധി അനാചാരങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിക്കുകയും ചെയ്തു ആ മഹാസാഹിത്യകാരന്‍.
അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും വൈവിധ്യസമൃദ്ധിയിലൂടെ മലയാള വായനയെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീര്‍. ദര്‍ശനവും ആത്മീയതയും നര്‍മവും സാമൂഹികതയും ഓരോ വരിയിലും ഒളിപ്പിച്ച ബഷീറില്‍ നിന്ന്, ആത്മീയ ശകലങ്ങളെ പേര്‍ത്തെടുക്കുമ്പോള്‍ മലയാളം കണ്ട 'മഹാനായ പ്രബോധകന്‍' എന്ന് സമ്മതിക്കാതിരിക്കാന്‍ ന്യായങ്ങള്‍കാണുന്നില്ല. മലയാള സാഹിത്യം ഇതുവരെ കൈവരിച്ച ഔന്നത്യങ്ങളിലൊന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍.
മലയാള സാഹിത്യത്തിലെ നവോത്ഥാന തലമുറയിലാണ് ബഷീറിന്റെ വരവ്. പുരോഗമന കലാപ്രസ്ഥാനക്കാരായ തകഴി ശിവശങ്കരപിള്ള, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി എന്നിവരെപ്പോലെ ഭൗതികവാദപരവും തൊഴിലാളി വര്‍ഗ ചിന്താധിഷ്ഠിതവുമായ ജീവിത ദര്‍ശനങ്ങളല്ല അക്കാലം മുതല്‍ ബഷീര്‍ പ്രകടിപ്പിച്ചത്. അതിസാധാരണക്കാരായ നാട്ടുമനുഷ്യന്റെ വിഹ്വലതകളിലൂടെയും വിചാരങ്ങളിലൂടെയും പരമകാരുണ്യവും അതീവ സ്‌നേഹവും പകര്‍ന്നു തരുന്ന അഭൗതികമായൊരു പ്രപഞ്ചചൈതന്യത്തെപ്പറ്റിയാണ് ബഷീര്‍ പറഞ്ഞുതന്നത്.
''ഇതൊക്കെ എങ്ങനെയുണ്ടായി എന്ന് ചിന്തിക്കുമ്പോഴാണ് ഒരു കാരണത്തെപറ്റി ഓര്‍മ വരുന്നത്. പ്രപഞ്ചങ്ങളുടെ ചൈതന്യം, വെളിച്ചം ഇതിനെയാണ് ഞാന്‍ ദൈവം എന്നു പറയുന്നത്. ഇതാകുന്നു അല്ലാഹു. ഇതാകുന്നു ആദി ബ്രഹ്മം, ഇതാകുന്നു സനാതന സത്യം.'' (ബഷീര്‍: സംഭാഷണങ്ങള്‍, 106).
കൊളോണിയല്‍ അധികാരത്തിന്റെ ആനുകൂല്യത്തോടെഇംഗ്ലീഷും പുത്തന്‍ മലയാളവും സ്വന്തമാക്കിയ ക്രിസ്ത്യന്‍ സമുദായം സാഹിത്യരംഗത്തും മുന്നേറി. കണ്ടത്തില്‍ ചെറിയാന്‍ മാപ്പിളയും സിസ്റ്റര്‍ മേരി ബനീഞ്ജയും സമുദായത്തിനപ്പുറത്തും ഇടം നേടി. എന്നാല്‍ ഈ പൊതു മണ്ഡലത്തിലൊന്നും മുസ്‌ലിംകള്‍ക്ക് ഇടമില്ലായിരുന്നു.
''മുസ്‌ലിംകള്‍ പൊതുവെ വിദ്യാഭ്യാസപരമായകാര്യങ്ങളില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. അര്‍ഥം അറിയാതെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കും. അര്‍ഥം അറിയാതെ നമസ്‌കരിക്കാനുള്ള വകയും പള്ളിയില്‍ മുസ്‌ലിയാക്കന്മാര്‍ നടത്തുന്ന രാപ്രസംഗങ്ങളില്‍ നിന്നുകിട്ടുന്ന അറിവുമാണ് അവര്‍ക്കുണ്ടായിരുന്നത്. ഈ അറിവുകള്‍ അധികവും കെട്ടുകഥകളായിരുന്നു'' (ഓര്‍മയുടെ അറകള്‍:13).
നാട്ടു മനുഷ്യന്റെ ധീരതയോടെ, കഥകളുടെസംഭരണികളായ ഒരുപിടി കഥാപാത്രങ്ങളുമായി ബഷീര്‍ വന്നതോടെ മുസ്‌ലിം സാമൂഹിക ജീവിതത്തിന് മലയാളത്തില്‍ ഇടം ലഭിച്ചു. അത്തരം രചനകളില്‍ ആദ്യത്തേത് ബാല്യകാലസഖി ആയിരുന്നു.
പ്രാമാണിക രീതിയോട്കലഹിച്ച് നാട്ടു മനുഷ്യന്റെ പച്ചഭാഷയിലേക്ക് ബഷീര്‍ എഴുത്തിനെ നട്ടുവളര്‍ത്തി.
സവര്‍ണതയെ പേറി നിന്ന മലയാള സാഹിത്യത്തില്‍ നിന്ന് സ്വയം മോചിതനായ ശേഷം, മാമൂലുകളിലും അന്ധവിശ്വാസങ്ങളിലും ആണ്ടുകിടന്ന മുസ്‌ലിം സമുദായത്തെ ഉണര്‍ത്താനാണ് ബഷീര്‍ പരിശ്രമിച്ചത്. അനിയന്ത്രിതമായ ബഹുഭാര്യത്വം, പുരോഹിതന്മാരുടെ അധികാരം, അക്ഷരജ്ഞാനമില്ലായ്മ എന്നിങ്ങനെ സമുദായത്തിലള്ളിപ്പിടിച്ച അഴുക്കുകളെ ബഷീറിന്റെ വരികള്‍ നിശിതമായി വിമര്‍ശിച്ചു. 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന നോവലും അനേകം ചെറുകഥകളും ഇതിന്റെ സാക്ഷ്യമാണ്.
'അനല്‍ഹഖ്' എന്ന കഥയില്‍ അദ്വൈത സ്വാധീനവും സൂഫീ ചിന്തയും കടന്നകൂടിയതിനെ ക്കുറിച്ച് പിന്നീട് ബഷീര്‍ എഴുതി: ''ഇന്നാണെങ്കില്‍ ഞാന്‍ അത് എഴുതുകയില്ല. ഹഖും ബ്രഹ്മവും ഒന്നേയുള്ളൂവെന്ന് ഇന്നെനിക്കറിയാം. അല്ലാഹു മാത്രം. അല്ലാഹു മാത്രമാണ് സത്യം.'' (ചെറിയമുണ്ടം അബ്ദുര്‍റസ്സാഖിനെഴുതിയ കത്ത്. പുനപ്രസിദ്ധീകരണം: ധിഷണ മാസിക).
പരമ്പരാഗതമായി കൈമാറിക്കിട്ടിയ വഴികളിലൂടെ മാത്രമല്ല, ബഷീര്‍ അല്ലാഹുവിനെ കണ്ടെത്തിയത്. സര്‍ഗാത്മകത കൊണ്ട് അനുഗൃഹീതമായ ഒരാള്‍ക്ക് മറ്റു വഴികളും സാധ്യമാണ്.
മതേതര മേല്‍വിലാസത്തില്‍ അറിയപ്പെടാന്‍ കൊതിക്കുന്ന മുസ്‌ലിം എഴുത്തുകാര്‍ക്കിടയില്‍ തീര്‍ച്ചയായും ബഷീര്‍ വ്യത്യസ്തനായിരുന്നു. 'അല്ലാഹു'വെപ്പറ്റി വീണ്ടും വീണ്ടും പറഞ്ഞ്, ഖുര്‍ആനിനെഹൃദയത്തിലേറ്റുവാങ്ങി, ജനിമൃതികളുടെ അനന്ത വിസ്മയത്തെ ഇസ്‌ലാമിക ആത്മീയതകൊണ്ട് പൂരിപ്പിച്ച്, അല്ലാഹുവിന്റെ ഖജനാവിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു, കടന്നു പോയ വൈക്കം മുഹമ്മദ് ബഷീര്‍.
ബഷീര്‍ ഒരെയൊരു കവിത മാത്രമേ എഴുതിയട്ടുള്ളു. 'യാ ഇലാഹി' എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിലെഴുതിയ അനശ്വരപ്രകാശം. ഈ കവിത അല്ലാഹുവിനെക്കുറിച്ചാണ്. അതിവിപുലമായ ആശയലോകങ്ങളെ കൊച്ചുവരികളിലൊതുക്കി വെച്ച ജ്ഞാനസാഗരമാണ് ഈ കവിത.
വൈകിയാണ് ബഷീര്‍ വിവാഹിതനായത്. ഭാര്യ: ഫാബി ബഷീര്‍. മക്കള്‍: അനീസ്, ശഹാന. തന്റെ സഹോദങ്ങളായ പാത്തുമ്മയും അബ്ദുല്‍ ഖാദറും ജീവിതത്തിലെന്ന പോലെ തന്റെ കഥാപാത്രങ്ങള്‍ കൂടിയാണെന്നത് ഏറെ ശ്രദ്ധേയമാണ്. 1943 ല്‍ പ്രസിദ്ധീകൃതമായ പ്രഥമ കൃതി 'പ്രേമലേഖനം' നോവല്‍ മുതല്‍ 1997 ല്‍ മരണാനന്തം പ്രസിദ്ധീകരിക്കപ്പെട്ട 'യാ ഇലാഹി' വരെ നാല്പതോളം കൃതികള്‍ വൈക്കം മുഹമ്മദ് ബഷീര്‍ കൈരളിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ ഭാഷകള്‍ക്കു പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ചൈനീസ്, ജപ്പാനീസ് ഭാഷകളിലേക്ക് ബഷീര്‍ സാഹിത്യങ്ങളില്‍ പലതും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.