Skip to main content

നൂറനാട് ഹനീഫ്

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദമായി മുപ്പത്തി രണ്ടോളം പുസ്തകങ്ങള്‍ മലയാള ഭാഷയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു നൂറനാട് ഹനീഫ്. 

ആലപ്പുഴ ജില്ലയിലെ നൂറനാട് ആദിക്കാട്ടു കുളങ്ങരയില്‍ വെട്ടേത്തുവീട്ടില്‍ തമ്പി റാവുത്തറിന്റെയും സുലേഖയുടെയും മകനായി 1935 ഫെബ്രുവരി 20-ന് ജനനം. ആദിക്കാട്ടുകുളങ്ങര എല്‍ പി സ്‌കൂള്‍, നൂറനാട് യു പി സ്‌കൂള്‍, അടൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം പന്തളം എന്‍ എസ് എസ് കോളജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദം നേടി. പ്രസംഗം, കാര്‍ട്ടൂണ്‍ എന്നിവയില്‍ വിദ്യാര്‍ഥി കാലത്തു തന്നെ പ്രാഗത്ഭ്യം തെളിയിച്ചു. പഠന ശേഷം ആലപ്പുഴയില്‍ നിന്ന് കൊല്ലം ജില്ലയിലേക്ക് ജീവിതം പറിച്ചു നടാനായിരുന്നു നിയോഗം. കൊല്ലം മുളങ്കാടകം ഗവ. ഹൈസ്‌കൂളില്‍ 35 വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു.

Nooranad Haneef

യാത്രകളില്‍ നിന്ന് കഥാപാത്രങ്ങളെ കണ്ടെത്തിയ എഴുത്തുകാരനായിരുന്നു നൂറനാട് ഹനീഫ്. ഡോ. സുകുമാര്‍ അഴീക്കോട് ഈ പ്രതിഭയെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ്: 'നൂറനാട് ഹനീഫിന്റെ വ്യക്തിത്വം തന്നെ ഒരു സാഹിത്യകൃതിയാണ്. അദ്ദേഹം എല്ലാവരുമായി നല്ല ബന്ധമുണ്ടാക്കി. സാധാരണക്കാരുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ കൃതി. അതിനായി അദ്ദേഹം ഏറെ യാത്ര ചെയ്യുകയും ആള്‍ക്കാരുമായി ഇടപഴകുകയും ചെയ്തു.'

ജീവിതത്തിന്റെ സ്വാസ്ഥ്യം ഇല്ലാതാക്കുന്ന സാമൂഹിക തിന്മകളും സമൂഹത്തിന്റെ കപടമായ മുഖംമൂടിയും പച്ചയായി തുറന്നുകാട്ടാന്‍ അദ്ദേഹം ആര്‍ജവം കാണിച്ചു. ധൈഷണികതയും ദാര്‍ശനികതയും സമന്വയിച്ച കനകാക്ഷരങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളെയും വേറിട്ടുനിര്‍ത്തിയത്. സാധാരണക്കാര്‍ക്ക് ഇഷ്ടമാകുന്ന നല്ല പ്രമേയങ്ങള്‍ അവര്‍ക്ക് മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍ എഴുതി. ദൈനംദിന ജീവിതത്തില്‍ മിന്നിമറയുന്ന അസാധാരണ പ്രതിഭാസങ്ങളെ ഹൃദ്യവും അനിതര സാധാരണവുമായ ആഖ്യാനശൈലിയിലായിരുന്നു അദ്ദേഹം ആവിഷ്‌കരിച്ചത്. 

നൂറനാട് നിന്ന് അധ്യാപക ജോലിക്കായി കൊല്ലത്ത് എത്തിയ ഹനീഫ് പിന്നീട് അറബിക്കടലോരത്ത് താമസം തുടങ്ങി. ജന്മനാടായ നൂറനാടിനെ പേരിനൊപ്പം ചേര്‍ത്തെങ്കിലും കൊല്ലത്തിന്റെ മകനായാണ് അദ്ദേഹം ജീവിതാന്ത്യം വരെ കഴിഞ്ഞത്. ജനിച്ചുവളര്‍ന്ന നാടും ജീവിതത്തിന്റെ കൂടുതല്‍ പങ്കും ചെലവഴിച്ച കൊല്ലവുമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ കൃതികളിലെ ദേശവും കാലവും. ഏറെയും സാധാരണക്കാരുടെ ജീവിത തുടിപ്പുകളായിരുന്നു അദ്ദേഹത്തിന്റെ രചനകളെ സമ്പന്നമാക്കിയത്. കടലും കടലോരവും തന്നെയാണ് തന്റെ ആദ്യ രചനയ്ക്കുള്ള ഇതിവൃത്തമായി അദ്ദേഹം തെരഞ്ഞെടുത്തത്. അങ്ങനെയാണ് 1967-ല്‍ 'തീരം കാണാത്ത തിരമാലകള്‍' എന്ന ആദ്യനോവല്‍ പിറയ്ക്കുന്നത്. കൊല്ലത്തിന്റെ തീരമേഖലയുടെ നേര്‍ക്കാഴ്ചയാണ് ഈ നോവല്‍.

സാധാരണക്കാരന്റെ വ്യഥകളും നൊമ്പരങ്ങളും കൊച്ചുസന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം ഹനീഫിന്റെ തൂലികത്തുമ്പില്‍ ഉജ്വലമായ വിഭവങ്ങളായി. വീക്ഷണം പത്രത്തിന്റെ തുടക്കം മുതല്‍ വാരാന്തപ്പതിപ്പിലെ കോളമിസ്റ്റായിരുന്നു ഹനീഫ്. അദ്ദേഹത്തിന്റെ പ്രശസ്തമായ പല നോവലുകളും വീക്ഷണം പത്രത്തിലൂടെയാണ് പുറത്തുവന്നത്.

കൊല്ലം തങ്കശ്ശേരി പ്രദേശത്തെ പശ്ചാത്തലമാക്കി എഴുതിയ 'മുനമ്പ്' എന്ന നോവലില്‍ ആംഗ്ലോ ഇന്ത്യന്‍സിന്റെ കഥയാണ് പറയുന്നത്. ആംഗ്ലോ ഇന്ത്യന്‍ സംസ്‌കൃതിയുടെ തുടിപ്പ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഗുസ്തി ഇതിവൃത്തമായി ഹനീഫ് എഴുതിയ 'ഗോദ' ഇന്ത്യന്‍ ഭാഷയിലെ തന്നെ അപൂര്‍വ കൃതിയാണ്. ഫയല്‍വാന്‍മാരുടെ കഥപറയുന്ന ഈ പുസ്തകം കേരളത്തില്‍ ഏറെ ചര്‍ച്ചയായി. മലയാള സാഹിത്യത്തില്‍ തന്നെ ഇത്തരം പ്രമേയങ്ങള്‍ അപൂര്‍വമാണ്. പ്രവാസ ജീവിതത്തിന്റെ യഥാര്‍ഥ ആവിഷ്‌കാരമാണ് 'കാളപാനി' എന്ന കൃതി. കൊല്ലത്തിന്റെ സാംസ്‌കാരികബന്ധത്തിന്റെ പിറവിയെ മനോഹരമായി ആവിഷ്‌കരിച്ച പുസ്തകമാണ് 'ധ്രുവസംഗമം'. രാഷ്ട്രീയത്തിലെ കരുനീക്കങ്ങളെ കുറിച്ച് എഴുതിയ കൃതിയാണ് 'കള്ളച്ചൂത്'. ശക്തികുളങ്ങരയിലെ മത്സ്യ രാജാക്കന്മാരുടെ കഥ പറയുന്ന 'അഗ്‌നിമേഘം' ശ്രദ്ധേയമായ മറ്റൊരു കൃതിയാണ്.

ആകാശങ്ങളില്‍ അഭയം, അതിരാത്രം, താഴ്‌വരയുടെ സ്വപ്നം, തലസ്ഥാനം മുതല്‍ തലസ്ഥാനം വരെ, ചെങ്കോല്‍ ഇല്ലാതെ കിരീടം ഇല്ലാതെ, അടിമകളുടെ അടിമ, താഴ്‌വഴി, നിസാമിന്റെ നാട്ടില്‍, കിഴക്കോട്ടൊഴുകുന്ന പുഴ, ഇവിടെ ജനിച്ചവര്‍, ചമ്പലിന്റെ പുത്രി, അഗ്‌നിവര്‍ഷം, ഉര്‍വശി, ചെല്ലക്കിളി ചെമ്മാനക്കിളി തുടങ്ങിയവയാണ് നൂറനാട് ഹനീഫിന്റെ ഇതര കൃതികള്‍.

മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ നെരിപ്പോട് പോലെ കഥ പറയുമ്പോഴും ബാലസാഹിത്യവും ഹനീഫിന് നന്നായി വഴങ്ങിയിരുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയ നാല് കൃതികള്‍. ഭൂമിയില്‍ കരയാണോ കടലാണോ കൂടുതല്‍ എന്ന് ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ വിസ്മയിപ്പിച്ച കഥാകാരനായിരുന്നു അദ്ദേഹം.

വായനക്കാരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ശ്രദ്ധേയമായ നൂറുകണക്കിന് മികച്ച കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കാന്‍ നൂറനാട് ഹനീഫ് എന്ന എഴുത്തുകാരന് സാധിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ സാംസ്‌കാരിക സംഭാവനകളെ മുന്‍നിര്‍ത്തി 2011 മുതല്‍ കൊല്ലത്ത് എല്ലാ വര്‍ഷവും വിവിധ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കാറുണ്ട്. ഡോ. സുകുമാര്‍ അഴീക്കോടാണ് ഈ കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. മലയാളത്തിലെ യുവ എഴുത്തുകാരുടെ ഏറ്റവും മികച്ച നോവലിന് ഓരോ വര്‍ഷവും നൂറനാട് ഹനീഫ് സ്മാരക പുരസ്‌കാരം സമ്മാനിച്ചുവരുന്നു.

കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, ഓഥേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ, കൊല്ലം പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവയില്‍ അംഗമായിരുന്നു നൂറനാട് ഹനീഫ്. തിരുവനന്തപുരം ആള്‍ ഇന്ത്യ റേഡിയോയുടെ അഡൈ്വസറി ബോര്‍ഡ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇരുപതാം നൂറ്റാïിന്റെ സാഹിത്യ അവാര്‍ഡ് (ഇംഗ്ലണ്ട്), ഗ്രാമശ്രീ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജനിച്ചുവളര്‍ന്ന റാവുത്തര്‍ സമുദായത്തിന്റെ ആകുലതകളിലേക്ക് വെളിച്ചം വീശുന്ന 'അതിരുകള്‍ക്കപ്പുറം' എന്ന നോവലിന്റെ രചനയിലായിരുന്നു ജീവിതത്തിന്റെ അവസാനകാലത്ത് ഹനീഫ്. എന്നാല്‍, കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് നോവല്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പീന്നീട് ഈ നോവലിന്റെ ബാക്കിഭാഗം പൂര്‍ത്തീകരിച്ചത് അദ്ദേഹത്തിന്റെ മകന്‍ എം എം അന്‍സാരിയും ചെറുമകന്‍ അനീസ് മുഹമ്മദും ചേര്‍ന്നാണ്. 2006 ആഗസ്ത് അഞ്ചിന് 71-ാമത്തെ വയസ്സില്‍, കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ വെച്ച് നിര്യാതനായി.


 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446