Skip to main content

എന്‍ പി മുഹമ്മദ്

ജനിച്ചുവളര്‍ന്ന ദേശത്തെയും സമൂഹത്തെയും അവരുടെ സംസ്‌കാരത്തെയും അക്ഷരങ്ങള്‍കൊണ്ട് അനുവാചകലോകത്തിനു മുന്നില്‍ അവതരിപ്പിച്ച അനുഗൃഹീത സാഹിത്യകാരനാണ് എന്‍ പി മുഹമ്മദ്. അരനൂറ്റാണ്ടുകാലം മലയാള സാഹിത്യത്തിന്റെ നെറുകയില്‍ വിരാജിച്ച എന്‍ പി കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങി.

1929 ഡിസംബര്‍ 27ന് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് ജനനം. സ്വാതന്ത്ര്യസമരസേനാനി എന്‍ പി അബുവാണ് പിതാവ്. ബാല്യവും വിദ്യാഭ്യാസവും പിന്നീട് പ്രവര്‍ത്തനകേന്ദ്രവും കോഴിക്കോട്ടായിരുന്നു.

മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ കൂടെയായിരുന്നു കൗമാരകാലത്ത് എന്‍ പി. വായനയും എഴുത്തും ശീലിച്ചത് അങ്ങനെയാണ്. മാതൃഭൂമിയും ജയകേരളവും എഴുത്ത് ലോകത്തേക്കുള്ള ജാലകങ്ങളായി.

1952ല്‍ പ്രഥമ പുസ്തകം 'തൊപ്പിയും തട്ടവും' പുറത്തിറങ്ങി. മാപ്പിള മുസ്്‌ലിംകളുടെ സാമൂഹിക ജീവിതമായിരുന്നു ഇതിവൃത്തം. പിന്നീട് എഴുത്തിന്റെ ലോകത്ത് തന്നെയായിരുന്നു എന്‍ പി. ജനിച്ച ദേശമായ പരപ്പനങ്ങാടിയുടെ ഓര്‍മകള്‍ നിറഞ്ഞ 'ദൈവത്തിന്റെ കണ്ണ്', വളര്‍ന്ന ദേശമായ കുണ്ടുങ്ങലിന്റെ പശ്ചാത്തലത്തിലെഴുതിയ 'എണ്ണപ്പാടം', എം ടി വാസുദേവന്‍ നായരുമായി ചേര്‍ന്നെഴുതിയ 'അറബിപ്പൊന്ന്', വഴികാട്ടിയായി കണ്ട അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ജീവിതം ഇതിവൃത്തമാക്കിയുള്ള മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ഒരു നോവല്‍ എന്നിവ ഉള്‍പ്പെടെ 30ലധികം രചനകള്‍ എന്‍ പിയുടെ തൂലികയില്‍ നിന്നുവന്നു.

ഇസ്്‌ലാം രാജമാര്‍ഗം എന്ന അലി ഇസ്സത്ത് ബെഗോവിച്ചിന്റെ കൃതിയുടെ വിവര്‍ത്തനം, വിമര്‍ശനസാഹിത്യം, ബാലസാഹിത്യം, യാത്രാവിവരണം, തിരക്കഥകള്‍ (മരം, ചൂഴി തുടങ്ങിയവ) എന്നിവയിലും എന്‍ പി പ്രതിഭ തെളിയിച്ചു.

പത്രപ്രവര്‍ത്തനമായിരുന്നു മുഹമ്മദിന്റെ മറ്റൊരു മേഖല. കേരളകൗമുദി, വര്‍ത്തമാനം എന്നിവയുടെ റസിഡന്റ് എഡിറ്റര്‍, പ്രദീപം എഡിറ്റര്‍ തുടങ്ങിയ പദവികളിലിരുന്നു. കോഴിക്കോട് ഭവന നിര്‍മാണ സഹകരണസംഘത്തിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

അംഗീകാരങ്ങള്‍

ആദ്യകൃതിക്ക് (തൊപ്പിയും തട്ടവും) തന്നെ മദിരാശി ഗവണ്‍മെന്റിന്റെ അവാര്‍ഡ് നേടിയ എന്‍ പി സാഹിത്യകാരന്‍ എന്ന നിലയില്‍ ലഭിക്കാവുന്ന അംഗീകാരങ്ങള്‍ക്കെല്ലാം അര്‍ഹനായി. സാഹിത്യ അക്കാദമി അവാര്‍ഡ് (പ്രസിഡന്റിന്റെ മരണം, 1969, എണ്ണപ്പാടം 1980) കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (ദൈവത്തിന്റെ കണ്ണ്, 1993) എന്നിവ നേടി.

പുറമെ, പത്മപ്രഭാ പുരസ്‌കാരം, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, സി വി രാമന്‍പിള്ള അവാര്‍ഡ്, അബൂദാബി മലയാളി സമാജം അവാര്‍ഡ്, സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും എന്‍ പിയെ തേടിവന്നു.

ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലേക്ക് എന്‍ പിയുടെ ചില കൃതികള്‍ ഭാഷാന്തരം ചെയ്തിട്ടുണ്ട്. 2003 ജനുവരി മൂന്നിന് മലയാള സാഹിത്യത്തിലെ ഈ വടവൃക്ഷം ഓര്‍മയായി. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ് പുത്രന്മാരിൽ ഒരാളാണ്.

Feedback