Skip to main content

കെ ടി മുഹമ്മദ്

കേരളീയ മുസ്‌ലിം സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഒരു സുപ്രധാന ധാരയാണ് മാപ്പിളപ്പാട്ടുകള്‍. ജനകീയതയാണ് മാപ്പിളപ്പാട്ടിന്റെ മുഖമുദ്ര. കേരളീയ സാഹിത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയാണ് മാപ്പിളപ്പാട്ടുകളുടെ ഏറ്റവും വലിയ സംഭാവന. 

1918ലാണ് കെ ടിയുടെ ജനനം. പിതാവ് അവറു ഹാജിയും മാതാവ് ഫാത്തിമയും. കെ ടിയുടെ മാപ്പിളപ്പാട്ടുകളുടെ സംഖ്യാനിര്‍ണയം അസാധ്യമാണ്.  നിമിഷകവി എന്ന വിശേഷണത്തിന് തികച്ചും അനുയോജ്യന്‍. കെ ടിയുടെ രചനകളധികവും റിക്കാര്‍ഡ് ചെയ്യുന്നതിനു വേണ്ടി എഴുതപ്പെട്ടതാണ്. അവ ലളിത കോമളങ്ങളാണ്. ആലാപന യോഗ്യതയാണതിന്റെ പ്രത്യേകത. പ്രസാദമധുരമായ ഒരു രചനാ രീതിയുണ്ട് എന്നതാണവയുടെ മേന്‍മ.

കോട്ടുപ്പള്ളി കുഞ്ഞി മരക്കാര്‍, ശഹീദ് ഹസ്രത്ത് ഹംസ, 1921ലെ മലബാര്‍ മാപ്പിള സ്വാതന്ത്ര്യ സമരം, വഫാതു റസൂല്‍, വഫാത്തു ഫാത്വിമ, കര്‍ബല യുദ്ധം, വലിയ ഉമര്‍ ഖിസ്സപ്പാട്ട് തുടങ്ങിയവ ആഖ്യാന പ്രധാനമായ കൃതികളാണ്. ഈമാന്‍, ഇസ്‌ലാം, നമസ്‌കാരപ്പാട്ട് തുടങ്ങിയവ ബാലസാഹിത്യങ്ങളാണ്. അവ മദ്‌റസ വിദ്യാര്‍ഥികള്‍ക്കു വേണ്ടി രചിക്കപ്പെട്ടവയാണ്. ഈമാന്‍ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും സാരോപദേശ മാതൃകയില്‍ വിവരിക്കുന്ന പ്രസ്തുത കൃതികള്‍ ആശയ പ്രചരണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്.
കെ ടിയുടെ പ്രസിദ്ധീകൃതമായ കൃതികളില്‍ ചിലത്: സ്വര്‍ഗ സുന്ദരിമാല, സ്വര്‍ഗപ്പുതുമാരന്‍, അത്ഭുത രത്‌നമാല, പുരുഷാര്‍ മംഗളം, തടി ഉര്‍ദുമാല, മംഗലാലങ്കാരം എന്ന സ്ത്രീ പുതുക്കപ്പാട്ട്, മംഗലാലങ്കാരം കല്യാണപ്പാട്ട്.

കെ ടിയുടെ ഏറ്റവും ഗൗരവപൂര്‍ണമായ രചന 1921ലെ മലബാര്‍ കലാപത്തെ അധികരിച്ചുള്ള കൃതിയാണ്. മലബാറിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വൈദ്യരുടെ മലപ്പുറം ഖിസ്സ ഒരു യുദ്ധകാവ്യത്തിന്റെ സ്വഭാവത്തിലും ചേരൂര്‍ പടപ്പാട്ട് ഒരു നേര്‍ച്ചപ്പാട്ടിന്റെ സ്വഭാവത്തിലുമാണുള്ളത്. എന്നാല്‍ 1921 എന്ന കൃതി ഇതില്‍ നിന്നൊക്കെ വിഭിന്നമാണ്. മലബാറിന്റെ ചരിത്രത്തില്‍ ഇത്രയേറെ ഭിന്ന രീതിയില്‍ വിശകലനം ചെയ്യപ്പെട്ട സംഭവങ്ങളുടെ ആകെത്തുക തിളക്കമാര്‍ന്ന രീതിയില്‍ അദ്ദേഹം പുനരാഖ്യാനം ചെയ്തിട്ടുണ്ട്. ഓരോ പ്രദേശത്തും സമരത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിച്ച വ്യക്തികള്‍, അവരെ സമരത്തിലേക്കെത്തിച്ച സാഹചര്യങ്ങള്‍ എന്നിങ്ങനെ 1921ന്റെ സ്ഥൂല സൂക്ഷ്മാംശങ്ങള്‍ സമ്പൂര്‍ണമായി അനാവരണം ചെയ്യുന്നതില്‍ കവി വിജയിച്ചിട്ടുണ്ട്. മാപ്പിള കവികളില്‍ പലര്‍ക്കും ലഭിക്കുന്നത് പോലെ അംഗീകാരങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.

 1988ല്‍ അദ്ദേഹം അന്തരിച്ചു. 

Feedback