Skip to main content

കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം

മുഖ്യധാരാ ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ അഥവാ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭൂതകാലത്തിലെ മഹിത പാരമ്പത്തിലേക്കും സംസ്‌കാരത്തിലേക്കും വെളിച്ചം വീശിയ ഒരു മഹാ ചരിത്രകാരനാണ് കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കോഴിക്കോട് വിമാനത്താവളത്തിന്റെ സമീപത്തായി ലളിത ജീവിതം നയിച്ച, നാട്ടുകാരുടെ കരീം മാഷ്. സാഹചര്യപരമായ കാരണങ്ങളാല്‍ ഒരു അക്കാദമിക ചരിത്രകാരനായി ഗണിക്കപ്പെടുന്നില്ലെങ്കിലും നിരവധി ചരിത്രകാരന്‍മാരെ സൃഷ്ടിക്കുന്നതില്‍ മാഷിനു വലിയ പങ്കുണ്ട്. ഔപചാരികമായി ഡോക്ടറേറ്റ് എടുത്തിട്ടില്ലാത്ത മുഹമ്മദ് അബ്ദുല്‍ കരീം നിരവധി പേരുടെ ഡോക്ടറേറ്റിന് അനൗപചാരിക 'ഗൈഡ്' ആയിരുന്നു എന്ന് പലര്‍ക്കും അറിയില്ല..

കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം കേവലം ഒരു ചരിത്ര രചയിതാവായിരുന്നില്ല. ഒട്ടും സൗകര്യങ്ങളില്ലാത്ത കാലത്ത് ചരിത്രം അന്വേഷിച്ച് തേടിപ്പിടിച്ച് കുറിച്ചുവെക്കുകയും അതിലേറെ ഓര്‍മയില്‍ സൂക്ഷിക്കുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഏഴു പതിറ്റാണ്ട് ജീവിച്ച കരീം മാസ്റ്റര്‍ തന്റെ കര്‍മനിരതമായ ജീവിത സാപര്യ ചരിത്രത്തിന്റെ വഴിലേക്കാണ് തിരിച്ചു വിട്ടത്. വിദേശീയരടക്കമുള്ള ചരിത്ര ഗവേഷകര്‍ അദ്ദേഹത്തിന്റെ വീട്ടിലെ ഗ്രന്ഥശേഖരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചെറുതും വലുതുമായ തൊണ്ണൂറോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സി.എന്‍.അഹ്മദ് മൗലവിയുമായി സഹകരിച്ച് അദ്ദേഹം രചിച്ച 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം' എന്ന ഗ്രന്ഥം അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കെ.എം.സീതി സാഹിബ്, ഇ.മൊയ്തു മൗലവി, ഫലക്കി മുഹമ്മദ് മൗലവി, കെ.സി.കോമുക്കുട്ടി മൗലവി തുടങ്ങിയ മഹാമനീഷികള്‍ തനിക്ക് പ്രചോദനമേകിയെന്ന് കരീം മാഷ് അനുസ്മരിക്കുന്നു. തന്റെ ചരിത്ര ഗവേഷണ സപര്യയ്ക്ക് അംഗീകാരം നല്‍കുന്ന നിരവധി ബഹുമതികള്‍ കരീം മാഷെ തേടിയെത്തിയിട്ടുണ്ട്. തിരൂര്‍ സര്‍ഗശാല അവാര്‍ഡ്, പി.എ.സെയ്ദ് മുഹമ്മദ് പുരസ്‌കാരം, റിയാദ് ബ്രദേഴ്‌സ് ഇന്ത്യാ ഫൗണ്ടേഷന്‍ അവാര്‍ഡ്, ഉബൈദ് സാഹിബ് അവാര്‍ഡ്, ഇന്‍ഡോ അറബ് ഫ്രന്റ്ഷിപ് അവാര്‍ഡ്, കാസര്‍കോട് കലാസാഹിത്യ അവാര്‍ഡ് എന്നിവ അതില്‍ പെടുന്നു.

കൊണ്ടോട്ടിക്കടുത്ത് കീടക്കാട് കാവുങ്ങലക്കണ്ടി ബീരാന്‍ കുട്ടി മുസ്‌ല്യാരുടെയും കീടക്കാട് തെക്കുവീട്ടില്‍ ഫാത്വിമക്കുട്ടിയുടെയും മകനായി 1932 ല്‍ ജനനം. കൊളത്തൂര്‍ എ.എം.എല്‍.പി.സ്‌കൂള്‍, കൊണ്ടോട്ടി ജി.എം.യു.പി സ്‌കൂള്‍, കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ, മൊറയൂര്‍ വി.എച്ച്.എം ഹൈസ്‌കൂള്‍, മലപ്പുറം ഗവ.ട്രെയിനിംഗ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. 1951 മുതല്‍ 1987 വരെ സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു. ഡോ.കെ.കെ.മുഹമ്മദ് അബ്ദുസത്താര്‍ (ചരിത്ര വിഭാഗം തലവന്‍, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി), കെ.കെ.മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, സുബൈദ, റഷീദ, നശീദ, മാജിദ എന്നിവര്‍ മക്കള്‍. മഠത്തില്‍ കദീശുമ്മയായിരുന്നു ജീവിത സഖി. അവരുടെ വിയോഗാനന്തരം വാളത്തൊടി ഉമ്മാച്ചുവിനെ വിവാഹം ചെയ്തു.

തികഞ്ഞ ദീനീബോധമുള്ളവനും ഭക്തനുമായിരുന്നു കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം, സാധാരണക്കാരനായി ജീവിതം നയിച്ച അദ്ദേഹത്തിന്റെ വര്‍ത്തമാനം പോലും എന്നും ചരിത്രമായിരുന്നു. മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ തന്റെ തൂലിക ചലിപ്പിച്ച മാഷ് തികഞ്ഞ ഉത്പതിഷ്ണുവായിരുന്നു. കേഴിക്കോട് ഹിമായത്തിലെ പഠനമാണ് ദീനിന്റെ വെളിച്ചം പകര്‍ന്നതെങ്കില്‍ മൊറയൂരില്‍ അമാനി മൗലവിയുടെ ശിഷ്യത്വമാണ് അത് വളര്‍ത്തിയതും വായനാ ലേകത്തേക്ക് നയിച്ചതും. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ സഹചാരിയുമായിരുന്നു.
 
വാര്‍ധക്യത്തിന്റെ അവശതയാല്‍ നടക്കാതെ പോയ ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു കരീം മാഷിന്. കേരള മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം ക്രോഡീകരിക്കുക എന്നതായിരുന്നു അ മഹത്തായ ദൗത്യം.

ഗ്രന്ഥങ്ങള്‍:

മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം
മുഹമ്മദ് നബി ലോകവേദങ്ങളില്‍ 
ഖുര്‍ആനും ആര്‍ഷ സംസ്‌കാരവും ഒരു താരതമ്യപഠനം
കപ്പപ്പാട്ടും നൂറുല്‍ മദ്ഹും ഒരു വിശകലന പഠനം
ക്രിസ്തുമതം മാറ്റിമറിക്കപ്പെട്ടതെങ്ങിനെ?
ഖാജാ മുഈനുദ്ദീന്‍ ചിശ്തി (1956-60)
ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി (1956-60)
ഗാസി അന്‍വര്‍ പാഷ (1956-60)
ശാഹുല്‍ ഹമീദ് മീറാന്‍ സാഹിബ് (1956-60)
വിശുദ്ധ നബിയുടെ രണ്ട് പിതൃവ്യന്‍മാര്‍ (1956-60)
ഇബ്‌റാഹീമുബ്‌നു അദ്ഹം (1956-60)
മമ്പുറം അലവി തങ്ങള്‍ (1960)
ചേരമാന്‍ പെരുമാള്‍ (1960)
മോയിന്‍ കുട്ടി വൈദ്യര്‍ (1961)
ഹസ്രത് മുഹമ്മദ് ശാഹ് തങ്ങള്‍
ഹസ്രത്ത് മുഹമ്മദ് നബി(സ)
മാലിക് ബ്‌നു ദീനാര്‍
ഹാറൂന്‍ റഷീദ് (1963)
ശഹീദെ മില്ലത്ത് ടിപ്പുസുല്‍ത്താന്‍ (1961)
ഹസ്രത്ത് മുസാ നബി
ഈസ ബ്‌നു മര്‍യം
മരിക്കാത്ത മനുഷ്യന്‍: മുഹമ്മദ് ബ്‌നു അബ്ദുറഹിമാന്‍ സാഹിബ് (1958)
അഇമ്മതുല്‍ അര്‍ബഅ(നാല് ഇമാമുമാരുടെ ചരിത്രം) (1972)
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി (1991)
സനാഉല്ലാ മഖ്തി തങ്ങള്‍
സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി (1990)
കെ.എം.മൗലവി (1982)
ഹസ്രത്ത് ഫാത്തിമ 
വിശുദ്ധ നബിയുടെ പത്‌നിമാര്‍
ഹസ്രത്ത് അബൂബക്കര്‍
ഹസ്രത്ത് ഉമര്‍
ഹസ്രത്ത് ഉസ്മാന്‍
ഹസ്രത്ത് അലി
വിശുദ്ധ നബിയുടെ സന്താനങ്ങള്‍ (1981)
പത്തു സ്വര്‍ഗ നിവാസികള്‍ (1967)
ഹസ്രത്ത് ദുല്‍ഖര്‍നൈന്‍ (1981)
മമ്പുറം തങ്ങള്‍
ലോകോദ്ധാരകന്‍ (1960)
മുഗള്‍ സുല്‍ത്താന്‍മാര്‍ (1970)
ഫത്ഹുല്‍ ബയാന്‍ ഫീ സീറത്തുന്നബിയ്യില്‍ അമീന്‍
ശേറെ കേരള സീതി സാഹിബ് (1962)

മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍
തിരുനബി മഹാത്മ്യം
മരുഭൂമിയിലെ ചന്ദ്രോദയം
പ്രവാചക സൂക്തികള്‍
ആശിഖ് മഅ്ശൂഖ് കത്ത് പാട്ടുകള്‍ (രണ്ട് ഭാഗം)
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണ കൃതികള്‍ 
കോഴിക്കോട് ചരിത്രം (1962)
ഗസ്‌വതു ബദ്‌റുല്‍ കുബ്‌റാ (ബദ്ര്‍ യുദ്ധം)
1921 ലെ ഖിലാഫത്ത് ലഹളയും ആലി മുസ്‌ല്യാരും  (1965)
അറബികളുടെ കപ്പലോട്ടം  (1967)
ശിപായി ലഹളയുടെ രഹസ്യങ്ങള്‍ (1667)
ഫത്ഹുല്‍ മുബീന്‍ പ്രത്യക്ഷ സമരം (1985)
ഇരുട്ടറയും വാഗണ്‍ ട്രാജഡിയും
ഖിലാഫത്ത് സമരനേതാക്കള്‍
മലബാറിലെ രത്‌നങ്ങള്‍
ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍
മലപ്പുറം പടപ്പാട്ട് മോയിന്‍ കുട്ടിവൈദ്യര്‍
ലൈലാ മജ്‌നൂന്‍ (നോവല്‍)
രാജ്ഞി നൂര്‍ജഹാന്‍(നോവല്‍)
ഹസ്രത്ത് ആയിശ (നോവല്‍)
മരുഭൂമിയിലെ സുന്ദരികള്‍ (നോവല്‍)
മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്‌ല്യാരും (ഫലിത കഥകള്‍)
ഹസ്രത് നുഅ്മാനും അബൂനുവാസും (ഫലിതം )
നൗശര്‍വാന്റെ കാമുകി (ചരിത്ര നാടകം)
സിന്ദ്ബാദിന്റെ കപ്പല്‍യാത്ര (അറബിക്കഥകള്‍)
ഇസ്‌ലാമിക ചരിത്രത്തിലെ അനര്‍ഘ നിമിഷങ്ങള്‍ (ചരിത്രകഥകള്‍ )
മൌലിദുന്നബി-നബിയുടെ ലഘു ചരിത്രം (ബാലസാഹിത്യം)
ഖിലാഫത്ത് സമരപ്പാട്ടുകള്‍
ഇസ്‌ലാമിന്റെ സന്ദേശം
ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചതെങ്ങിനെ? (1966)
ഇസ്‌ലാമിലെ ആരാധനാകര്‍മ്മങ്ങള്‍
ഇസ്‌ലാമിക നമസ്‌കാരങ്ങള്‍
നമസ്‌കാര ക്രമം
ഹനഫീ നമസ്‌കാരക്രമം  
വിശുദ്ധ ഹറമും ഉംറയും 


 

Feedback