1848-1886 കാലത്ത് ചേറ്റുവയില്‍ ജീവിച്ചിരുന്ന മാപ്പിള കവിത്രയങ്ങളില്‍ ഒരാളാണ് മഹാകവി ചേറ്റുവായ് പരീക്കുട്ടി. പിതാവ് പോക്കാക്കില്ലത്ത് ചിന്നക്കല്‍ മുഹമ്മദ് സാഹിബ്. മാതാവ് മനാത്ത് പറമ്പില്‍ കുഞ്ഞിപ്പാത്തുമ്മ. പിതാവ് പരീക്കുട്ടിയുടെ ശൈശവത്തിലേ മരണമടഞ്ഞു. മാതാവാണ് പിന്നീട് വളര്‍ത്തിയത്. മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നിര്‍ലോഭം ആ മാതാവ് നല്കി.
സംസ്‌കൃതം, അറബി, തമിഴ്, മലയാളം ഭാഷകളില്‍ പരിജ്ഞാനവും പാണ്ഡിത്യവും നേടി. ഈ ഭാഷകളിലെ വ്യാകരണ ഗ്രന്ഥങ്ങള്‍ പഠിച്ച് ഭാഷാ ശാസ്ത്രവും സാങ്കേതിക സംജ്ഞകളും സ്വായത്തമാക്കിയ പരീക്കുട്ടി ശ്രദ്ധേയനായ കവിയും ഗാനരചയിതാവും ഗായകനുമായി അറിയപ്പെട്ടു തുടങ്ങി. 27ാം വയസ്സിലാണ് പ്രശസ്തമായ അദ്ദേഹത്തിന്റെ ഫുതുഹുശ്ശാം എന്ന സമരകാവ്യം പുറത്തിറങ്ങിയത്. അബൂബക്കര്‍ സിദ്ദീഖ്(റ), ഉമറുല്‍ ഫാറൂഖ്(റ) എന്നിവരുടെ കാലത്തു നടന്നിട്ടുള്ള യുദ്ധങ്ങളുടെ സമര ചരിത്രമാണ് ഇതിലെ പ്രതിപാദ്യവിഷയം. 1876 ലാണ് ഇതിന്റെ രചന പൂര്‍ത്തിയാക്കിയത്.
സയ്യിദ് മുഹമ്മദ് മൗലയുടെ ആവേശകരമായ ജീവിതത്തെ ആസ്പദമാക്കി മിന്‍അത്തുല്‍ ബാരി എന്ന കാവ്യസമാഹാരം, ആദി അഹദാന എന്ന ഒപ്പന ഗാനം തുടങ്ങിയവ പ്രസിദ്ധ രചനകളാണ്. നര്‍മബോധവും സര്‍ഗ്ഗസിദ്ധിയുമുണ്ടായിരുന്ന നിമിഷകവിയായിരുന്നു അദ്ദേഹം. കൂടാതെ തന്റെ രചനകള്‍ മനോഹരമായി അനുവാചകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനും പരീക്കുട്ടിക്കു കഴിഞ്ഞിരുന്നു.
കേരളത്തിന്റെ മാപ്പിള മഹാകവിയെന്ന് അറിയപ്പെട്ടിരുന്ന പരീക്കുട്ടി സാഹിബ് 1886 ഏപ്രില്‍ എട്ടിന് നിര്യാതനായി. ചേറ്റുവ വലിയ ജുമുഅത്ത് പള്ളിയില്‍ ഖബറടക്കം.