ചരിത്രപണ്ഡിതനും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഹിസ്റ്ററി ആന്‍ഡ് ഇക്കണോമിക്‌സ് വിഭാഗം തലവനുമായിരുന്നു ഡോ.മുസ്തഫ കമാല്‍പാഷ. ചരിത്രഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, അധ്യാപകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധേയനാണ്.
1946 ജൂണ്‍ 25ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ ജനിച്ചു. പിതാവ് നെല്ലിക്കുറുശ്ശി മുഹമ്മദ്. മാതാവ് മഠത്തില്‍ തിത്തിക്കുട്ടി ആലിപ്പറമ്പ്. ചെര്‍പ്പുളശ്ശേരി നോര്‍ത്ത് മാപ്പിള സ്‌കൂളില്‍ പ്രാഥമിക പഠനം. ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂളിലും 1962ല്‍ ഫറോഖ് കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റി പഠനവും ശേഷം ബി.എ എക്കണോമിക്‌സില്‍ ഫറോഖ് കോളേജില്‍ തന്നെ തുടര്‍പഠനം. 1968ല്‍ അലിഗര്‍ സര്‍വകലാശാലയില്‍ നിന്ന് ചരിതത്തില്‍ ബിരുദവും നേടി.
ഇസ്‌ലാമിക ചരിത്രം 'ആദം മുതല്‍ അറബ് വസന്തം വരെ' തുടങ്ങിയ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് ഡോ.മുസ്തഫ കമാല്‍പാഷ. 'ഖുര്‍ആനിന്റെ ചരിത്രഭൂമികളിലൂടെ' എന്ന പേരില്‍ 1997ല്‍ പുറത്തിറക്കിയ, അദ്ദേഹവും ഡോ.പി.കെ അബ്ദുറസാഖ് സുല്ലമിയും ഒന്നിച്ച് നടത്തിയ യാത്രയും അതിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 9 ലോക ഭാഷകളിലേക്ക് ഇത് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഗവേഷണത്തിന്റെ ഭാഗമായി സുഊദിഅറേബ്യ, ഈജിപ്ത്, ഇറാഖ്, യമന്‍, ഇറാന്‍, അര്‍മേനിയ, റഷ്യന്‍ ജോര്‍ജിയ, തുര്‍ക്കി, ഒമാന്‍, ജോര്‍ഡാന്‍, യു.എ.ഇ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന ചരിത്രസ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക് തുടക്കമിടാനും ഇത് കാരണമായി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഹ്യൂമാനിറ്റി ഫാക്കല്‍റ്റി അംഗം, ഹിസ്റ്ററി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, എം.ജി യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് സിഹ്റ്ററി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം, കേരള ഇസ്‌ലാമിക് മിഷന്‍ സ്ഥാപക പ്രസിഡണ്ട് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ശാസ്ത്രവിചാരം മാസികയുടെ ആദ്യകാല ചെയര്‍മാനായിരുന്നു.
ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍ പലകുറി ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഖുര്‍ആനിക വിഷയങ്ങളിലും ഹദീസിലും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. സാമൂഹിക ചരിത്രവിഷയങ്ങളിലും മനഃശാസ്ത്ര രംഗത്തും വിലപ്പെട്ട കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തു.
2022 മെയ് 26ല്‍ മരണപ്പെട്ടു. പ്രൊഫ. കെ.ഹബീബ, വി.പി ഹഫ്‌സ ഭാര്യമാരാണ്. അമീന്‍ പാഷ, ഡോ.സുമയ്യ ബാബു, സാജിദ് പാഷ, ഡോ.ഷമീമ നാസര്‍, നാജിദ്, ഡോ.തസ്‌നീം ഫാത്തിമ, സാജിദ അനീസ്, ഡോ.നാജിദ ഷറഫ്, ഡോ.ഷാകിറ ഷമീം, ഡോ.താഹിറ റഫീഖ്, ഡോ.സയ്യിദ അലി, ഹിഷം പാഷ, ആയിശ നശാത്ത് പാഷ എന്നിവര്‍ മക്കളാണ്.