Skip to main content

പി ടി അബ്ദുര്‍റഹ്മാന്‍

'ഓത്തുപള്ളീലന്ന് നമ്മള്‍ പോയിരുന്ന കാലം...', തേന്‍തുള്ളി എന്ന സിനിമയ്ക്ക് കെ രാഘവന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ പി ടി മുരളി ആലപിച്ചൊരുക്കിയ ഗാനം ഒരുകാലത്ത് മലബാറിന്റെ സൂപ്പര്‍ ഹിറ്റായിരുന്നു. പി ടി എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെട്ടിരുന്ന പി ടി അബ്ദുര്‍റഹ്മാന്റെ പേനയില്‍ നിന്നാണ് ഈ വരികള്‍ വന്നത്.

ഗ്രാമഫോണിനെയും ഓഡിയോ കാസറ്റുകളെയും ആകാശവാണിയെയും നെഞ്ചേറ്റി നടന്നിരുന്ന കഴിഞ്ഞ തലമുറയുടെ നാവുകളെയും ഹൃദയങ്ങളെയും ആനന്ദം കൊള്ളിച്ചിരുന്ന അനുഗൃഹീത ഗാനരചയിതാവായിരുന്നു പി ടി.

1940 മെയ് 15ന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ ജനനം. പിതാവ് സി എ പി ഇബ്‌റാഹീം. വിദ്യാഭ്യാസം നേടിയശേഷം മലബാര്‍ മാര്‍ക്കറ്റ് കമ്മിറ്റിയില്‍ ഏതാനും വര്‍ഷം ഉദ്യോഗസ്ഥനായി. പിന്നീട് അതില്‍ നിന്ന് വിരമിച്ച് എഴുത്തില്‍ നിരതനായി.

മാപ്പിളപ്പാട്ട്, ലളിതഗാനം, സിനിമാഗാനം, കവിത എന്നീ രംഗങ്ങളിലാണ് പി ടി തിളങ്ങിയത്.  ആകാശവാണിയും ഗ്രാമഫോണുകളും നാടകവും സിനിമകളും വഴി പി ടിയുടെ ഗാനങ്ങള്‍ ജനകീയമായി.

മാപ്പിളപ്പാട്ടിന്റെ ഇശലുകളില്‍ ആവിഷ്‌കരിച്ച ബിലാലുബ്‌നു റബാഹി(റ)ന്റെ ചരിത്രം-കറുത്ത മുത്ത് എന്ന ഖണ്ഡകാവ്യവും യോദ്ധാക്കളുടെ വരവ് എന്ന കവിതാസമാഹാരവും വ്രതഗീതങ്ങള്‍ എന്ന ഗാനസമാഹാരവും അരിപ്പക്കുട എന്ന ബാലകവിതാസമാഹാരവും പി ടി അബ്ദുര്‍റഹ്മാന്റെ സാഹിത്യ സംഭാവനകളില്‍ ചിലതാണ്.

നീല ദര്‍പ്പണം, രാഗമാലിക, യാത്രികര്‍ക്കു വെളിച്ചം, വയനാടന്‍ തത്ത, സുന്ദരിപ്പെണ്ണും സുറുമക്കണ്ണും തുടങ്ങിയവയും കവിതാസമാഹാരങ്ങളാണ്.

കാവ്യസ്വപ്‌നങ്ങളുമായി കവരത്തിയില്‍ എന്ന യാത്രാവിവരണകൃതിയും രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ അവാര്‍ഡ് (കറുത്ത മുത്ത്) എന്‍ എന്‍ കക്കാട് അവാര്‍ഡ് (രാഗമാലിക), അബൂദാബി റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് (യോദ്ധാക്കളുടെ വരവ്) തുടങ്ങിയ അംഗീകാരങ്ങളും പി ടിയെ തേടിയെത്തി.

പി ടിയുടെ ഓര്‍മകളുമായി നിരവധി പ്രാദേശിക അവാര്‍ഡുകളും മാപ്പിളപ്പാട്ട് സ്‌നേഹികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Feedback