Skip to main content

നാലകത്ത് കുഞ്ഞിത്തറി ഹാജി

ദേശീയ പ്രസ്ഥനത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും സജീവ പ്രവര്‍ത്തകനും ശില്‍പശാസ്ത്ര വിദഗ്ദനുമായിരുന്നു നാലകത്ത് കുഞ്ഞിത്തറി ഹാജി. ഒരു നൂറ്റാണ്ടിലേറെ ജീവിക്കുകയും തന്റെ ബഹുമുഖമായ കഴിവുകള്‍ സമുദായത്തിനര്‍പ്പിച്ചുകൊണ്ട് അവസാനം വരെ കര്‍മനിരതനായിരിക്കുകയും ചെയ്ത ഒരപൂര്‍വ്വ വ്യക്തിയായിരുന്നു അദ്ദേഹം. 

1879 ല്‍ തോപ്പിലകത്ത് കോയസ്സന്‍ കോയയുടെ പുത്രനായി കുറ്റിച്ചിറയില്‍ നാലകത്ത് തറവാട്ടില്‍ ജനിച്ചു. പുതിയ മാടത്തുമ്മല്‍ കുഞ്ഞിത്തറി ഹാജിയുടെ മകള്‍ നാലകത്ത് ആയിശബിയാണ് മാതാവ്. മുസ്‌ലിംകള്‍ പൊതുവെ വിദ്യാഭ്യാസത്തില്‍ വിമുഖത കാണിച്ചിരുന്ന അക്കാലത്ത് കുഞ്ഞിത്തറി ഹാജി നഗരം മാപ്പിള സ്‌കൂളില്‍ അഞ്ചാംതരം വരെ വിദ്യാഭ്യാസം നടത്തി. മതപഠനം മിസ്‌ക്കാല്‍ പള്ളിയില്‍ വെച്ചായിരുന്നു. 

തന്റെ സഹോദരീ ഭര്‍ത്താവായിരുന്ന കാമാക്കന്റകത്ത് കോയമൊയ്തീന്റെ അനുജന്‍ കലന്തന്‍കോയയും പ്രമുഖ വര്‍ത്തകപ്രമാണി കാമാക്കന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയും നടത്തിയിരുന്ന മരവ്യാപാര സ്ഥാപനമായിരുന്ന 'കലന്തന്‍-കുഞ്ഞാതു കമ്പനി'യില്‍ പതിനാറാം വയസ്സില്‍ ജോലിയില്‍ ചേര്‍ന്നു. അളിയന്റെ മരണശേഷം കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കൂടെ ജോലി ചെയ്തു. ഉദാരമതിയായ കുഞ്ഞഹമ്മദ് കോയ ഹാജി അവസാന കാലത്ത് തന്റെ കൂടെ ജോലി ചെയ്തവര്‍ക്ക് ജീവിക്കാനുള്ള സ്വത്ത് ദാനം ചെയ്തപ്പോള്‍ കുഞ്ഞിത്തറി ഹാജിക്കും വീതം ലഭിച്ചു. അത് വിറ്റുകിട്ടിയ പണമുപയോഗിച്ച് 1920 ല്‍ കൊയപ്പത്തൊടി മുഹമ്മദ്കുട്ടി ഹാജിയുടെ കൂടെ ഹജ്ജ് കര്‍മത്തിനു പോയി. 

മതകാര്യങ്ങളിലും പൊതുകാര്യങ്ങളിലും തത്പരനും കണിശക്കാരനുമായിരുന്ന അദ്ദേഹം വായനാപ്രിയനുമായിരുന്നു. നാടന്‍ ശില്‍പശാസ്ത്ര വിദഗ്ദ്ധന്‍ എന്ന ബഹുമതി അദ്ദേഹത്തിനുണ്ട്. കോഴിക്കോട് നഗരത്തിലെ പഴയ പല മുസ്‌ലിം തറവാടുകളുടേയും പൊതുസ്ഥാപനങ്ങളുടേയും നിര്‍മാണം അദ്ദേഹത്തിന്റെ വിദഗ്ദ്ധ മേല്‍നോട്ടത്തിലായിരുന്നു. വയനാടന്‍ മലകളില്‍ നിന്നു മുമ്പ് മരം മുറിച്ച് കാളവണ്ടിയില്‍ കൊണ്ടുവന്നു പണി തീര്‍ത്തതാണ്. പടിഞ്ഞാറന്‍ തീരത്തെ പല തറവാടുകളും. ആധുനിക എഞ്ചിനീയര്‍മാരെ പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ കെട്ടിടനിര്‍മ്മാണത്തിലെ നാടന്‍ രീതി.

1918 ഒക്ടോബര്‍ 5 ാം തിയ്യതി നടന്ന മദ്രസത്തുല്‍ മുഹമ്മദിയ്യായുടെ ഉദ്ഘാടനം വിജയകരമാക്കി തീര്‍ക്കാന്‍ യുവാവായ കുഞ്ഞിത്തറി ചുറുചുറുക്കോടെ പ്രവര്‍ത്തിച്ചു. 1929 ല്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടാം വാര്‍ഡില്‍ എസ്.വി. അബൂബക്കര്‍ കോയയും സി.പി.എം. കോയട്ടി ഹാജിയും തമ്മിലുണ്ടായ തെരഞ്ഞെടുപ്പ്, മുട്ടുള്ള കക്ഷിയും മുട്ടില്ലാത്ത കക്ഷിയും തമ്മിലുള്ള മത്‌സരവുമായിരുന്നു. കുഞ്ഞിത്തറി ഹാജി മുട്ടുള്ള കക്ഷിയിലെ എസ്.വിയുടെ പക്ഷക്കാരനായിരുന്നു. എതിര്‍ സ്ഥാനാര്‍ഥി കോയട്ടി ഹാജിയുടെ ജ്യേഷ്ഠന്റെ ഭാര്യയെ സ്വന്തം വീട്ടില്‍ രണ്ടുദിവസം തടഞ്ഞുവെച്ചു. തന്റെ സ്ഥാനാര്‍ഥി എസ്.വിക്ക് വോട്ട് ചെയ്യിച്ച തെരഞ്ഞെടുപ്പ് തന്ത്രം അന്നത്തെ രസകരമായ ഒരു സംഭവമായിരുന്നു. 

ഉറച്ച ദേശീയവാദിയും ഖിലാഫത്തു പ്രസ്ഥാനത്തിന്റെ സജീവ വക്താവുമായിരുന്നു അദ്ദേഹം. വര്‍ഗീയതയെ എതിര്‍ക്കുകയും പുരോഗമന ആശയങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത ഹാജി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അനുയായിയും സന്തതസഹചാരിയുമായി. കൊടിയത്തൂരില്‍ സാഹിബിന്റെ അന്ത്യസമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 1945 നവംബര്‍ 23 ാം തിയ്യതി രാത്രി കൊടിയത്തൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ സാഹിബ് പെട്ടെന്ന് തളര്‍ന്ന് വീഴുമ്പോള്‍ താങ്ങിപ്പിടിച്ചത് കുഞ്ഞിത്തറി ഹാജിയായിരുന്നു. 

കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ സ്ഥാപകരില്‍ ഒരാളും കടപ്പുറം മുജാഹിദ് പള്ളി സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തവരില്‍ പ്രധാനിയും പട്ടാള പള്ളിയുടെ ആദ്യകാല പ്രസിഡണ്ടും മദ്രസത്തുല്‍ മുഹമ്മദിയ്യായുടെ ജനറല്‍ ബോഡിയംഗവുമായിരുന്നു നാലകത്ത് കുഞ്ഞിത്തറി ഹാജി. 

ബ്രിട്ടീഷ് സര്‍ക്കാര്‍ നാടുകടത്തിയ മമ്പുറം സെയ്ദ് ഫസല്‍ പൂക്കോയ തങ്ങളുടെ മകന്‍ സെയ്തലവി തങ്ങളെ തുര്‍ക്കിയില്‍ നിന്നു നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമ്പുറം റസ്‌റ്റോറേഷന്‍ കമ്മിറ്റിയില്‍ കോഴിക്കോടിനെ പ്രതിനിധീകരിച്ച രണ്ടു പേര്‍ കുഞ്ഞിത്തറ ഹാജിയും ചെറിയ കാമാക്കാന്റകത്ത് ശിയ്യാലിക്കോയ ഹാജിയുമായിരുന്നു. 

പാവപ്പെട്ട പല വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മതപണ്ഡിതന്മാര്‍ക്കും കുഞ്ഞിത്തറി ഹാജി ഒരത്താണിയും അദ്ദേഹത്തിന്റെ താമസസ്ഥലമായ പുതിയ പന്തക്കലകം അവര്‍ക്കൊരു ആശ്വാസകേന്ദ്രവുമായിരുന്നു. പരപ്പില്‍ മൊയ്തീന്റെ വീട്ടില്‍ മമ്മത് ഹാജിയുടെ മൂത്ത മകള്‍ പന്തക്കലകത്ത് ആയിശബിയെ 1902 ല്‍ വിവാഹം ചെയ്തു. മമ്മു, കോയസ്സന്‍ കോയ, ആലിക്കോയ, അബൂബക്കര്‍ കോയ എന്നീ നാല് ആണ്‍ മക്കളാണ് സന്താനങ്ങള്‍. 

1983 മാര്‍ച്ച് 8 ാം തിയ്യതി നൂറ്റിനാലാം വയസ്സില്‍ നിര്യാതനായി.
 

Feedback