മലബാറിലെ പ്രത്യേകിച്ചും കോഴിക്കോടിലെ മുസ്‌ലിം സമുദായത്തെ വിദ്യാസമ്പന്നരാക്കുന്നതിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തികളിലൊരാളാണ് കോട്ടപ്പറമ്പ് മാളിയക്കല്‍ കാദിരിക്കോയ ഹാജി.
1878 ല്‍ കോഴിക്കോട്ടെ കോട്ടപ്പറമ്പ് മാളിയക്കല്‍ തറവാട്ടില്‍ ജനനം. കാപ്പാട്ടെ കോയസ്സന്‍ കോയയാണ് പിതാവ്. ഇമ്പിച്ചാമിനയാണ് മാതാവ്. ഗണപത് സ്‌കൂളില്‍ പഠനം. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും അറിയാമായിരുന്നു. പഠനശേഷം പിതാവിന്റെ മലഞ്ചരക്കു വ്യാപാരത്തിലേര്‍പ്പെട്ടു. കച്ചവടത്തേക്കാള്‍ പൊതുകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പൊതുജനസേവനത്തോട് അമിതമായ താല്‍പര്യവും കാണിച്ചു.
ആധുനിക വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് ഹാജിയുടെ മേല്‍നോട്ടത്തില്‍ ഏറെ ത്യാഗം സഹിച്ച് നടത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍. ഏറെക്കാലം സ്‌കൂള്‍ മാനേജര്‍ അദ്ദേഹമായിരുന്നു.
തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം പൊതുസേവനത്തിനു ചിലവിട്ട അദ്ദേഹം പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാമൂഹ്യ സംഘടനകളുടെയും സാരഥിയും സംരക്ഷകനുമായി. 1936 ല്‍ രൂപീകരിച്ച മലബാര്‍ വിജിലന്‍സ് കമ്മിറ്റിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 1921 ലെ മലബാര്‍ കലാപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളേയും സര്‍ക്കാര്‍ വിലക്കിയിട്ടും അതൊന്നും വക വെക്കാതെ അദ്ദേഹം പ്രവര്‍ത്തിച്ചു.
റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചാബില്‍ നിന്ന് കോഴിക്കോട്ടെത്തിയ മൗലാനാ ഖസൂരിക്കും സംഘത്തിനും എല്ലാ സഹായങ്ങളും നല്‍കി. അവരുടെ കൂടെ സഞ്ചരിച്ച് ജെ.ഡി.റ്റി. സ്ഥാപിക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയും ചെയ്തു.
മുസ്‌ലിംകളെ രാഷ്ട്രീയ പ്രബുദ്ധരാക്കാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. 1936 ല്‍ സംഘടിത രൂപത്തില്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ ശാഖ കോഴിക്കോട്ട് സ്ഥാപിച്ചത് അദ്ദേഹമാണ്. സ്ഥാപക പ്രസിഡണ്ടായ അദ്ദേഹം വളരെക്കാലം ആ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
1898 ല്‍ കോയസ്സന്‍ കോയ വീട്ടില്‍ ആലിക്കോയയുടെ മകള്‍ മാളിയക്കല്‍ കുട്ടിബിയെ വിവാഹം ചെയ്തു. ആറ് പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു. 1948 ഫിബ്രുവരി 17 ആം തിയ്യതി എഴുപതാമത്തെ വയസ്സില്‍ നിര്യാതനായി.