Skip to main content

ഡോ.കെ അബ്ദുറഹ്മാന്‍

ആരോഗ്യ, വിദ്യാഭ്യാസ,മത, ജീവകാരുണ്യ മേഖലകളിലെ പ്രതിഭയും ഗവേഷകനും നിശ്ശബ്ദ സേവകനുമായിരുന്നു ഡോ.കെ അബ്ദുറഹ്മാന്‍. നിച്ച് ഓഫ് ട്രൂത്ത്, പാലിയേറ്റീവ് കെയര്‍, ഐ.എം.ബി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി, കോഴിക്കോട് കെയര്‍ ഹോം തുടങ്ങി നിരവധി സംരംഭങ്ങളും മഞ്ചേരിയില്‍ നോബ്ള്‍ പബ്ലിക് സ്കൂള്‍, എയ്സ് പബ്ലിക് സ്കൂള്‍ തുടങ്ങിയ വേറിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചതില്‍ നേതൃപരമായ പങ്കുവഹിച്ചു.കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ട്രഷററായിരുന്നു.



കുടുംബം,വിദ്യാഭ്യാസം

അരീക്കോട് റിട്ട.റവന്യു ഇന്‍സ്പെക്ടര്‍ കൊല്ലത്തൊടി അബൂബക്കറിന്‍റെയും പ്രമുഖ പണ്ഡിതന്‍ എന്‍.വി അബ്ദുസ്സലാം മൗലവിയുടെ സഹോദരി  ഖദീജയുടെയും മകനായി 1948 മാര്‍ച്ച് ഒന്നിന് ജനനം. പ്രാഥമിക പഠനം അരീക്കോട് ഓറിയന്‍റല്‍ ഹൈസ്കൂളില്‍.ഫാറൂഖ് കോളജിലെ പഠനത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെഡിസിന് ചേര്‍ന്നു. ഡല്‍ഹിയിലെ വെല്ലിങ്ടന്‍ മെഡിക്കല്‍ ഇന്സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനം.
തിരൂര്‍ താലൂക്ക് ആശുപത്രി, മഞ്ചേരി ജില്ല ആശുപത്രി, കൊരമ്പയില്‍ ഹോസ്പിറ്റല്‍, കോഴിക്കോട് ആസ്റ്റര്‍ മിംസ്, മെയ്ത്ര ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഡോക്ടറായി ജോലി ചെയ്തു.
ഭാര്യ പി.എ ഫൗസിയ.നാലു മക്കള്‍.
പ്രമുഖ ഗോളശാസ്ത്ര പണ്ഡിതനായിരുന്ന പ്രൊഫ.കെ അഹമ്മദ് കുട്ടി,പ്രൊഫ.കെ മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.

കര്‍മപഥത്തില്‍

ഡോക്ടര്‍ ജീവിതം ആരംഭിക്കുമ്പോള്‍ തന്നെ അബ്ദുറഹ്മാന്‍ സമൂഹത്തോടൊപ്പം സഞ്ചരിച്ചു തുടങ്ങിയിരുന്നു.1980 കളില്‍ മഞ്ചേരി മേലാക്കം മസ്ജിദ് കേന്ദ്രമാക്കിയാണ് സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.നിച്ച് ഓഫ് ട്രൂത്ത് എന്ന പ്രബോധക സംഘത്തിന്‍റെ രൂപവല്‍ക്കരണം ഇവിടെ വെച്ചായിരുന്നു.1987 ല്‍ ഇന്‍റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ ഹുഡ്  (ഐ.എം.ബി) രൂപവത്കരിച്ചു.1991ല്‍ മഞ്ചേരിയിലെ  മുജാഹിദ് ജില്ല ആസ്ഥാനമായ ഇസ് ലാഹീ കാമ്പസ് യാഥാര്‍ഥ്യമാക്കി.നിര്‍ധന രോഗികള്‍ക്കായി ഐ.എം.ബി മഞ്ചേരിയില്‍ ആരംഭിച്ച ഫ്രീ ക്ലിനിക്കാണ് 1995 ല്‍ കാന്‍സര്‍ പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ ക്ലിനിക്കായി മാറിയത്. കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച പാലിയേറ്റീവ് സംരംഭത്തിന്‍റെ കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ക്ലിനിക്കാണിത്. മത, രാഷ്ട്രീയ,സാമുദായിക സംഘടന ചിന്തകള്‍ക്കതീതമായി  പ്രവര്‍ത്തിക്കുന്ന നിരവധി ജനകീയ പാലിയേറ്റീവ് കെയറുകള്‍ സാന്ത്വന പരിചരണത്തിന്‍റെ കേരള മാതൃകയായി ഇന്ന് ലോകം വാഴ്ത്തുന്നു.

വിദ്യാഭ്യാസ മേഖലയിലാണ് ഡോക്ടറുടെ മറ്റൊരു കൈയൊപ്പ്.
കെ.പി മുഹമ്മദ് മൗലവിയുടെ നിര്‍ദേശ പ്രകാരം 1996 ലാണ് ഡോക്ടര്‍ മഞ്ചേരിയില്‍ നോബ്ള്‍ പബ്ലിക് സ്കൂള്‍ സ്ഥാപിച്ചത്.
മതചിട്ടയിലൂന്നിയ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ ക്ലാസ്സ് മുറികളെ മാറ്റിയെടുത്ത് സാമൂഹിക നവോത്ഥാനമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം.
കെ.എന്‍.എമ്മിലെ പിളര്‍പ്പ് മൂലം 2006 ല്‍ അദ്ദേഹം സ്കൂള്‍ മറ്റൊരു സംഘത്തെ ഏല്പിച്ചു.
ഇതേ വര്‍ഷം തന്നെ മഞ്ചേരിയില്‍ എയ്സ് പബ്ലിക് സ്കൂളും സ്ഥാപിച്ചു.പുതുമകള്‍ നിറഞ്ഞ മോണ്ടിസോറി സിലബസ് നടപ്പാക്കി ശാസ്ത്രീയവും നൂതനവുമായ സംവിധാനങ്ങളോടെ ആരംഭിച്ച എയ്സ് ഡോക്ടറുടെ വിദ്യാഭ്യാസ നിദര്‍ശനത്തിന്‍റെ നേര്‍സാക്ഷ്യമായി.
ഉന്നത പഠന ഗവേഷണത്തിനായുള്ള  അഴിഞ്ഞിലം ഐ.എച്ച്.ഐ.ആര്‍  സ്ഥാപിച്ചതിലും അവിടെ നടത്തിയിരുന്ന ഇന്‍റലക്ച്വല്‍ ഡിസ്ക്കഷനുകളിലും ഡോ:അബ്ദുറഹ്മാന്‍ തന്‍റേതായ സംഭാവനകളര്‍പ്പിച്ചു. ഹെല്‍പിങ് ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത് ആധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ച കെയര്‍ ഹോമും ഡോക്ടറുടെ സ്വപ്നമായിരുന്നു. ഇതിന്‍റെ ചെയര്‍മാനുമായിരുന്നു.

കെ.പി മുഹമ്മദ് മൗലവിയുടെ കാലത്ത് തന്നെ കെ.എന്‍.എം സംഘടനാ രംഗത്തുണ്ടായിരുന്ന ഡോക്ടര്‍ സംഘടനയെ ശാസ്ത്രീയമാക്കുന്നതിലും പങ്കുവഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി എന്ന സംവിധാനം അദ്ദേഹം ആവിഷ്ക്കരിച്ചതാണ്. പണ്ഡിതര്‍, ഖതീബുമാര്‍, അധ്യാപകര്‍ തുടങ്ങിയ വിഭാഗങ്ങളെയും സംഘടന സ്ഥാപനങ്ങളെയും ഇതുവഴി ശാക്തീകരിച്ചു.
മത, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കാനായി 2021 ഫെബ്രുവരി 21 ന് കോഴിക്കോട് കേന്ദ്രമായി ഗുഡ് ഡീഡ് (GD) ട്രസ്റ്റ് രൂപീകരിച്ചു.

2021 ഏപ്രില്‍ 17 ന് നിര്യാതനായി.


 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446