Skip to main content

കുഞ്ഞായിന്‍ മുസ്‌ലിയാര്‍

ഇക്കാലത്ത് ഹാസ്യങ്ങളിലൂടെയും മങ്ങാട്ടച്ചനെ പറ്റിച്ച വിരുതശിലൂടെയും മാത്രം വ്യാപകമായി അറിയപ്പെടുന്ന കുഞ്ഞായിന്‍ മുസ്‌ലിയാര്‍ ഒരു ഹാസ്യ സാമ്രാട്ട് എന്നതിനപ്പുറം മതപണ്ഡിതന്‍, തത്വചിന്തകന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, മാപ്പിളകവി എന്നീ നിലകളിലെല്ലാം ഉന്നതസ്ഥാനിയനായിരുന്നു. സാമൂതിരി രാജാവിന്റെ കൊട്ടാരം വിദൂഷകനായിരുന്ന മങ്ങാട്ടച്ചന്റെ സന്തത സഹചാരിയായിരുന്ന കുഞ്ഞായിന്‍ മുസ്‌ലിയാരെ നസ്‌റുദ്ദീന്‍ ഹോജയുമായിട്ടാണ് ചരിത്രകാരന്‍ന്മാര്‍ താരതമ്യപ്പെടുത്തുന്നത്.

ഇദ്ദേഹത്തിന്റെ കൃത്യമായ ജനനത്തീയ്യതി വിരചിതമല്ല. എന്നാല്‍ കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കൃതികയില്‍ നിന്ന് മനസ്സിലാക്കാവുന്നത് എ ഡി 1700ന് അടുത്താണ് ജനനമെന്നാണ്. തലശ്ശേരി വലിയ ജുമുഅത്ത് പള്ളിയില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം, അന്നത്തെ പതിവുപ്രകാരം പിന്നീട് പോയത് മുസ്‌ലിം വിദ്യാഭ്യാസ ആസ്ഥാനമായിരുന്ന പൊന്നാനിയിലേക്കായിരുന്നു. പൊന്നാനിയിലെ അന്നത്തെ മഖ്ദുമുമാരായിരുന്ന നൂറുദ്ദീന്‍ മഖ്ദൂം, അബ്ദുസ്ലാം മഖ്ദൂം എന്നിവരില്‍ നിന്ന് കര്‍മശാസ്ത്ര വിജ്ഞാനീയങ്ങള്‍ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ കരസ്ഥമാക്കി. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ഹാസ്യ സിദ്ധി പുറത്തേക്ക് വരുന്നതും.

കുഞ്ഞായിന്‍ മുസ്‌ലിയാരുടെ പ്രസിദ്ധ രചനയാണ് ഒപ്പനപ്പാട്ട്. തന്റെ പൊന്നാനി ജീവിതകാലത്താണ് ഇത് രചിക്കപ്പെടുന്നത്. മനുഷ്യനെ പായക്കപ്പലിനോടുപമിച്ച തത്വചിന്താപരമായിട്ട് രചിക്കപ്പെട്ടതാണ് 'പാപ്പാട്ടം' എന്ന ഖണ്ഡകാവ്യം. ഇദ്ദേഹത്തിന്റെ ആദ്യ രചന ഹിജ്‌റ 1151-ല്‍ രചിച്ച 'നൂറുല്‍ മദ്ഹ്' ആണ്. 866 വരികളില്‍ വ്യാപിച്ചു കിടക്കുന്ന നൂല്‍ മദ്ഹ് സമ്പൂര്‍ണ്ണ പ്രവാചക കീര്‍ത്തനങ്ങളാണ്. ശൈഖ് മുഹിയുദ്ദീന്‍ ജീലാനിയുടെ അപദാനങ്ങള്‍ വാഴ്ത്തിക്കൊണ്ട് 666- വരികളുള്ള 'നുല്‍മാല' എന്ന കാവ്യവും ഇദ്ദേഹം രചിച്ചു.

തലശ്ശേരിയില്‍ വെച്ച് മരണപ്പെട്ട കുഞ്ഞായിന്‍ മുസ്‌ലിയാരെ തലശ്ശേരി പഴയ ജുമുഅത്ത് പള്ളിയില്‍  തന്നെ സംസ്‌കരിച്ചു.  

Feedback