ചരിത്രത്തിന് ചരിത്രപരമായ തിരുത്ത് നല്‍കിയ ഒരു മഹാപ്രസ്ഥാനമായിരുന്നു ഡോ. സി കെ കരീം. അപ്രിയ സത്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ചരിത്രത്തിന്റെ മുഖ്യധാരയില്‍ നിന്ന് തന്നെ ഈ മഹാത്യാഗി മാറ്റിനിര്‍ത്തപ്പെട്ടു. ഈ മാറ്റിനിര്‍ത്തപ്പെടല്‍ തന്റെ ചരിത്രാന്വേഷണം സ്വതന്ത്രമായി നടത്താന്‍ ഇദ്ദേഹത്തിന് കൂടുതല്‍ സൗകര്യം നല്കി.
1929 മെയ് 5ന് എറണാകുളം ജില്ലയിലെ എടവനക്കാട് സി കെ കൊച്ചു ഖാദറിന്റെയും കൊച്ചലീമയുടെയും മകനായി ജനിച്ചു. 1955ല്‍ പാലക്കാട് വിക്‌ടോറിയ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. 1957ല്‍ അലിഗഡില്‍ നിന്ന് മൂന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം അവിടെ നിന്ന് തന്നെ എല്‍ എല്‍ ബിയും കരസ്ഥമാക്കി. തുടര്‍ന്ന് 1958ല്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ ലക്ചറര്‍ ആയി ചേര്‍ന്നു. അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് തന്നെ ഡോ. നൂറുല്‍ ഹസന്റെ മേല്‍നോട്ടത്തില്‍ 'കേരളം ഹൈദരലിയുടെയും ടിപ്പു സുല്‍ത്താന്റെയും മേല്‍നോട്ടത്തിന്‍ കീഴില്‍' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. ചരിത്രത്തെ അതിന്റെ പ്രഥമ സ്രോതസ്സില്‍ നിന്ന് കണ്ടെത്താനായി ദല്‍ഹിയിലെ നാഷനല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കി. പ്രശസ്ത ചരിത്രകാരന്മാര്‍ ആയിരുന്ന ഇര്‍ഫാന്‍ ഹബീബ്, ഡോ. സതീഷ് ചന്ദ്ര, ഡോ. മുഹിബ്ബുല്‍ ഹസന്‍ ഖാന്‍ എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ പ്രിയ ഗുരുക്കന്മാര്‍.
ചരിത്ര ഗവേഷണ രംഗത്ത് വേറിട്ടതും ഉറച്ചതുമായ ശബ്ദമായിരുന്നു സി.കെ. കരീമിന്റേത്. കേരളവും ഇന്ത്യയും മഹാചരിത്രമാണെന്ന് പറഞ്ഞ് നടക്കുന്ന പല കാര്യങ്ങളും രചനകളും ബ്രിട്ടീഷുകാരാലും കക്ഷി താല്‍പര്യത്താലും എഴുതപ്പെട്ടതാണെന്ന് അദ്ദേഹം തെളിവുകളിലൂടെ സമര്‍ഥിച്ചു. 'ചേരമാന്‍ പെരുമാക്കന്മാരുടെ ഇസ്‌ലാം സ്വീകരണം, കണ്ണൂരിലെ അറക്കല്‍ ആലി രാജവംശം, പറങ്കി-മാപ്പിള യുദ്ധം, ഹൈദരലി ടിപ്പുസുല്‍ത്താന്മാരുടെ കേരളവാഴ്ച, മാപ്പിളമാരുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം', തുടങ്ങിയ വിഷയങ്ങളില്‍ പരമ്പരാഗത വീക്ഷണങ്ങള്‍ക്കെതിരായിരുന്നു ഇദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍.
ഇരുപത്തിയഞ്ചില്‍ പരം ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ഗ്രന്ഥമാണ് മൂന്ന് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച 'കേരള മുസ്‌ലിം ചരിത്രം - സ്ഥിതി വവരക്കണക്ക് ഡയറക്ടറി'. അദ്ദേഹത്തിന്റെ അഭിലാഷമായിരുന്ന ഈ പുസ്തകം വര്‍ഷങ്ങളുടെ അധ്വാനവും നിരവധി ആളുകളുടെ പരിശ്രമഫലവുമാണ്. ഈ മഹാപഠനത്തിനായി വിദഗ്ധരടങ്ങുന്ന ഒരു പ്രൊഫഷണല്‍ ടീമിനെത്തന്നെ അദ്ദേഹം സജ്ജീകരിച്ചിരുന്നു.
കേരളത്തിലെ പ്രമുഖ ചരിത്രകാരന്‍, അധ്യാപകന്‍, ഗവേഷകന്‍, വിദ്യഭ്യാസ വിചക്ഷണന്‍, കേരള- കാലിക്കറ്റ്-മഹാത്മാഗാന്ധി സര്‍വകലാശാലകളിലെ റിസര്‍ച്ച് ഗൈഡ്, കേരള ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി, കേരള ഗസറ്റിയര്‍-സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉപദേശക സമിതി അംഗം എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ച ഡോ.സി.കെ. കരീം എന്ന മഹാചരിത്രകാരന്‍ 2000 സെപ്തംബര്‍ 11ന് ചരിത്രമില്ലാത്ത ലോകത്തേക്ക് യാത്രയായി.