മലബാറിലെ പ്രമുഖ മുസ്‌ലിം കുടുംബമായിരുന്ന കൊയപ്പത്തൊടി വംശത്തിലെ പ്രമുഖനായിരുന്നു ഖാന്‍ സാഹിബ് കൊയപ്പാടി മുഹമ്മദ് കുട്ടിഹാജി. ഏറനാട് താലൂക്കില്‍ ചെറുവായൂര്‍ അംശത്തിലെ പുരാതനമായ കൊയപ്പത്തൊടി തറവാട്ടില്‍ 1869 ല്‍ ജനിച്ചു. പിതാവ് അഹമ്മദുകുട്ടി ഹാജി നാട്ടുപ്രമാണിയും വ്യാപാരപ്രമുഖനും അംശം അധികാരിയുമായിരുന്നു. കുടുംബപരമായ ഔന്നത്യവും ആഭിജാത്യവും കാരണം അംശത്തിന്റെ അധികാരി പദവി കൊയപ്പത്തൊടി കുടുംബത്തിനായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്ഥിരമായി നല്‍കിയിരുന്നത്.
മതപഠനവും അത്യാവശ്യമായ മറ്ററിവുകളും നേടിയ മുഹമ്മദ് കുട്ടി പ്രായപൂര്‍ത്തിയാവുമ്പോഴേക്കും പ്രശസ്തനും പക്വമതിയുമായിത്തീര്‍ന്നിരുന്നു. വ്യാപാരത്തിലും നാട്ടുകാര്യങ്ങളിലും മുതിര്‍ന്നവരെ കവച്ചു വെക്കുന്ന പരിചയവും അറിവും പ്രകടമാക്കി. മരവ്യാപാരത്തില്‍ പ്രശസ്തനായി. ബ്രിട്ടീഷ് സര്‍ക്കാറിന്റെ മലബാറിലെ മരസംബന്ധമായ മിക്ക കരാറുകളും അദ്ദേഹത്തിനായിരുന്നു. പായക്കപ്പലുകള്‍ക്കുള്ള പാമരം അദ്ദേഹമായിരുന്നു നല്‍കിയിരുന്നത്. 'പത്തേമാരികള്‍ക്കുള്ള അധികാരിയുടെ കൊമ്പ്' എന്നായിരുന്നു അക്കാലത്തു പാമരത്തെ ആലങ്കാരികമായി വിശേഷിപ്പിച്ചി രുന്നത്.
അറബ് നാടുകളിലെ കച്ചവടക്കാര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പാമരങ്ങള്‍ പ്രശസ്തമായിരുന്നു. മരക്കച്ചവടത്തില്‍ അഭിവൃദ്ധി കൈവന്നതോടെ മലബാറിലുടനീളം വിഭവശേഷിയുള്ള അനേകം വനങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. നിലമ്പൂര്‍ മുതല്‍ വയനാട് വരെയുള്ള വലിയൊരു ഭാഗം വനങ്ങളുടെ ജന്മാവകാശമോ കൈവശാവകാശമോ കൊയപ്പത്തൊടിത്തറവാട്ടിനു നേടിക്കൊടുക്കാന്‍ കഴിഞ്ഞത് മുഹമ്മദ്കുട്ടി ഹാജിയുടെ അസാധാരണ കാര്യശേഷിയായിരുന്നു. കണ്ണെത്താത്ത കാടുകളിലെ ജോലിക്കുവേണ്ടി എഴുപത്തഞ്ചോളം ആനകള്‍ അദ്ദേഹത്തിന് സ്വന്ത മായിട്ടുണ്ടായിരുന്നു.
പള്ളി, മദ്രസ, സ്‌കൂള്‍, ആതുരശുശ്രൂഷാകേന്ദ്രം തണ്ണീര്‍പന്തല്‍ (വിശ്രമസ്ഥലം) മുതലായ ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കെല്ലാം അദ്ദേഹം സാമ്പത്തിക സഹായം നല്‍കിയിരുന്നു. മുസ്‌ലിംകളുടെ ആധുനിക വിദ്യാഭ്യാസത്തിനു വേണ്ടി 1918 ല്‍ സ്ഥാപിച്ച മദ്രസത്തുല്‍ മുഹമ്മദിയ്യയുടെ സ്ഥാപകരിലൊരാള്‍ അദ്ദേഹമാണ്. നൂറ്റാണ്ട് പിന്നിട്ട വാഴക്കാട്ടെ ദാറുല്‍ ഉലൂം മദ്രസയുടെ രക്ഷാധികാരി കൊയപ്പത്തൊടി മുഹമ്മദ് കുട്ടി ഹാജിയായിരുന്നു. 1870ല്‍ തന്റെ പൂര്‍വ്വികര്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ഈ അറബി കോളേജിന് തന്റെ സ്വത്തില്‍ നിന്ന് വലിയൊരു ഭാഗം വഖഫ് ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ദാറുല്‍ ഉലൂമിന്റെ സ്വത്തുക്കള്‍ ഏകീകരിക്കുകയും അതിനു ഒരു നിയമാവലി തയ്യാറാക്കുകയും ചെയ്തു. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയുടെ സ്വത്ത് പ്രസ്തുത സ്ഥാപനത്തിനു അക്കാലത്ത് നല്‍കിക്കൊണ്ട് മാതൃക കാട്ടി.
പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയിലും ജെ.ഡി.റ്റി. ഇസ്‌ലാമിലും ഹാജിക്ക് സജീവ പങ്കാളിത്തമുണ്ടായിരുന്നു. മലബാറിലെ ആദ്യത്തെ മുസ്‌ലിം സംഘടനയെന്ന് വിശേഷിപ്പിക്കാവുന്ന കോഴിക്കോട്ടെ ഹിമായത്തുല്‍ ഇസ്‌ലാം സഭയുടെ കമ്മിറ്റിയംഗവുമായിരുന്നു.
പിന്നാക്ക മുസ്‌ലിം കേന്ദ്രമായ ഇടിയങ്ങരയില്‍ 1923 ജൂണ്‍ 12 ന് ഉദ്ഘാടനം ചെയ്ത ടി.ബി.ക്ലിനിക്ക് നിര്‍മിച്ച് കോഴിക്കോട് മുനിസിപ്പാലിറ്റിക്ക് ദാനം ചെയ്തത് അദ്ദേഹമാണ്. ക്ഷയരോഗം മാരകമായിരുന്ന ഒരു കാലത്തായിരുന്നു ഈ സഹായഹസ്തം.
1921 ലെ മലബാര്‍ ലഹളയെ തുടര്‍ന്ന് അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേകിച്ച് ഹിന്ദു സഹോദരന്മാരെ പുനരധിവസിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും അദ്ദേഹം ചെയ്ത സേവനങ്ങള്‍ വിസ്മരിക്കാനാവില്ല. കോഴിക്കോട്ടും വാഴക്കാട്ടും അനേകം അഗതികളെ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് ഭക്ഷണവും വസ്ത്രവും നല്‍കുന്നതിനുവേണ്ട ചെലവ് അദ്ദേഹം സ്വന്തമായി വഹിച്ചു. ലഹളപ്രദേശങ്ങളില്‍ കുടുങ്ങിപ്പോയ സ്ത്രീകളും കുട്ടികളുമടങ്ങിയ അഗതികളെ സഹായിക്കാനായി രൂപീകരിക്കപ്പെട്ട മാപ്പിള എമിലിയറേഷന്‍ കമ്മിറ്റിയുടെ സജീവാംഗമയിരുന്നു. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്യമായ തുക സംഭാവന നല്‍കുകയും ചെയ്തു.
ലഹളയില്‍പ്പെട്ട എല്ലാ വിഭാഗം ജനങ്ങളോടും അദ്ദേഹം കാണിച്ച ഔദാര്യത്തെ അന്നത്തെ സാമൂ തിരി രാജാവ് പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
'മുഹമ്മദ്കുട്ടി ഹാജി അധികാരി' എന്ന അപര നാമത്തിലാണ് പരക്കെ അറിയപ്പെട്ടിരുന്നത്. കാഴ്ചയില്‍ അസാമാന്യ ഗാംഭീര്യവും പ്രസന്നതയും ഉള്ള അദ്ദേഹം മുസ്‌ലിം പ്രമാണിമാര്‍ക്ക് മാതൃകാപുരുഷനായിരുന്നു. മതഭക്തിയും ധാര്‍മികബോധവും കുലമഹിമയും അദ്ദേഹത്തിന്റെ മഹത്വത്തിന്റെ പ്രത്യേകതകളായിരുന്നു. പൊതുസേവനങ്ങളെ മാനിച്ച് 1923 ല്‍ ഹജൂരില്‍ വെച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഖാന്‍ സാഹിബ് പദവി നല്‍കി ആദരിച്ചു.
മുഹമ്മദ്കുട്ടി ഹാജിയുടെ ആദ്യഭാര്യ കുട്ടിബിയിലുള്ള സന്താനങ്ങളാണ് കൊയപ്പത്തൊടി അഹമ്മദുകുട്ടി ഹാജി, മഹ്‌മൂദ്, ആമിന ഉമ്മ എന്നിവര്‍. കുറ്റിച്ചിറയിലെ കാട്ടില്‍ വീട്ടില്‍ ഇമ്പിച്ചിബി ഹജ്ജുമ്മയാണ് രണ്ടാം ഭാര്യ. ഇതില്‍ സന്താനങ്ങളില്ല. ഈ ഭാര്യക്ക് വേണ്ടി അദ്ദേഹം പണിതതാണ് പരപ്പില്‍ നടുവിലകം വീട്. വിദേശ മാര്‍ബിള്‍ കൊണ്ട് അലങ്കരിച്ച് അന്നത്തെ പുതുമയുള്ള വസതിയാണിത്. 1932 ല്‍ കോഴിക്കോട് സന്ദര്‍ശിച്ച മൗലാനാ ഷൗക്കത്ത് അലി അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് താമസിച്ചത് ഈ വസതിയിലാണ്. 1934 മെയ് 16 ാം തിയ്യതി ആ ധന്യജീവിതം അവസാനിച്ചു.