Skip to main content

ഖാന്‍ സാഹിബ് കോയസ്സന്‍ കോയ ഹാജി

മദ്‌റസത്തുല്‍ മുഹമ്മദിയ്യയുടെ പ്രസിഡണ്ടും ഹിമായത്തുല്‍ ഇസ്‌ലാം സഭാ മെമ്പറും ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂളിന്റെ സ്ഥാപക കമ്മിറ്റി അംഗവുമായിരുന്നു ഖാന്‍ സാഹിബ് കോയസ്സന്‍ കോയ ഹാജി. 1878-ല്‍ മാളിയക്കല്‍ കുഞ്ഞമ്മദാക്കയുടെയും കുഞ്ഞിര്യമ്പലത്ത് ഇമ്പിച്ച പാത്തുമ്മബിയുടെയും മൂത്തപുത്രനായി ജനിച്ചു. പ്രാഥമിക സ്‌കൂള്‍ പഠനവും മത പഠനവുമായിരുന്നു വിദ്യാഭ്യാസം. ജെ.ഡി.റ്റി. ഇസ്‌ലാം അനാഥശാല ആരംഭിക്കുമ്പോള്‍ അതിന്റെ പ്രധാന ഭാരവാഹികളില്‍ ഒരാളായിരുന്നു അദ്ദേഹം.

1921 ലെ മലബാര്‍ സമരത്തില്‍പ്പെട്ട അഭയാര്‍ഥികളെ സഹായിക്കാന്‍ മദിരാശിയിലെ ധനാഢ്യനായ ജമാല്‍ മുഹമ്മദ് പ്രസിഡണ്ടായി അമീലിയറേഷന്‍ കമ്മിറ്റി (Amelioration Committee) രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ സെക്രട്ടറി കോയസ്സന്‍കോയ ഹാജിയായിരുന്നു. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി, കോട്ടക്കല്‍ ഫര്‍ക്കകളില്‍ ആരംഭിച്ച റിലീഫ് ഡിപ്പോകളില്‍ അരി എത്തിക്കുന്ന ചുമതല കോഴിക്കോട്ടെ എം.കുഞ്ഞമ്മദ് ആന്റ് സണ്‍സിന്റെ മാനേജിംഗ് പാര്‍ട്ണറായ കോയസ്സന്‍ കോയ ഹാജിയെയാണ് ഏല്പിച്ചിരുന്നത്. തന്റെ സ്വാധീനവും പരിചയവും ഉപയോഗപ്പെടുത്തി ഫലപ്രദമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി. അലി ബറാമിയുടെയും കൊയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജിയുടെയും നിര്‍ലോപമായ പിന്തുണയും സാമ്പത്തിക സഹായവും ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. 

മലബാറിലെ പ്രശസ്തിയാര്‍ജിച്ച വ്യാപാര സ്ഥാപനമായിരുന്ന കുഞ്ഞഹമ്മദ് ആന്റ് സണ്‍സിന്റെ ഉടമ യെന്ന നിലയില്‍ കോയസ്സന്‍ കോയ ഹാജിക്ക് മലബാറിലും പുറത്തുമുള്ള പരിചയവും സ്വാധീനവും കമ്മിറ്റിക്ക് വളരെയേറെ ഉപകാരപ്പെട്ടു. രണ്ട് ലക്ഷത്തോളം രൂപ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചെലവഴിച്ചു. കമ്മിറ്റിയുടെ പ്രസിഡണ്ട് ജമാല്‍ മുഹമ്മദ് സാഹിബും മറ്റു നേതാക്കളും മദി രാശിയില്‍ നിന്ന് കോഴിക്കോട്ടെത്തി. റിലീഫ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മനസ്സിലാക്കുകയും ചെയ്തു. കോഴിക്കോട്ടെ സെക്രട്ടറി കോയസ്സന്‍കോയ ഹാജിയുടെ സേവനം പ്രത്യേക പ്രശംസ നേടി. 

1924 ഡിസംബര്‍ 16-ാം തിയ്യതി ബ്രിട്ടീഷ് കലക്ടര്‍ ജെ.എ. തോറന്‍ ഹജൂരില്‍ വെച്ച് 'ഖാന്‍ സാഹിബ്' പദവി നല്‍കി അദ്ദേഹത്തെ ആദരിച്ചു.

കോയസ്സന്‍കോയ ഹാജി മൂന്ന് വിവാഹം ചെയ്തു. തോപ്പില്‍ അബ്ദുറഹിമാന്‍ കോയയുടെ മകള്‍ കുമ്മട്ടി വീട്ടില്‍ കുഞ്ഞിബിയായിരുന്നു ആദ്യ ഭാര്യ. കുഞ്ഞിബിയുടെ മരണശേഷം ചെറിയ പലാക്കില്‍ മാളിയക്കല്‍ അഹമ്മദ്‌കോയയുടെ മകള്‍ ഉമ്മയ്യയെ രണ്ടാമതായി വിവാഹം ചെയ്തു. കോട്ടപ്പറമ്പ് മാളിയക്കല്‍ അഹമ്മദ് കോയ ഹാജിയുടെ പുത്രി ചെറിയ അറക്കല്‍ ഇമ്പിച്ചി പാത്തുമ്മബിയായിരുന്നു മൂന്നാം ഭാര്യ. അഞ്ച് ആണ്‍ മക്കളും മൂന്ന് പെണ്‍മക്കളുമാണ്. മമ്മു, അബ്ദുറഹ്മാന്‍ കോയ, പി.ഐ. അബ്ദുള്ളക്കോയ, പി. ഐ. അസ്സന്‍ കോയ, സി.എ.അഹമ്മദ്‌കോയ (അറക്കല്‍കോയ) തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പുത്രന്‍മാരാണ്. കുഞ്ഞിര്യമ്പലത്ത് മമ്മത്‌കോയ (മമ്മു മുതലാളി) സഹോദരനാണ്. 

1930 മാര്‍ച്ച് 2-ാം തിയ്യതി അമ്പത്തിരണ്ടാം വയസ്സില്‍ നിര്യാതനായി
 

Feedback