മലയാളത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവും ഗായകനുമായിരുന്നു കെ.ജി സത്താര്‍. അറുനൂറിലധികം മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടക ഗാനങ്ങളും അദ്ദേഹം എഴുതുകയും സംഗീതം നല്കുകയും പാടുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താല്‍ 'മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താന്‍' എന്ന് സമകാലികര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
മലയാളത്തിലെ ആദ്യ ഗ്രാമഫോണ്‍ ഗായകനായ കൊട്ടുക്കല്‍ ഗുല്‍ മുഹമ്മദ് ബാവയുടെ മകനാണ്. 1928 ആഗസ്റ്റ് 27 ന് ജനിച്ചു. മാതാവ് ബീവിക്കുഞ്ഞി. പിതാവില്‍ നിന്ന് സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. പൂവത്തൂര്‍ സെന്‍റ് ആന്‍റണീസ് ഹയര്‍ എലിമെന്‍ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മട്ടാഞ്ചേരിയിലെ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ പക്കല്‍ നിന്നും ശാസ്ത്രീയസംഗീതം അഭ്യസിച്ചു.
ചെറുപ്പകാലം മുതല്‍തന്നെ മാപ്പിളപ്പാട്ടിന്‍റെ ആലാപനത്തിലും സംഗീതസംവിധാനത്തിലും സജീവമായിരുന്നു. പക്ഷെ കുടുംബത്തിലെ സാമ്പത്തിക പരാധീനതകളാല്‍ ചെറുപ്രായത്തില്‍ തന്നെ ജോലിതേടി ബോബെയിലേക്ക് പോകേണ്ടി വന്നു. ബോംബെ ഇലക്ട്രിക് സപ്ളൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ബസ് കണ്ടക്ടറായി ജോലിചെയ്യുമ്പോഴും സംഗീതം കൈവിടാതിരിക്കുവാന്‍ അവിടെ ഒരു സംഗീതവിദ്യാലയത്തില്‍ ചേര്‍ന്നു. മാന്‍ഡൊലിന്‍, ഗിത്താര്‍, സിത്താര്‍, വയലിന്‍, ബുള്‍ബുള്‍ എന്നിവയിലൊക്കെ പ്രാവീണ്യം നേടി. 1967ല്‍ ബോംബെയില്‍ നിന്നും തിരിച്ചു നാട്ടിലെത്തി, ഒരു ബുക്സ് സ്റ്റാള്‍ തുടങ്ങി. സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായ, ഹാര്‍മോണിയം സ്വയം അഭ്യസിക്കാന്‍ സഹായകമായ 'ഹാര്‍മോണിയ അധ്യാപകന്‍' എന്ന സ്വന്തം രചനയടക്കം നിരവധി പുസ്തകങ്ങള്‍ അദ്ദേഹം പുറത്തിറക്കി. ആത്മകഥാംശമുള്ള 'നെല്ലിക്ക', എന്‍െറ ഗാനങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ടിനു പുറമേ നിരവധി ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതുകയും, സംഗീതം നല്‍കി ആലപിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യരാത്രി എന്ന നാടകത്തിനുവേണ്ടി സത്താര്‍ രചിച്ച് ഈണമിട്ട് പാടിയതാണ് 'കണ്ണിന്‍റെ കടമിഴിയാലേ....' എന്ന പ്രശസ്ത ഗാനം. ഓള്‍ ഇന്‍ഡ്യാ റേഡിയോയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. 1960-70കളില്‍ ആകാശവാണിയിലും ഗ്രാമഫോണ്‍ റെക്കോഡുകളിലും നിരവധി മാപ്പിളപാട്ടുകള്‍ ആലപിച്ചു. അക്കാലത്ത് ഗ്രാമഫോണ്‍ റെക്കോഡുകളിലും ഗാനമേള വേദികളിലും നിറഞ്ഞുനിന്നിരുന്ന ശബ്ദമായിരുന്നു കെ ജി സത്താറിന്‍റേത്. ബാബുരാജുള്‍പ്പെടെയുള്ളവരുടെ സംഗീതസംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ബാബുരാജ് ഈണമിട്ട് സത്താര്‍ രചിച്ചു പാടിയ, 'മക്കത്തു പോണോരെ ഞങ്ങളെ കൊണ്ടുപോണേ...' എന്ന ഗാനം ഇപ്പോഴും നിത്യഹരിതമായി നിലകൊള്ളുന്ന അദ്ദേഹത്തിന്‍റെ ഗാനങ്ങളിലൊന്നാണ്. ജനപ്രീതിയാര്‍ജ്ജിച്ച പ്രസിദ്ധങ്ങളായ അറുനൂറിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
സിങ്കപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഒട്ടേറെത്തവണ പരിപാടികളവതരിപ്പിച്ചിട്ടുണ്ട്. സംഗീതവും സംഗീതോപകരണങ്ങളും സൗജന്യമായി പഠിപ്പിച്ചുകൊടുക്കാനും ഇദ്ദേഹം മുന്‍പന്തിയിലായിരുന്നു. സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, അദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്‍ സിത്താറിസ്റ്റ് സുബ്രഹ്മണ്യന്‍, അസീസ് ബാവ തുടങ്ങിയ നിരവധി പ്രമുഖര്‍ സത്താറിന്‍റെ ശിഷ്യരാണ്.
2004ല്‍ സംഗീത നാടക അക്കാദമിയുടെ മാപ്പിളപ്പാട്ടിനുള്ള പുരസ്കാരം, കേരള മാപ്പിള കലാ അക്കാദമി പ്രശംസാപത്രം, മൊയീന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മറിയുമ്മുവാണ് ഭാര്യ. മക്കള്‍: സലീം, ജമീല, നൗഷാദ്, കമറുദ്ദീന്‍, നസീമ. 2015 ജൂലൈ 24 ന് 87 ാമത്തെ വയസ്സില്‍ മരണപ്പെട്ടു.