Skip to main content

നൈജര്‍

29

വിസ്തീര്‍ണം : 1,267,000 ച.കി.മി
ജനസംഖ്യ : 19,609,000 (2016)
അതിര്‍ത്തി : വടക്ക് അള്‍ജീരിയ, പടിഞ്ഞാറ് മാലി, ബുര്‍ക്കിനാഫാസോ, കിഴക്ക് ശാദ്, തെക്ക് നൈജീരിയ
തലസ്ഥാനം : നിയാമി
മതം : 80 % മുസ്‌ലിംകള്‍
ഭാഷ : ഫ്രഞ്ച്
കറന്‍സി : സി എഫ് എ ഫ്രാങ്ക്
വരുമാന മാര്‍ഗ്ഗം : യുറേനിയം, കല്‍ക്കരി, നിലക്കടല, ചോളം
പ്രതിശീര്‍ഷ വരുമാനം : 430 ഡോളര്‍

ചരിത്രം:
1890കളില്‍ മാലി കീഴടക്കിയാണ് ഫ്രഞ്ച് സാമ്രാജ്യം മുന്നേറി നൈജറിലെത്തിയത്. 1904ല്‍ നൈജറും അധീനത്തിലാക്കി. ഫ്രഞ്ച് നൈജര്‍ എന്നറിയപ്പെട്ടു. 1958ല്‍ ഫ്രാന്‍സിനു കീഴില്‍ സ്വയംഭരണം നേടുകയും അടുത്തവര്‍ഷം പുതിയ ഭരണഘടനയും അസംബ്ലിയുമുണ്ടാക്കുകയും ചെയ്തു. ഫെബ്രുവരി 25ന് ഹാമാനി ദിയുറി പ്രധാനമന്ത്രിയായി. 1960 ആഗസ്ത് മൂന്നിനാണ് പൂര്‍ണ സ്വാതന്ത്ര്യം നേടിയത്. ദിയൂറി തന്നെ പ്രസിഡന്റുമായി.

1973-74 കാലത്ത് കടുത്ത ക്ഷാമം ബാധിച്ചു. നൈജറില്‍ ആയിരക്കണക്കിന് കന്നുകാലികള്‍ ചത്തൊടുങ്ങുകയും രാജ്യത്ത് അസ്വസ്ഥത പടരുകയും ചെയ്തു. ഇതിനുപിന്നാലെ ഏകപാര്‍ട്ടി വ്യവസ്ഥക്കെതിരെ സമരം ആരംഭിക്കുകയും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുകയും ചെയ്തു. പട്ടാള അട്ടിമറിയിലൂടെകേണല്‍ സെയ്‌നി കുന്‍ഷേ അധികാരം പിടിച്ചു. ഇദ്ദേഹത്തിനു കീഴില്‍ അസ്വാതന്ത്ര്യം അനുഭവിച്ചെങ്കിലും രാജ്യം സാമ്പത്തികമായി അഭിവൃദ്ധി നേടി. 1989ല്‍ നടന്ന ഹിതപരിശോധനയെ തുടര്‍ന്ന് പുതിയ ഭരണഘടന നടപ്പില്‍ വന്നു. പിന്നീട് തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് 1990 ഒടുവില്‍ ബഹുകക്ഷി ജനാധിപത്യ സംവിധാനം സ്വീകരിക്കപ്പെട്ടു. 1991ല്‍ നടന്ന ദേശീയ പരമാധികാര സമ്മേളനം രാജ്യത്തെ സ്വാതന്ത്ര്യ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യവും ജനാധിപത്യവും അനുവദിക്കുന്ന പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടു. വീണ്ടും സൈനിക അട്ടിമറികള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. 2010ല്‍ വീണ്ടും ഭരണഘടന ഭേദഗതിയുണ്ടാവുകയും തുടര്‍ന്നു നടന്ന പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദു ഇസ്സൂഫുവാണ് നിലവില്‍(2018) നൈജര്‍ ഭരണാധികാരി.

ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ സഹായത്തോടെഇവിടെ വന്‍തോതില്‍ യുറേനിയം ഖനനം നടത്തുന്നുണ്ട്. നൈജര്‍ നദിയുടെ തീരങ്ങളില്‍ കൃഷിയും വിളയുന്നു.

ഔദ്യോഗിക ഭാഷ ഫ്രഞ്ച് ആണെങ്കിലും അറബിക്, ബുദൂമ തുടങ്ങി ഒട്ടേറെ ഭാഷകള്‍ പ്രാദേശികമായി ഉപയോഗത്തിലുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ട ഇവിടെ ജനസംഖ്യയുടെ 80 ശതമാനവും മുസ്‌ലിംകളാണ്. 20 ശതമാനത്തോളം ക്രൈസ്തവരും. മുസ്‌ലിംകളില്‍ ശീഈ, അഹ്മദിയ്യ വിഭാഗങ്ങളുമുണ്ട്, ഇവര്‍ വളരെ ന്യൂനപക്ഷമാണ്.
 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446