വിസ്തീര്‍ണം : 1,910,931 ചതുരശ്ര കി.മി
ജനസംഖ്യ : 263,323,000 (2017)
അതിരുകള്‍ : ഇന്ത്യന്‍, പസിഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്നു
തലസ്ഥാനം : ജക്കാര്‍ത്ത
മതം: 88 ശതമാനം മുസ്ലിംകള്‍
ഭാഷ : ഇന്തോനീസ്യന്‍
കറന്‍സി : ഇന്തൊനീസ്യന്‍ റുപിയ (ഐഡിആര്‍)
വരുമാന മാര്‍ഗം : കൃഷി, പ്രകൃതിവിഭവങ്ങള്‍
പ്രതിശീര്‍ഷ വരുമാനം : 4116 ഡോളര്‍ (2016)
ചരിത്രം:
ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്ത് ഏറ്റവും കുടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. 2017ലെ കണക്കു പ്രകാരം 227 ദശലക്ഷം മുസ്‌ലിംകളാണുള്ളത്. ജനസംഖ്യയുടെ 88 ശതമാനം. അറബി വ്യാപാരികളാണ്, പതിനൊന്നാം നൂറ്റാണ്ടില്‍ ഇവിടെ ഇസ്‌ലാം എത്തിച്ചത്. ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ നിന്നുള്ള അറബികളും ഇങ്ങോട്ട് ഒഴുകിയതോടെ ഇസ്‌ലാംവത്കരണം ത്വരിത ഗതിയിലായി. ആദ്യ കാലത്ത് ഹിന്ദു, ബുദ്ധ രാജവംശങ്ങള്‍ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. ശാഫിഈ ചിന്താധാരയെ അനുഗമിക്കുന്ന സുന്നി വിശ്വാസികളാണ് മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും (99ശതമാനം). ക്രിസ്ത്യാനികള്‍ പത്തു ശതമാനത്തോളം വരും. മത സ്വാതന്ത്യമുള്ള രാജ്യത്ത് ഭരണഘടനാപരമായി ആറു മതങ്ങള്‍ക്കാണ് അംഗീകാരമുള്ളത്.
ചെറുതും വലുതുമായ 13,675 ദ്വീപുകളുടെ കുട്ടമാണ് ഇന്ത്യോനേഷ്യ. പേരിന്റെ അര്‍ഥം തന്നെ ഇന്ത്യന്‍ ദ്വീപുകള്‍ എന്നാണ്. സുമാത്ര, ജാവ, ബോര്‍ണിയോ, സെലിബസ് എന്നിവയാണ് പ്രധാന ദ്വീപുകള്‍. വിവിധ ഭാഷകളും സംസ്‌കാരവും വിഭാഗങ്ങളും കൊണ്ട് സമ്പന്നമായ ഇന്തോനേഷ്യന്‍ ദ്വീപുകള്‍ അഗ്നിപര്‍വതങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള സവിശേഷമായ ഭൂപ്രദേശം കൂടിയാണ്.
1511ല്‍ പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും രണ്ടാം ലോക യുദ്ധാനന്തരം ജപ്പാനും ഇന്തോനേഷ്യയെ അധീനപ്പെടുത്തി. എന്നാല്‍ അഹ്മദ് സുകാര്‍ണോയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം 1950ല്‍ വിജയം കാണുകയും രാജ്യം റിപ്പബ്ലിക്കാവുകയും ചെയ്തു. സുകാര്‍ണോ പ്രഥമ പ്രസിഡന്റുമായി. പിന്നീട് നടന്ന പട്ടാള അട്ടിമറിയില്‍ ജനറല്‍ സുഹാര്‍ത്തോ ഭരണം പിടിക്കുകയും തുടര്‍ച്ചയായി ആറുതവണ പ്രസിഡന്റാവുകയും ചെയ്തു. 1998ല്‍ ജനകീയ ലഹളയെത്തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു. 1999ല്‍ അബ്ദുറഹ്മാന്‍ വാഹിദ് പ്രസിഡന്റും മെഗാവതി സുകാര്‍ണോ പുത്രി വൈസ് പ്രസിഡന്റുമായി. 2001 മുതല്‍ 2004 വരെ ഇവരായിരുന്നു ഭരണത്തിനു നേതൃത്വം നല്‍കിയത്. ഇന്തോനേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്റാണ് മെഗാവതി.
2014 ഒക്ടോബര്‍ 20 മുതല്‍ ജോക്കോ വിദോദോയാണ് ഇന്തോനേഷ്യന്‍ പ്രസിഡന്‍റ്. പെട്രോളിയം, പ്രകൃതി വാതകം, ചെമ്പ്, സ്വര്‍ണം എന്നിവയാല്‍ സമൃദ്ധമാണ് നാട്. വൈദ്യുത ഉപകരണങ്ങള്‍, പ്ലൈവുഡ്, റബര്‍, വസ്ത്രം, പാമോയില്‍ എന്നിവയും വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നു.