Skip to main content

താന്‍സാനിയ

27

വിസ്തീര്‍ണം : 947,303 ച.കി.മി
ജനസംഖ്യ : 55,572,000 (2016)
അതിരുകള്‍ : വടക്ക് കെനിയ, ഉഗാണ്ട, പടിഞ്ഞാറ് റുവാണ്ട, ബുറൂണ്ടി, കോംഗോ, സാംബിയ, തെക്ക് മൊസാംബിക്, കിഴക്ക് ഇന്ത്യാസമുദ്രം
തലസ്ഥാനം : ദൊദോമ
മതം : ഇല്ല (മുസ്‌ലിംകള്‍ 35%)
ഭാഷ : സ്വാഹിലി, ഇംഗ്ലിഷ്
കറന്‍സി : താന്‍സാനിയന്‍ ഷില്ലിങ്ങ്
വരുമാന മാര്‍ഗം : കല്‍ക്കരി, വൈരക്കല്ല്, പരുത്തി, കാപ്പി,കശുവണ്ടി.
പ്രതിശീര്‍ഷ വരുമാനം : 1100 ഡോളര്‍

ചരിത്രം:
താങ്കനിക, സന്‍ജിബാര്‍ എന്നിവ ലയിച്ചുണ്ടായ രാജ്യമാണ് താന്‍സാനിയ റിപ്പബ്ലിക്ക്. ഇന്ത്യയിലേക്കു വന്നിരുന്ന അറബ്-യുറോപ്യന്‍ വ്യാപാരികളുടെഇടത്താവളമായിരുന്നു താന്‍സാനിയ. ഏഴാം നൂറ്റാണ്ടില്‍ തന്നെ സന്‍ജിബാറില്‍ മുസ്‌ലിംകള്‍ എത്തിയിട്ടുണ്ട്.

അമവികള്‍ ഖവാരിജ്, ശിആ കക്ഷികള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശമായ സന്‍ജിബാറിലേക്ക് എത്തിയിരുന്നു. അബ്ബാസി ഭരണത്തില്‍ പീഡനം ഭയന്ന് അമവികളും ഇവിടം കേന്ദ്രമക്കിയതായി നിഗമനമുണ്ട്. ഇതിനെല്ലാം മുമ്പ് അടിമ വ്യാപാരത്തിനായി അറബികള്‍ ഇവിടെവന്നിരുന്നുവത്രെ.

പത്തൊമ്പതാം ശതകത്തില്‍ ഒമാന്‍ സുല്‍ത്താന്മാരായിരുന്നു സന്‍ജിബാര്‍ ഭരിച്ചിരുന്നത്. എന്നാല്‍ 1890ല്‍ സന്‍ജിബാര്‍ ബ്രിട്ടനും താങ്കനിക ജര്‍മനിയും കോളനികളാക്കി. ഒന്നാം ലോക യുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മനിയുടെ കോളനികള്‍ പങ്കുവെച്ചപ്പോള്‍ താങ്കനികയും ബ്രിട്ടനു തന്നെ ലഭിച്ചു.

1962 ഡിസംബര്‍ 9ന് താങ്കനിക റിപ്പബ്ലിക്കായി. 1963ല്‍ സന്‍ജിബാറും മോചനം നേടി. 1964 ഒക്‌ടോബര്‍ 24ന് താങ്കനികയും സന്‍ജിബാറും ചേര്‍ന്ന് താന്‍സാനിയ റിപ്പബ്ലിക്ക് നിലവില്‍ വരികയും ചെയ്തു. ദാറുസ്സലാം (ഡാര്‍ എസ് സലാം) ആയിരുന്നു ആദ്യ തലസ്ഥാനം. പിന്നിട് ദൊദോമയിലേക്ക് മാറ്റി. സാമിഅ ഹസ്സൻ സുലുഹു പ്രസിഡന്റും ഖാസിം മജാലിവ പ്രധാനമന്ത്രിയുമാണിപ്പോള്‍ (2016). പ്രസിഡന്‍ഷ്യല്‍ ഭരണരീതി തുടരുന്ന രാജ്യത്തെ പ്രമുഖ കക്ഷി ഭരണകക്ഷിയായ ചമാ ച മപിന്‍ഡുസി പാര്‍ട്ടിയാണ്.

ജനസംഖ്യയില്‍ 35% മുസ്‌ലിംകളും, അത്ര തന്നെ ക്രൈസ്തവരും 30% പരമ്പരാഗത വിശ്വാസികളുമാണ്. സന്‍ജിബാറില്‍ നൂറുശതമാനത്തോളം മുസ്‌ലിംകളായിരുന്നു. മുസ്‌ലിംകളില്‍ ഭൂരിഭാഗം സുന്നികളാണെങ്കിലും ശീആക്കളും അഹ്മദികളും ഏതെങ്കിലും ചിന്താധാരയോട് ഒട്ടിനില്‍ക്കാത്തവരുമുണ്ട്.
 

Feedback