വിസ്തീര്‍ണം : 290 ച.കി.മി
ജനസംഖ്യ : 408,000 (2017)
അതിര്‍ത്തി : ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്നു
തലസ്ഥാനം : മാലെ
മതം : ഇസ്‌ലാം
ഭാഷ : ദിവേഹി
കറന്‍സി : റൂഫിയ
വരുമാന മാര്‍ഗം : നാളികോരം, മത്സ്യം, ടൂറിസം
പ്രതിശീര്‍ഷ വരുമാനം : 13,196 ഡോളര്‍
ചരിത്രം:
ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യാ മഹാ സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുസമൂഹമാണ് മാലിദ്വീപ് എന്നറിയപ്പെടുന്ന മാല്‍ഡീവ്‌സ്. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള തമിഴരും സിംഹളരുമാണ് ഇവിടത്തെ ആദിമ കുടിയേറ്റക്കാരെന്ന് കരുതുന്നു. ബുദ്ധമതാനുയായികളേറെയുണ്ടായിരുന്ന ഇവിടെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ അറബി വ്യാപാരികളുടെ വരവോടെയാണ് ഇസ്‌ലാം വ്യാപിക്കുന്നത്. ബുദ്ധ രാജാവ് ദൊവേമി കലമിഞ്ച ഇസ്ലാം മതം ആശ്ലേഷിക്കുകയും സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
16ാം നൂറ്റാണ്ടില്‍ പറങ്കികളും പതിനേഴില്‍ ഡച്ചുകാരും 18ല്‍ ബ്രിട്ടീഷുകാരും കീഴടക്കി. നാട്ടുരാജ്യ പദവിയില്‍ സുല്‍ത്താനായിരുന്നു രാജ്യം ഭരിച്ചിരുന്നത്.
1965ല്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചു. 1968 നവംബര്‍ 11ന് റിപ്പബ്ലിക്കുമായി. അമീര്‍ ഇബ്‌റാഹീം നാസിര്‍ പ്രസിഡന്റ് പദവിയിലെത്തി. രാഷ്ട്രീയ അസ്ഥിരതയും സൈനിക ഇടപെടലും ഉണ്ടായിട്ടുള്ള മാല്‍ഡീവ്സിന്‍റെ ഇപ്പോഴത്തെ(2020) പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് ആണ്. 85 അംഗങ്ങളുള്ള പീപ്പ്ള്‍സ് മജ്‌ലിസ് ആണ് നിയമനിര്‍മാണ സഭ.
രണ്ടായിരം ദ്വീപുകളാണ് സമൂഹത്തിലുള്ളത്. എന്നാല്‍ 220ല്‍ മാത്രമേ ജനവാസമുള്ളു. ജനസംഖ്യയില്‍ മുഴുവനും മുസ്‌ലിംകളാണ്. 14ാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ ലോകസഞ്ചാരി ഇബ്‌നു ബത്തുത്ത ഇക്കാര്യം പറയുന്നുണ്ട്. ഇസ്‌ലാമിന്റെ പ്രാരംഭത്തില്‍ തന്നെ ഇവിടെ പ്രബോധകരെത്തിയിരുന്നു.
സാര്‍ക്ക് രാജ്യങ്ങളില്‍ പ്രതിശീര്‍ഷ വരുമാനം കൂടിയ മാലി ദ്വീപുകാര്‍ സാക്ഷരതയിലും മുന്നിലാണ്. 93 ശതമാനമാണ് സാക്ഷരത. മത്സ്യകയറ്റുമതിയും ടൂറിസവുമാണ് പ്രധാന വരുമാനം.