Skip to main content

ബഹ്‌റൈന്‍

33

വിസ്തീര്‍ണം :765 ച.കി.മി
ജനസംഖ്യ : 14,82,000 (2017)
അതിര്‍ത്തി : അറേബ്യന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്നു. ദ്വീപ് സമൂഹം
തലസ്ഥാനം : മനാമ
മതം : ഇസ്‌ലാം
ഭാഷ : അറബി, ഇംഗ്ലീഷ്
കറന്‍സി : ബഹ്‌റൈന്‍ ദിനാര്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതിവാതകം
പ്രതിശീര്‍ഷ വരുമാനം : 25,494 ഡോളര്‍ (2017)

ചരിത്രം:
ഖത്തറിനും സുഊദി അറേബ്യക്കുമിടയില്‍ അറേബ്യന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന 33 ദ്വീപുകളടങ്ങുന്നതാണ് കിംഗ്ഡം ഓഫ് ബഹ്‌റൈന്‍. 18, 19 നൂറ്റാണ്ടുകളില്‍ ഇറാന്റെ ഭാഗായിരുന്ന ഈ ദ്വീപുസമൂഹം പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തിലായി. ബ്രിട്ടന്‍ സൈന്യത്തെ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1971 ആഗസ്ത് 15ന് ബഹ്‌റൈന്‍ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. സ്വാതന്ത്ര്യം നേടുമ്പോള്‍ ശൈഖ് ഈസബ്‌നു സുലൈമാന്‍ ആയിരുന്നു ഭരണാധികാരി. നിലവില്‍ (2018) ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവാണ് ബഹ്‌റൈന്‍ ഭരിക്കുന്നത്.

1981ല്‍ ശീഈകളുടെ നേതൃത്വത്തില്‍ വിഫലമായ അട്ടിമറി ശ്രമം നടന്നിരുന്നു. അറബ് വസന്തത്തിനു പിന്നാലെ 2011ല്‍ ശീഈകളുടെ നേതൃത്വത്തില്‍ വിപുലമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഇതേത്തുടര്‍ന്ന് മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സുഊദി അറേബ്യയുടെ സൈനിക പിന്തുണയോടെ പ്രക്ഷോഭം ഒതുക്കുകയുമായിരുന്നു.

മുത്തുവാരലും മത്സ്യബന്ധനവുമായിരുന്നു ഇതര ദ്വീപ് സമൂഹങ്ങളെ പോലെ ബഹ്‌റൈനിലെയും ആദ്യകാല വരുമാന സ്രോതസ്സ്. 1932ല്‍ കണ്ടെത്തിയ പെട്രോളിയമാണ് ഇപ്പോഴത്തെ പ്രധാന വരുമാന സ്രോതസ്സ്. ലോകോത്തര എണ്ണ ശുദ്ധീകരണശാലയും ഇവിടെയുണ്ട്. രാജ്യത്തിന്റെ വിസ്തൃതിയും ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍ ആനുപാതികമായി ഏറ്റവും കൂടുതല്‍ എണ്ണ ഖനനം നടക്കുന്നത് ഇവിടെയാവും.

വിനോദ സഞ്ചാര കേന്ദ്രം കുടിയാണ് ബഹ്‌റൈന്‍. സുഊദി അറേബ്യയുമായി ബഹ്‌റൈനെ കൂട്ടിയോജിപ്പിക്കുന്ന 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍പ്പാലം (കിങ് ഫഹദ് കോസ്‌വേ) എന്‍ജിനീയറിങ് മികവിന്റെ പ്രതീകമാണ്. ഇതിനടിയിലൂടെ വലിയ എണ്ണക്കപ്പലുകള്‍ക്കുപോലും കടന്നുപോകാം.

സുന്നികളും ശീഈകളും ഇവിടെ താമസിക്കുന്നു. അറബികളില്‍ ഭുരിപക്ഷവും സുന്നിവിഭാഗമാണ്. നഗരങ്ങളില്‍ സുന്നികളും ഗ്രാമങ്ങളില്‍ ശീഈകളുമാണ് കൂടുതല്‍. ജനസംഖ്യയില്‍ 80 ശതമാനത്തോളം മുസ്‌ലിംകളാണ്. മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഈ കൊച്ചു രാജ്യത്ത് പ്രവാസികളായെത്തി ഉപജീവനം തേടുന്നുണ്ട്. ഔദ്യോഗിക ഭാഷ അറബിയാണെങ്കിലും വ്യാപകമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് രണ്ടാം ഭാഷയായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446