Skip to main content

തുനീസ്യ

24

വിസ്തീര്‍ണം : 163,610 ച.കി.മി
ജനസംഖ്യ : 11,301,000 (2016)
അതിര്‍ത്തി :വടക്കുകിഴക്ക് മധ്യധരണ്യാഴി, പടിഞ്ഞാറ് അല്‍ജീരിയ, തെക്ക് ലിബിയ
തലസ്ഥാനം : തുനീസ്
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : തുനീസ്യന്‍ ദീനാര്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, ഫോസ്‌ഫേറ്റ്, ഇരുമ്പയിര്, കൃഷി
പ്രതിശീര്‍ഷ വരുമാനം : 11,987 ഡോളര്‍

ചരിത്രം:
ഖലീഫമാരുടെ കാലത്തു തന്നെ തുനീസ്യയില്‍ ഇസ്‌ലാമെത്തിയിട്ടുണ്ട്. 16ാം നൂറ്റാണ്ടില്‍ ഉഥ്മാനി ഖിലാഫത്തിനു കീഴിലായി, 19ാം നൂറ്റാണ്ടില്‍ റിപ്പബ്ലിക്കായി മാറിയ തുനീസ്യ കടത്തില്‍ മുങ്ങുകയും ഇതിനെ മറികടക്കാന്‍ നികുതി വന്‍തോതില്‍ കൂട്ടുകയും ചെയ്തു. ഈ അസ്വസ്ഥ സാഹചര്യം മുതലെടുത്ത് തുനീഷ്യയെ ഫ്രഞ്ച് ഭരണകൂടം നിയന്ത്രിച്ചു.

1919ല്‍ നിലവില്‍വന്ന ദസ്ത്തുര്‍ പാര്‍ട്ടി തുനീസ്യയിലെ ഫ്രഞ്ച് ആധിപത്യത്തിനെതിരെ സ്വാതന്ത്ര്യസമരം നയിച്ചു. വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ 1956 മാര്‍ച്ച് 20ന് തുനീസ്യ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടുകയും ദസ്ത്തുര്‍ പാര്‍ട്ടിയുടെ നേതാവായിരുന്ന ഹബീബ് ബോർഗീബ  പ്രധാനമന്ത്രിയാവുകയും ചെയ്തു.

1957ല്‍റിപ്പബ്ലിക്കായ തുനീസ്യയില്‍ ബോർഗീബ നടപ്പിലാക്കിയ വ്യക്തിനിയമത്തില്‍ ഇസ്‌ലാമിനു സ്ഥാനമുണ്ടായിരുന്നില്ല. മാത്രമല്ല അദ്ദേഹം 'പശ്ചാത്യ സെക്യൂലറിസ'ത്തിന്റെ വക്താവുമായിരുന്നു. ഏകപാര്‍ട്ടി ഭരണം നിലനിന്ന ഇവിടെ ആജീവനാന്ത പ്രസിഡന്റായ ബോർഗീബക്കെതിരെ കലാപമുണ്ടാവുകയും 1987ല്‍ അദ്ദേഹം രാജിവെക്കുകയും ചെയ്തു. തുടര്‍ന്ന് അധികാരമേറ്റ സൈനുല്‍ ആബിദിന്‍ ബിന്‍ അലി 23 വര്‍ഷം രാജ്യം ഭരിച്ചു. ഏകാധിപത്യ ഭരണത്തിനെതിരെ 2011 ജനുവരിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു. രൂക്ഷമായ തൊഴിലില്ലായ്മ, ഭക്ഷ്യവിലക്കയറ്റം, അഴിമതി, അസ്വാതന്ത്ര്യം തുടങ്ങിയയാണ് ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ രാജിക്കു കാരണമായ ബഹുജന പ്രക്ഷോഭം അറബ് വസന്തം (മുല്ലപ്പൂ വിപ്ലവം) എന്നറിയപ്പെട്ടു. അദ്ദേഹത്തിന്റെ ആര്‍ സി ഡി പാര്‍ട്ടിയെ കോടതി നിരോധിക്കുകയും ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തു. മുഹമ്മദ് ഗനൂഷിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട താല്‍ക്കാലിക സര്‍ക്കാര്‍ 2011 ഒക്ടോബര്‍ 23ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടത്തുകയും ചെയ്തു. നീതിപൂര്‍വകമെന്ന് യു എന്‍ നിരീക്ഷകര്‍ വിലയിരുത്തിയ തെരഞ്ഞെടുപ്പില്‍ ബിന്‍ അലി നിരോധിച്ച അന്നഹ്ദ മൂവ്‌മെന്റ് 90 സീറ്റുകളോടെ മികച്ച വിജയം നേടി. ബഹുകക്ഷി പിന്തുണയോടെ മുന്‍സിഫ് മര്‍സൂകി പ്രസിഡന്റായി. മുഹമ്മദ് ബാജി ഖാഇദ് അസ്സിബ്‌സിയാണ് 2014 മുതല്‍ തുനീസ്യന്‍ പ്രസിഡന്റ് (2018). 41കാരനായ പ്രധാനമന്ത്രി യൂസുഫ് ഷാഹിദാണ് 2016 മുതല്‍ സര്‍ക്കാരിനു നേതൃത്വം നല്‍കുന്നത് (2018). 2012ല്‍ രൂപീകരിക്കപ്പെട്ട നിദാ തുനീസ് (തുനീസ്യയുടെ വിളി) എന്ന സെക്യുലര്‍ പാര്‍ട്ടിയുടെ നേതാക്കളാണ് ഇരുവരും.

പെട്രോളിനു പുറമെ ഫോസ്‌ഫേറ്റ്, ഈയം, ഇരുമ്പയിര് എന്നിവയും ഖനനം നടത്തുന്നുണ്ട്. ബാര്‍ലി, ഗോതമ്പ്, ഒലീവ്, മുന്തിരി എന്നിവയുടെ കൃഷിയും നടക്കുന്നു.വിനോദ സഞ്ചാരവും വരുമാന മാര്‍ഗമാണ്.

വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാണ്. ഖുര്‍ആനിക് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. ജനസംഖ്യയുടെ 99 ശതമാനവുംമുസ്‌ലിംകളാണ്. ഇവരില്‍ അറബ് വംശജരും ബര്‍ബരികളുമുണ്ട്.
 

Feedback