വിസ്തീര്‍ണം : 117,600 ച.കി.മി
ജനസംഖ്യ : 4,954,645 (2016)
അതിര്‍ത്തി : സുഡാന്‍, എത്യോപ്യ, ജിബൂത്തി, ചെങ്കടല്‍ എന്നിവയ്ക്കു നടുവില്‍
തലസ്ഥാനം : അസ്മാറ
മതം : ഇസ്‌ലാം, ക്രിസ്തുമതം
ഭാഷ : ടിഗ്‌രിനിയ, അറബിക്, ഇംഗ്ലീഷ് (കൂടുതല്‍ പേര്‍ ടിഗ്‌രിനിയ സംസാരിക്കുന്നു).
കറന്‍സി : നക്ഫ
വരുമാന സ്രോതസ്സ് : കൃഷി
പ്രതിശീര്‍ഷ വരുമാനം : 988 ഡോളര്‍ (2017)
ചരിത്രം:
ഇറ്റലിയുടെ കോളനിയായിരുന്ന എരിത്രിയയുടെ നിയന്ത്രണം രണ്ടാം ലോക യുദ്ധാനന്തരം (ഇറ്റലിയുടെ പരാജയത്തെ തുടര്‍ന്ന്) 1952 വരെ ബ്രിട്ടീഷ് സൈനിക സമിതിയുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് എരിത്രിയയുടെ ഭരണാധികാരം എത്യോപ്യക്ക് കൈമാറി. എന്നാല്‍ ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയര്‍ന്നു. 1993ല്‍ യു എന്‍ മേല്‍നോട്ടത്തില്‍ നടത്തിയ ജനഹിത പരിശോധനയെ തുടര്‍ന്ന് എരിത്രിയ സ്വതന്ത്ര രാജ്യമായി. അതിര്‍ത്തി തര്‍ക്കം ഇപ്പോഴും എത്യോപ്യയുമായി യൂദ്ധത്തിനിടയാക്കുന്നു. വ്യവസായങ്ങളോ കാര്യമായ വരുമാനമോ ഇല്ലാത്ത എരിത്രിയ ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നാണ്. കാര്‍ഷിക വൃത്തിയാണ് മുഖ്യ വരുമാന മാര്‍ഗം. എന്നാല്‍ സ്വര്‍ണ ഖനനവും സിമന്റ് ഉല്പാദനവും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ (ജി ഡി പി) സമീപ കാലത്ത് വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.
രാജ്യം സ്വതന്ത്രമായതിനെ തുടര്‍ന്ന് സ്വാതന്ത്ര്യ പോരാട്ടത്തിനു നേതൃത്വം നല്‍കിയ എരിത്രിയന്‍ പീപ്പ്ള്‍സ് ലിബേറേഷന്‍ ഫ്രണ്ട് നേതാവ് ഇസജാസ് അഫേര്‍ക്കി 1993ല്‍ പ്രസിഡന്റു പദത്തിലെത്തി.
ഏക കക്ഷി (പീപ്പ്ള്‍സ് ഫ്രണ്ട് ഫോര്‍ ഡമോക്രസി ആന്റ് ജസ്റ്റിസ് - പി എഫ് ഡി ജെ) ഭരണം തുടരുന്ന എരിത്രിയ, ഗവണ്‍മെന്റിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തന വിലക്കിനും കുപ്രസിദ്ധമാണ്. നിരവധി ഭാഷകള്‍ സംസാരിക്കുന്ന രാജ്യത്ത് ഔദ്യോഗിക ഭാഷയില്ല. ടിഗ്‌രിനിയ, അറബിക്, ഇംഗ്ലീഷ് എന്നിവയാണ് ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. യു എസ് വിദേശകാര്യ വകുപ്പിന്റെ (2011) കണക്കു പ്രകാരം 50 ശതമാനം ക്രിസ്ത്യാനികളും 48 ശതമാനം മുസ്‌ലിംകളുമാണ് രാജ്യത്തുള്ളത്.