Skip to main content

ബുര്‍ക്കിനാ ഫാസോ

36

വിസ്തീര്‍ണം : 270,764 ച.കി.മി
ജനസംഖ്യ : 20,107,500 (2017)
അതിരുകള്‍ : വടക്ക് മാലി, കിഴക്ക് നൈജര്‍, തെക്ക് ഗാനയുംടോഗോയും, പടിഞ്ഞാറ് ഐവറികോസ്റ്റ്.
തലസ്ഥാനം : വാഗാഡുഗു
മതം : ഇല്ല
ഭാഷ : ഫ്രഞ്ച്
നാണയം : സി എഫ് എ ഫ്രാങ്ക്
വരുമാന മാര്‍ഗം : ധാതുക്കള്‍, മാര്‍ബ്ള്‍, സ്വര്‍ണം, പരുത്തി, എള്ള്
പ്രതിശീര്‍ഷ വരുമാനം : 729 ഡോളര്‍ (2017)

ചരിത്രം:
പഴയ പേര് അപ്പര്‍ വോള്‍ട്ടയെന്നാണ്. ഫ്രഞ്ച് കോളനിയായിരുന്നു. 1960ല്‍ സ്വാതന്ത്ര്യംനേടി. 1984 ലാണ് 'അഴിമതിയില്ലാത്തവരുടെ നാട്' എന്നര്‍ഥം വരുന്ന ബുര്‍ക്കിനാ ഫാസോ എന്ന നാമം സ്വീകരിച്ചത്. ഭരണപരമായ അസ്ഥിരത, പട്ടാള ഭരണം, അഴിമതി എന്നിവ സമ്പന്നമായ ഈ രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയായിരുന്നു. 27 വര്‍ഷം തുടര്‍ച്ചയായി നാടു ഭരിച്ച പ്രസിഡന്റ് ബ്ലെയ്‌സ് കംപാരോ, 2014 ഒക്‌ടോബറില്‍ തന്റെ കാലാവധി വീണ്ടും നീട്ടാന്‍ ഭരണഘടനാ ഭേദഗതിക്ക് ശ്രമിച്ചു. എന്നാല്‍ ജനങ്ങള്‍ പാര്‍ലമെന്റ് ഉപരോധിച്ച് പ്രസ്തുത നീക്കം തടഞ്ഞതിനെത്തുടര്‍ന്ന് രാജിവെക്കുകയാണുണ്ടായത്.

സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ബുര്‍ക്കിനാഫാസോ ജനസംഖ്യയില്‍ 60.5 ശതമാനം മുസ്‌ലിംകളാണ്. ഇവരില്‍ ഭൂരിഭാഗവും സുന്നികളും കുറഞ്ഞ ശതമാനം ശീഇകളുമാണ്. 23 ശതമാനം ക്രൈസ്തവരും 16 ശതമാനത്തിലധികം ഇതര വിഭാഗക്കാരുമുണ്ട്. ഭൂരിപക്ഷം മുസ്‌ലിംകളാണെങ്കിലും ഭരണരംഗത്ത് അവര്‍ക്ക് പ്രാതിനിധ്യം നന്നേ കുറവാണ്.

മധ്യാഫ്രിക്കയില്‍ നിന്നും ക്രിസ്തുവര്‍ഷം പതിനൊന്നാം ശതകത്തില്‍ കച്ചവടക്കാരായി വന്ന മുസ്‌ലിംകള്‍, ബുര്‍ക്കിനാ ഫാസോയില്‍ സ്ഥിരതാമസമാക്കുകയും വിവാഹം കഴിച്ച് കുടുംബമായി താമസിക്കുകയും ചെയ്തിരുന്നു. ഇവര്‍ വഴിയാണ് ഇവിടത്തുകാര്‍ ഇസ്‌ലാം പഠിച്ചതും ഇവിടം ഇസ്‌ലാം വ്യാപിച്ചതുമെന്ന് ചരിത്രരേഖകളില്‍ കാണുന്നു.
റോഷ് മാര്‍ക് ക്രിസ്ത്യന്‍ കബോര്‍ ആണ് നിലവില്‍ (2018) പ്രസിഡന്റ്.
 

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446