Skip to main content

സി എ മൗലവി

കേരള ജംഇയ്യത്തുല്‍ ഉലമാ (2315) ചാലിലകത്ത് കുടുംബത്തിലൂടെ സമുദായത്തിന് ലഭിച്ച നവോത്ഥാനനായകരില്‍ അവസാന കണ്ണിയാണ് ഖുസയ്യ് ഹാജിയുടെ മകന്‍ ചാലിലകത്ത് അബ്ദുല്ല മൗലവിയുടെ സീമന്തപുത്രനായിരുന്ന സി എ മുഹമ്മദ് മൗലവി.

ചാലിലകത്ത് അബ്ദുല്ല മൗലവിയുടെ മകനായി 1897 ല്‍ തിരൂരങ്ങാടിയിലാണ് സി എ മൗലവി ജനിച്ചത്. വാഴക്കാട് ഖാദ്വിയായിരുന്ന സൈനുദ്ദീന്‍ മുസ്‌ലിയാരുടെ മകളും മുസ്‌ലിം നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്ന എം അബ്ദുല്ലക്കുട്ടി മൗലവിയുടെ സഹോദരിയുമായിരുന്ന ബിയ്യാമയാണ് മാതാവ്. തിരൂരങ്ങാടിയില്‍ തന്നെയായിരുന്നു പ്രാഥമികപഠനം. കാട്ടിപ്പരുത്തി മൊയ്തീന്‍ മുസ്‌ലിയാരില്‍ നിന്നാണ് പ്രധാനമായും പഠനം നടത്തിയിരുന്നത്. തുടര്‍ന്ന് സ്വന്തം പിതാവ് മുദര്‍സായിരുന്ന ചേറുര്‍ ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്നു. 1910ല്‍ വാഴക്കാട് ദാറുല്‍ ഉലൂമിലേക്ക് മാറി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യത്വത്തില്‍ അവിടെ രണ്ടു വര്‍ഷം തുടര്‍ന്നു.

തുടര്‍ന്ന് പിതാവ് അബ്ദുല്ല മൗലവിയുടെയും കുഞ്ഞഹമ്മദ് ഹാജിടെയും നിര്‍ദേശാനുസരണം പാനൂരില്‍ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യനായി സി എ പഠനം പുനരാരംഭിച്ചു. പാനൂരില്‍ നിന്നും വീണ്ടും ചാലിലകത്തിന്റെ ശിഷ്യത്വത്തിലേക്ക് മൗലവി മാറി. അന്ന് മണ്ണാര്‍ക്കാട്ടായിരുന്നു ചാലിലകത്തിന്റെപാഠശാല. അക്കാലത്ത് മണ്ണാര്‍ക്കാട്ട് മദ്‌റസാധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു.

ചാലിലകത്ത് മരണപ്പെട്ടതോടെ സി എ പാലക്കാട് ജന്നത്തുല്‍ ഉലൂം മദ്‌റസയില്‍ അധ്യാപകനായി. പാലക്കാട്ട് മുജാഹിദ് പ്രസ്ഥാനത്തിന്റെ തുടക്കം തന്നെ സി എയിലൂടെയായിരുന്നു. കൊടുങ്ങല്ലൂരിലേക്ക് പിന്നീട് മൗലവി തന്റെ പ്രവര്‍ത്തന മേഖല മാറ്റി. അവിടെ ഏറിയാട്ട് മദ്‌റസത്തുല്‍ ഇത്തിഹാദിയ്യയില്‍ കൂറെ കാലംസേവനമനുഷ്ഠിച്ചു. വടകര മാനാറുല്‍ ഉലും മദ്‌റസ, കാസര്‍ഗോഡ് കുമ്പള മദ്‌റസത്തുല്‍ അസ്വരിയ്യ എന്നിവിടങ്ങളിലും മൗലവി അധ്യാപനം നടത്തി, അതിനിടെ മദ്രാസ് യുനിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമ പ്രൈവറ്റായി എഴുതി വിജയിച്ചു.

പെരിന്തല്‍മണ്ണ ഹൈസ്‌കൂളില്‍ അറബിക് മുന്‍ഷിയായി നിയമിതനായി. അവിടെ നിന്നും കതിരുരിലേക്കും തിരൂരിലേക്കും ചാവക്കാട്ടേക്കും മാറി. 1952ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചെങ്കിലും അദ്ദേഹം ചാവക്കാട്ട് തന്നെ തുടര്‍ന്നു. അവിടെ മുതുവട്ടൂര്‍ജുമുഅത്ത് പള്ളിയില്‍ മുദര്‍രിസായിരുന്നു. 1955ല്‍ തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂള്‍ ആരംഭിച്ചപ്പോള്‍ അവിടത്തെ അറബിക് അധ്യാപകനായി. അവിടെ നിന്നു വിരമിച്ചതിനു ശേഷം നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രധാനാധ്യാപകനായി. തിരൂരങ്ങാടിയില്‍ കെ എം മൗലവി മെമ്മോറിയല്‍ അറബിക് കോളജ് സ്ഥാപിച്ചപ്പോള്‍ അവിടെയും അധ്യാപനം നടത്തിയിരുന്നു.

കര്‍മശാസ്ത്ര മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങളും ഗവേഷണങ്ങളും കാര്യമായി കേന്ദ്രീകരിച്ചിരുന്നത്. അല്‍മുര്‍ശിദ്, അല്‍ഇത്തിഹാദ്, അല്‍മനാര്‍, മുസല്‍മാന്‍, ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളിലാണ് പ്രധാനമായും മൗലവി ലേഖനങ്ങളെഴുതി യിരുന്നത്. മങ്കൂസ് മൗലിദിനെക്കുറിച്ച വിവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ആദ്യകൃതി. ഫൈദ് റഹ്മാന്‍ ഫീ തഫ്‌സീര്‍ ഉമ്മില്‍ ഖുര്‍ആന്‍, ഫദ്‌ലില്‍ ജവാദില്‍ അക്രം, കിതാബുല്‍ അഖ്‌ലാഖ്, തഅ്‌ലീമുദ്ദീന്‍ (മൂന്ന് ഭാഗങ്ങള്‍), സൂറത്തുല്‍ മാഇദ മലയാളം പരിഭാഷ, അല്‍ മുഈന്‍ അറബിക് മലയാളം നിഘണ്ടു തുടങ്ങിയവയാണ് മൗലവിയുടെ പ്രധാന കൃതികള്‍. 
 

Feedback