തന്റെ ജീവിതകാലം മുഴുവന്‍ പഠനത്തിനും അധ്യാപനത്തിനും വേണ്ടി ചെലവഴിച്ച സുന്നി പണ്ഡിതനാണ് ഒ.കെ. ഉസ്താദ്. നിരവധി സ്ഥലങ്ങളില്‍ വിദ്യാര്‍ഥിയായ ഇദ്ദേഹം ഒരുപാട് സ്ഥാപനങ്ങളില്‍ അധ്യാപകവൃത്തിയും അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പത്തും ശിഷ്യഗണങ്ങളുടെ ആധിക്യമായിരുന്നു.
1961 ല്‍ കോട്ടക്കലിനടുത്ത കുഴിപ്പുറത്ത് ഓടക്കല്‍ തറവാട്ടിലാണ് ഇദ്ദേഹത്തിന്റെ ജനനം. കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ നിന്ന് അറിവിന്റെ ബാലപാഠങ്ങള്‍ തകര്‍ന്ന ഇദ്ദേഹം അതിനുശേഷം ചെമ്മകടവ്, വണ്ടൂര്‍, തലക്കടത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായി സ്വദഖത്തുള്ള മുസ്‌ലിയാരുടെ കീഴില്‍ പഠനം നടത്തി. 1944ല്‍ വെല്ലൂര്‍ ബാഖിയാതില്‍ ചേര്‍ന്ന ഇദ്ദേഹം തിരിച്ച് വന്ന് 1946ല്‍ തന്റെ നാടായ കുഴിപുറത്ത് തന്നെ 'സിറാജുല്‍ ഉലൂം' എന്ന പേരില്‍ ഒ.കെ. ഉസ്താദ് ദര്‍സ് ആരംഭിച്ചു.
കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ അടക്കമുള്ള പ്രഗല്ഭര്‍ ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നു. ഈ ബാച്ചിനെ 1948ല്‍ ഉന്നത പഠനത്തിനായി ബാഖിയാത്തിലേക്ക് അയച്ചു. പിന്നീട് കായംകുളം ഹസനിയയില്‍ മുദരിസായ ഇദ്ദേഹം ചെറുശ്ശോല, മാട്ടൂല്‍, വേളാമ്പ്രം എന്നിവിടങ്ങളിലും ദര്‍സ് നടത്തി. 1953ല്‍ 80 പഠിതാക്കളുമായി ഇദ്ദേഹം ചാലിയത്ത് ദര്‍സ് തുടങ്ങി. രണ്ട് വര്‍ഷമൊഴികെ 1970 വരെ തല്‍സ്ഥാനത്ത് ഒ.കെ. ഉസ്താദ് തുടര്‍ന്നു.
കൂടാതെ വേറെയും നിരവധി സ്ഥാപനങ്ങളില്‍ ഒ.കെ. ഉസ്താദ് മുദരിസായി. ഈ അധ്യാപന ജീവിതത്തിനിടയില്‍ തന്നെ 1994ല്‍ ഇദ്ദേഹം ഉംറ നിര്‍വ്വഹിച്ചു. 2002ല്‍ മരണപ്പെട്ട ഇദ്ദേഹം ഒതുക്കുങ്ങല്‍ വീടിനടുത്തുള്ള ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നു.