Skip to main content

ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍

മലപ്പുറം ജില്ലയിലെ കൊടുവായൂരില്‍ ചെറുചാലില്‍ അഹ്മദിന്റെ മകനായി 1877 ലാണ് ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ജനിക്കുന്നത്. നാട്ടിലെ പ്രധാന ഗുരുക്കന്മാരില്‍ നിന്ന് പ്രാഥമിക വിദ്യഭ്യാസം നേടിയ അദ്ദേഹം കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്നീ പ്രമുഖരുടെ ശിഷ്യത്വത്തിലായിരുന്നു.

ദര്‍സ് പഠനത്തിന് മുന്‍ഗണന നല്‍കിയ മുസ്‌ലിയാര്‍ തലക്കുളത്തൂര്‍, തിരൂരങ്ങാടി, പുലിക്കല്‍, വാഴക്കാട് എന്നീ സ്ഥലങ്ങളിലായിരുന്നു പഠനത്തിനായി തിരഞ്ഞെടുത്തത്. പഠനത്തിനുശേഷം വാഴക്കാട് ദാറുല്‍ ഉലൂം, പാനൂര്‍, നാദാപുരം എന്നീ സ്ഥലങ്ങളില്‍ അധ്യാപകനായി സേവമനുഷ്ഠിച്ച ഖുതുബി സുന്നീ പ്രസ്ഥാനത്തിന് മികച്ചൊരു മുതല്‍കൂട്ടായിരുന്നു. മികച്ച ശിഷ്യ സമ്പത്തുള്ള ഖുതൂബി മുഹമ്മദ് മുസ്‌ലിയാരുടെ പ്രമുഖ ശിഷ്യന്മാരായിരുന്നു കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കെ.കെ. സ്വദകത്തുല്ല മുസ്‌ലിയാര്‍, മേപ്പിലാഞ്ചേരി മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍, കടമേരി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍.

സമസ്ത സുന്നിയെ ആത്മീയ പാതയിലേക്ക് നയിച്ച പ്രമുഖ വ്യക്തിത്വങ്ങളിലൊന്നായിരുന്നു ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍. തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും നൂരിഷാ ത്വരീഖത്തിന്റെ ചിന്താധാരയെക്കുറിച്ചും സമസ്തയില്‍ ആദ്യമായി ഉന്നയിച്ചത് ഖുതുബിയായിരുന്നു.

മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും ഉണ്ടായിരുന്ന ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ 1966 ജനുവരി 28 ന് പൊകിയില്‍ വെച്ച് നിര്യാതനായി. അദ്ദേഹം തന്നെ നിര്‍മിച്ച മസ്ജിദുല്‍ ഖുതുബിക്ക് സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
 

Feedback