ഗണിതശാസ്ത്രം, ഗോള ശാസ്ത്രം, ഊര്‍ജ തന്ത്രം എന്നീ ശാസ്ത്ര ശാഖകളിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഒരു പോലെ അവഗാഹം നേടിയ അപൂര്‍വ വ്യക്തിത്വമായിരുന്നു പ്രൊഫ. കെ. അഹ്മ്മദ് കുട്ടി.
അരീക്കോട് റിട്ടയേര്‍ഡ് റവന്യൂ ഇന്‍സ്‌പെക്ടര്‍ കൊല്ലത്തൊടി അബൂബക്കറിന്റെയും എന്‍.വി. അബ്ദുസ്സലാം മൗലവിയുടെ മകള്‍ ഖദീജയുടെയും മകനായി 1934ല്‍ അരീക്കോട് ജനിച്ചു. പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജില്‍ ശെയ്ഖ് മുഹമ്മദ് മൗലവിയുടെ കീഴില്‍ മതപഠനം നടത്തി. പ്രൈവറ്റായി എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. 1958 ല്‍ എറണാകുളം മഹാരാജാസ് കോളെജില്‍ നിന്നാണ് ഗണിത ശാസ്ത്രത്തില്‍ ബി.എസ്.സി. (ഹോണേഴ്‌സ്) ബിരുദം നേടിയ ശേഷം ഫറോക്ക് കോളജില്‍ ഗണിത ശാസ്ത്ര അധ്യാപകനായി ചേര്‍ന്നു. 1968ല്‍ തിരൂരങ്ങാടിയില്‍ പി.എസ്.എം.ഒ. കോളെജ് സ്ഥാപിച്ചതു മുതല്‍ പ്രിന്‍സിപ്പലായി ചാര്‍ജെടുക്കുകയും 1990ല്‍ വിരമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.
ഇസ്‌ലാമിനും ഖുര്‍ആനിനും മുഹമ്മദ് നബി(സ്വ)ക്കുമെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആധികാരികമായി മറുപടി പറയുകയും എഴുതുകയും ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് വേറെത്തന്നെയായിരുന്നു. അദ്ദേഹത്തിന് ഏറെ പ്രാവീണ്യമുണ്ടായിരുന്നത് ഗണിത ശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലുമായതിനാല്‍ മാസപ്പിറവി, നമസ്‌കാര സമയം, ഖിബ്‌ല നിര്‍ണയം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗണനകളില്‍ വളരെയധികം തല്‍പരനായിരുന്നു. ചന്ദ്രഗതി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കണിശമായി ഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഹിലാല്‍ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ഹിലാല്‍ സംബന്ധിച്ച സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി വിതരണം നടത്തുകയും ചെയ്തിരുന്നു. ദീര്‍ഘകാലം അദ്ദേഹം കേരള ഹിലാല്‍ കമ്മിയുടെ സെക്രട്ടറിയായിരുന്നു.
വിദ്യാഭ്യാസ വിചക്ഷണനായിരുന്ന അഹ്മദ് കുട്ടി സാഹിബ് തിരൂരങ്ങാടിയില്‍ നിന്ന് വിരമിച്ച ശേഷം പുളിക്കല്‍ ജാമിഅ സലഫിയ്യയുടെ പ്രോ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ മത ലൗകിക വിദ്യാഭ്യാസങ്ങളെ സമന്വയിപ്പിക്കുന്ന വിവിധ കോഴ്‌സുകളുടെ സാധുതയെയും സാധ്യതകളെയും കുറിച്ച് പഠനം നടത്തുകയും അവയില്‍ ചിലതൊക്കെ ജാമിഅയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
ഇസ്‌ലാഹീ പ്രസ്ഥാന നേതാവായിരുന്ന കെ എം മൗലവിയുടെ മകള്‍ ആഇശയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. കെ. എം. മൗലവിയും എന്‍.വി. അബ്ദുസ്സലാം മൗലവിയുമായുള്ള നിരന്തരബന്ധം അദ്ദേഹത്തിന്റെ മതപരമായ അറിവുകളുടെ ആഴം വര്‍ധിപ്പിച്ചു.
മരണം: 2000 മേയ് മൂന്ന്.