വയനാട്ടില്‍ ഇസ്‌ലാഹിന്റെ ദീപശിഖയുമായി പ്രയാണം നടത്തിയ നവോത്ഥാന നായകനാണ് പണ്ഡിതനായ ഹൈദര്‍ മൗലവി. 1922 ല്‍ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള താനാളൂരില്‍ ജനിച്ച അദ്ദേഹം വയനാടന്‍ കാടുകള്‍ കാണാനെത്തുകയും കാടിന്റെ വെളിച്ചമായിത്തീരുകയുമായിരുന്നു.
പരീദുദ്ദീന്‍-ആയിഷുമ്മ ദമ്പതികളുടെ മകനായ അദ്ദേഹം പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം താനാളൂര്‍, പൊന്മുണ്ടം, തിരൂരങ്ങാടി പള്ളി ദര്‍സുകളില്‍ നിന്ന് മത വിദ്യാഭ്യാസം നേടി. താനാളൂര്‍ ജുമാ മസ്ജിദ്, മുട്ടില്‍ ജുമാ മസ്ജിദ്, കുട്ടമംഗലം ഹയാത്തുല്‍ ഇസ്‌ലാം മസ്ജിദ് എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചു.
ഖുര്‍ആന്‍ ക്ലാസുകളായിരുന്നു മൗലവി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രധാനമായും തെരഞ്ഞെടുത്തത്. വീടുവീടാന്തരം കയറിയിറങ്ങി ഖുര്‍ആന്‍ പഠനത്തിന് നേതൃത്വം നല്‍കിക്കൊണ്ട് ഒരു പ്രദേശത്തെ ഇസ്‌ലാമിക സംസ്‌കാരത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇസ്‌ലാഹിന് ദീര്‍ഘകാലത്തെ ഇടവേള വേണ്ടിവരും എന്ന് മനസ്സിലാക്കിയ മൗലവി ക്ഷമാപൂര്‍വ്വം യുക്തിസഹമായി കരുക്കള്‍ നീക്കിക്കൊണ്ടാണ് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്കരിച്ചത്.
ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു മൗലവി. വിവാഹം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സംശയനിവാരണത്തിനായി വിമര്‍ശകര്‍ പോലും പലപ്പോഴും അദ്ദേഹത്തെയായിരുന്നു ആശ്രയിച്ചിരുന്നത്.
മുസ്‌ലിം വിദ്യാഭ്യാസം അദ്ദേഹത്തിന്റെ പ്രധാന അജണ്ടയായിരുന്നു. പെണ്‍ വിദ്യാഭ്യാസം വെല്ലുവിളിയായി ഏറ്റെടുത്തു. സ്വന്തം മകളെ മുട്ടില്‍ പഞ്ചായത്തിലെ ആദ്യത്തെ എസ്.എസ്.എല്‍.സി ബിരുദ ധാരിണിയായ മുസ്‌ലിം പെണ്‍കുട്ടിയാക്കിക്കൊണ്ട് അദ്ദേഹം സമൂഹത്തിന് മാതൃക കാണിച്ചു കൊടുത്തു. തന്റെ ശിഷ്യന്മാരില്‍ ഒട്ടേറെ പേരെ സ്വന്തം ഉത്തരവാദിത്വത്തില്‍ ഇതര ജില്ലകളില്‍ ഉപരിപഠനത്തിനു ചേര്‍ത്തുകൊണ്ട് വിദ്യാഭ്യാസരംഗത്ത് ഒരു വിപ്ലവം തന്നെ അദ്ദേഹമുണ്ടാക്കി. അറബി വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയ അദ്ദേഹം അറബി കുടുംബത്തിന്റെ അധിപന്‍ കൂടിയായിരുന്നു.
ശാന്തനും സൗമ്യശീലനുമായ മൗലവി മതസൗഹാര്‍ദത്തിന്റെ പ്രതീകമായിരുന്നു. പ്രദേശത്തെ അമുസ്‌ലിങ്ങള്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ ഉസ്താദ് എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെ ധാരാളം അമുസ്‌ലിംകളുള്ള ഒരു വലിയ സുഹൃദ്‌വലയം അദ്ദേഹത്തിനുണ്ടായിരുന്നു. മൗലവി മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു.
2013 സപ്തംബര്‍ 10ന് മൗലവി നിര്യാതനായി. ഭാര്യ:സൈനബ. മക്കള്‍: ഡോ: ജമാലുദ്ദീന്‍ ഫാറൂഖി, മൈമൂന, ജമീല, ഫരീദുദ്ദീന്‍ അബ്ദുല്‍ ബാരി, ബുശ്‌റാ, ഖലീലുര്‍ റഹ്മാന്‍, സാലിഹ്, മുഹമ്മദ് അബ്ദുല്‍ സലാം, സനിയ്യ, നിഹ്മത്തുള്ള, സഹല്‍.