Skip to main content

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി

ചിന്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, പരിഭാഷകന്‍, അധ്യാപകന്‍, പത്രാധിപര്‍ എന്നീ മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച മഹാപ്രതിഭയായിരുന്നു ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി. ഇസ്‌ലാമിക പ്രബോധന രംഗത്ത് തന്റെ മികവുറ്റ വാഗ്മിതയും ധിഷണാശേഷിയും വിനിയോഗിച്ചു കൊണ്ട് അദ്ദേഹം നാലു പതിറ്റാണ്ടു ജ്വലിച്ചു നിന്നു.

പ്രമാണബദ്ധമായ അദ്ദേഹത്തിന്റെ പ്രഭാഷണം ഹൃദ്യമായിരുന്നു. സുഭദ്രമായിരുന്നധ സമര്‍ഥന ശൈലി. പരിപക്വമായിരുന്നു ഭാഷ. മതങ്ങള്‍ക്കെതിരിലും ഇസ്‌ലാമിനെതിരില്‍ വിശേഷിച്ചും യുക്തിവാദികളും ഭൗതികവാദികളും രംഗത്തുവന്ന എണ്‍പതുകളില്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും അവരെ നിലംപരിശാക്കുകയായിരുന്നു.

അനുഗ്രഹീതമായ അദ്ദേഹത്തിന്റെ തൂലിക മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ കൈരളിക്ക് സമര്‍പിച്ചു. അബ്ദുല്‍ ഹമീദ് മദനിയും കുഞ്ഞിമുഹമ്മദ്  ചേര്‍ന്ന് രചിച്ച 'വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ'യാണ് മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന ഖുര്‍ആന്‍ വിവരണം. സുഊദി സര്‍ക്കാര്‍ അതിന്റെ എത്രയോ പതിപ്പുകള്‍ സൗജന്യമായി വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. യുവത ബുക്ക് ഹൗസ് (കോഴിക്കോട്) പ്രസിദ്ധീകരിച്ച ബൃഹത്തായ അഞ്ചുവാള്യങ്ങളുള്ള 'ഇസ്‌ലാം', പ്രമാണയോഗ്യമായ ഹദീസുകള്‍ തെരഞ്ഞെടുത്ത് വിഷയക്രമത്തില്‍ ക്രോഡീകരിച്ച് പരിഭാഷപ്പെടുത്തിയ ഹദീസ് സമാഹാരം (മൂന്ന് വാള്യങ്ങള്‍) എന്നിവയുടെ ചീഫ് എഡിറ്ററായിരുന്നു അദ്ദേഹം. 1980 മുതല്‍ മരണം വരെ ശബാബ് വാരികയുടെ മുഖ്യപത്രാ ധിപരായി സേവനം ചെയ്തു. ഖുര്‍ആന്‍ സത്യാന്യേഷിയുടെ മുമ്പില്‍, ദൈവ വിശ്വാസവും ബുദ്ധിയുടെ വിധിയും, ഖുര്‍ആനും മാനവിക പ്രതിസന്ധിയും, മനുഷ്യാസ്ഥിത്വം ഖുര്‍ആനിലും ഭൗതിക വാദത്തിലും, ഇബാദത്ത്: വീക്ഷണങ്ങളുടെ താരതമ്യം, ആരോഗ്യത്തിന്റെ ദൈവശാസ്ത്രം, ദഅ്‌വത്ത് ചിന്തകള്‍, ഖുര്‍ആനിനെ കണ്ടെത്തല്‍(അപൂര്‍ണം), ഗള്‍ഫിലെ സംസാരഭാഷ തുടങ്ങിയവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. താന്‍ എഴുതിയതിലേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം എഡിറ്റു ചെയ്തു കുറ്റം തീര്‍ത്തു നല്കിയിട്ടുണ്ട്. 

ജീവിതരേഖ

മുത്താണിക്കാട്ട് ഹൈദര്‍ മുസല്യാരുടെയും ചോലക്കെ മേപ്പാല ആയിശുമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ ചെറിയമുണ്ടത്ത് 1944 സെപ്തംബര്‍ 8 ന് ജനനം. ഏഴാം തരം വരെ ഔപചാരിക പഠനം. പള്ളിദര്‍സിലും മറ്റും പഠിച്ചു. പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ നിന്ന് അഫ്ദലുല്‍ ഉലമ നേടി. 1968 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അധ്യാപകനായി. 1989 ഡിസംബര്‍ 31 ന് സ്വമേധയാ റിട്ടയര്‍മെന്റ് വാങ്ങി, ശബാബിന്റെ പത്രാധിപ സ്ഥാനം ഏറ്റെടുത്തു. നിറമരുതൂര്‍ പത്തമ്പാട്ട് കുഞ്ഞി ബാവ മാസ്റ്ററുടെ മകള്‍ സൈനബ് ആണ് സഹധര്‍മിണി. ഡോ. മുഹമ്മദ് അമീന്‍, അഹ്മദ് നജീബ്, ഖദീജ, സല്‍മ, അനീസ, ജൗഹറ എന്നിവര്‍ മക്കള്‍. 1982 മുതല്‍ താനൂരിനടുത്ത പുത്തന്‍ തെരുവില്‍ താമസം. 2018 ജൂലൈ പതിനാറിന്  അന്ത്യം.

Feedback