Skip to main content

പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍

പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും ആഇശാ ബീവിയുടെയും രണ്ടാമത്തെ മകനായി 1942 ജൂണ്‍ 23ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജനിച്ചത്. അഞ്ചാം ക്ലാസ് വരെ നാട്ടില്‍ പഠിച്ച അദ്ദേഹം ഹൈസ്‌കൂള്‍ പഠനം കോഴിക്കോട് എം.എം. ഹൈസ്‌കൂളിലാണ് പൂര്‍ത്തിയാക്കിയത്. 1958 പൊന്മള പൂവാടന്‍ മൊയ്തീന്‍ മുസ്‌ലിയാരുടെ കീഴില്‍ അഞ്ച് വര്‍ഷം ദര്‍സ് പഠനം നടത്തി. 1964 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന തങ്ങള്‍ 1968ല്‍ മൗലവി ഫാദില്‍ ഫൈസി ബിരുദം നേടി പുറത്തിറങ്ങി. താഴെക്കാട് കുഞ്ഞലവി മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്ല്യാര്‍, ഇ കെ അബൂബക്ര്‍ മുസ്ല്യാര്‍ തുടങ്ങിയവരുടെ ശിഷ്യനായിരുന്നു ഇദ്ദേഹം.

1970ല്‍ പാണക്കാട് ജുമാ മസ്ജിദും മദ്‌റസയും നടത്തുന്ന മഅ്ദനുല്‍ ഉലൂം സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായി മത പ്രവര്‍ത്തനം തുടങ്ങി. ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചവ്യക്തിയാണ് പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍. എസ് വൈ എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ അദ്ദേഹം അലങ്കരിച്ചു. പിന്നീട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുടെ ട്രഷറര്‍ സ്ഥാനത്തേക്കും തുടര്‍ന്ന് ഉപാധ്യക്ഷ സ്ഥാനത്തേക്കും അദ്ദേഹം ഉയര്‍ന്നു.

2003 ല്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് എസ് വൈ എസ് നടത്തിയ ശാന്തി യാത്രക്ക് നേതൃത്വം നല്‍കിയത് ഉമറലി ശിഹാബ് തങ്ങളായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം സുന്നി പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.

Feedback