Skip to main content

കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍

ഒരു പ്രഭാഷകനായി സമസ്തയുടെ വേദിയിലെത്തി പ്രസംഗംകൊണ്ട് ഹൃദയം കവര്‍ന്ന് സമസ്തയയുടെ നേതൃപദവികള്‍ അലങ്കരിച്ച സുന്നി പണ്ഡിതനാണ് ഗ്രന്ഥകാരന്‍ കൂടിയായ കൂറ്റനാട് കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍.

പാലക്കാട് ജില്ലയില്‍ കൂറ്റനാട് കുറുങ്ങത്ത് വളവില്‍ അഹ്മദിന്റെയും ആമിന ബീവിയുടെയും മകനായി 1915ല്‍ ആണ് ഇദ്ദേഹം ജനിക്കുന്നത്. സാമ്പ്രദായിക ശൈലിയനുസരിച്ച് ദര്‍സില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. നിരവധി ദര്‍സുകളില്‍ പഠനം നടത്തിയ ഇദ്ദേഹം പ്രമുഖരുടെ ശിഷ്യത്വവും നേടി. വേങ്ങര, വല്ലപ്പുഴ, പരപ്പനങ്ങാടി, പള്ളിക്കര, പനങ്ങാട്ടൂര്‍ എന്നിവിടങ്ങളില്‍ പഠിച്ച ഇദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാര്‍ കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഓടക്കല്‍ കോയക്കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍ എന്നിവരായിരുന്നു.

ദര്‍സുകളിലെ പഠനത്തിന് ശേഷം താമരശ്ശേരി, കടവൂര്‍, വാവാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. 1954 ല്‍ സമസ്തയുടെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് നടത്തിയ പൊതു പ്രഭാഷണത്തിലൂടെയാണ് ഇദ്ദേഹം സമസ്തയുടെ നേതൃരംഗത്തേക്ക് പ്രവേശിക്കുന്നത്. 1956ല്‍ സമസ്തയുടെ ജോയിന്റ് സെക്രട്ടറിയായി. 1959ല്‍ എസ്.വൈ.എസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കൂറ്റനാട് മുഹമ്മദ് മുസ്‌ലിയാര്‍ 1964ല്‍ സുന്നി ടൈംസ് പത്രാധിപര്‍ ആയിത്തീര്‍ന്നു. വേറെയും നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം 'അല്‍ബുര്‍ഹാന്‍' എന്ന പേരില്‍ മാസിക പ്രസിദ്ധീകരിക്കുകയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. അതില്‍ ഖുര്‍ആന്‍ പരിഭാഷയും ഉള്‍പ്പെടുന്നു.

എടപ്പാള്‍ കോരക്കുഴിയില്‍ ഫാത്തിമയായിരുന്നു ഇദ്ദേഹത്തിന്റെ സഹധര്‍മിണി. 2009 ഏപ്രില്‍ 16ന് അദ്ദേഹം പരലോക യാത്രയായി. എടപ്പാള്‍ ജുമുഅത്ത് പള്ളിക്ക് സമീപം അന്ത്യവിശ്രമം കൊള്ളുന്നു.

പ്രധാന  ഗ്രന്ഥങ്ങള്‍


ഫത്ഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍
ഖുര്‍ആന്‍ വ്യാഖ്യാനം ലക്ഷ്യത്തിന്റെ വെളിച്ചത്തില്‍
ഖുത്വുബ പരിഭാഷയും നാല്പതാളുകളുടെ ഒപ്പ് കഥയും

Feedback