മതപണ്ഡിതന്‍, അറബി സാഹിത്യകാരന്‍, കവി, നിഘണ്ടു നിര്‍മ്മാതാവ്, ദിക്ക് നിര്‍ണ്ണയത്തിലും ഭൂഗര്‍ഭജല നിര്‍ണ്ണയത്തിലുള്ള വിദഗ്ദന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തനായ പണ്ഡിതനായിരുന്നു മുഹമ്മദ് അബുസ്സലാഹ് മൗലവി.
കോഴിക്കോട്ടെ പൂവാട്ടുപറമ്പില്‍ ശൈഖ് കുട്ടി മൗലവി ഇബ്‌നു മുഹമ്മദ് ഷാ, കുട്ടീമ ദമ്പതികളുടെ പുത്രനായി 1919 ജൂലൈ മൂന്നാം തിയ്യതി ജനിച്ചു. പള്ളി ദര്‍സിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു; കണ്ണിയത്ത് അഹമ്മദ് മുസ്‌ല്യാര്‍, അബ്ദുല്‍ ഖാദര്‍ ഫസ്ഫരി എന്നീ പണ്ഡിതന്മാരുടെ ശിഷ്യനായി.
1939 ല്‍ ഉപരിപഠനത്തിനായി വെല്ലൂര്‍ ബാക്കിയാത്തില്‍ വിദ്യാര്‍ത്ഥിയായി. ശൈഖ് അബ്ദുറഹീം വെല്ലൂരി, ശൈഖ് ആദം എന്നിവരായിരുന്നു ഗുരുക്കന്മാര്‍. 1942 ല്‍ അവിടെനിന്ന് എം.എഫ്.ബി. ബിരുദവും 1943 ല്‍ മദിരാശി യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഫ്‌സലുല്‍ ഉലമ ബിരുദവും കരസ്ഥമാക്കി. കൈറോവിലെ അല്‍ അസ്ഹറില്‍ നിന്നും ബിരുദവുമെടുത്തു.
എം.സി.സി. അബ്ദുറഹിമാന്‍ മൗലവി പ്രിന്‍സിപ്പലായിരിക്കെ വാഴക്കാട് ദാറുല്‍ ഉലൂമില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് മദ്രസത്തുല്‍ ആലിയ അറബി കോളേജില്‍ പ്രിന്‍സിപ്പല്‍ ആയും 1947 ല്‍ ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബി കോളേജില്‍ പ്രിന്‍സിപ്പാള്‍ അബുസ്സബാഹ് മൗലവിയുടെ കീഴില്‍ അദ്ധ്യാപകനും തുടര്‍ന്ന് 1978 ല്‍ ആ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളായും സേവനമനുഷ്ഠിച്ചു. 1979 ജൂലായ് 2 ന് വിരമിച്ചു. തുടര്‍ന്ന് 1987 വരെ ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ കോളേജിലും അധ്യാപകനായിരുന്നു.
ഗണിതശാസ്ത്രം, ഗോളശാസ്ത്രം, തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, അനന്തരാവകാശ നിയമം തുടങ്ങിയവയിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. അറബി സാഹിത്യവുമായി അദ്ദേഹത്തെ അടുപ്പിച്ചത് 'ജവാഹിറുല്‍ അശ്ആര്‍' എന്ന കാവ്യ സമാഹാരത്തിന്റെ കര്‍ത്താവായ പണ്ഡിത കവി അബ്ദുല്‍ ഖാദര്‍ ഫസ്ഫരിയുടെ ശിഷ്യത്വമാണ്. ഇമാം ശാഫിയെ കുറിച്ച് ഒരു കവിത രചിച്ചുകൊണ്ടാണ് അദ്ദേഹം കാവ്യലോകത്തിലേക്ക് കാലെടുത്തു വെച്ചത്.
അത്തോളി, കോഴിക്കോട്, ഫാറൂഖ്, ബേപ്പൂര്‍ തുട ങ്ങിയ കേന്ദ്രങ്ങളില്‍ ഖത്തീബായും ഖാസിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഫിയയാണ് ഭാര്യ. മൂന്ന് പുത്രന്മാരും നാല് പുത്രിമാരുമാണ് സന്താനങ്ങള്‍.
1996 ഫെബ്രുവരി 4-ാം തിയ്യതി നിര്യാതനായി.