മുസ്‌ലിം സമുദായം വിദ്യാഭ്യാസത്തോടും സാമൂഹ്യപുരോഗതിയോടും പുറം തിരിഞ്ഞുനിന്ന കാലത്ത് പുരോഹിതര്‍ പറഞ്ഞുതരുന്നതിനെ കണ്ണടച്ചു വിശ്വസിച്ചിരുന്ന സമുദായത്തെ ആദ്യം മതം പഠിപ്പിക്കാനും പിന്നീട് സാമൂഹ്യജീവിതം പഠിപ്പിക്കാനും മുന്നില്‍ നടന്ന പരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ നിലയുറപ്പിച്ച എം സി സി സഹോദരന്മാരില്‍ മൂത്തയാളാണ് എം സി സി അഹ്മദ് മൗലവി. വഹ്ഹാബികളെ വക വരുത്തുന്നത് സത്കര്‍മ്മമായി അന്നത്തെ പുരോഹിതരില്‍ ഒരു വിഭാഗം കണ്ടിരുന്ന കാലത്താണ് പിതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കൊളുത്തി വെച്ച വെള്ളിവെളിച്ചം അദ്ദേഹത്തിനു ശേഷം മൂത്ത മകന്‍ ഏറ്റുവാങ്ങിയത്.
ചേര്‍ത്തു വെട്ടിയ താടിയോടെയുള്ള വട്ടമുഖം, വെളുത്ത ഒത്ത വണ്ണമുള്ള ശരീരം, അരപ്പട്ട കൊണ്ട് വെള്ളത്തുണിക്കുള്ളിലേക്ക്തിരുകി വെച്ച വെള്ളക്കുപ്പായം, തലയില്‍ ഇസ്തിരിത്തൊപ്പിയും അതിനു മുകളില്‍ വലിയ തട്ടം കൊണ്ട് ചുറ്റിക്കെട്ടിയ തലപ്പാവും, മജ്മുഇന്റെ(അത്തര്‍) മണം.... ഇതെല്ലാമായാല്‍ അഹ്മദ് മൗലവിയായി.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ഉമ്മു റാബിയയുടെയും മകനായി 1904 ജനുവരി 4 ന് ജനനം. ഒന്‍പതാം വയസ്സില്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ പിതാവിന്റെ ശിഷ്യനായി ചേര്‍ന്നു. പുളിക്കല്‍ മദ്‌റസത്തുല്‍ മുനവ്വറയിലായിരുന്നു പഠനം. കെ എം മൗലവിയുടെ ദര്‍സില്‍ വെല്ലുര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക് പോയി. പിന്നീട് മദ്രാസ് യുനിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമ പാസായി. പണ്ഡിതന്‍, നേതാവ്, അധ്യാപകന്‍, സുഹൃത്ത്, പിതാവ്, ഭര്‍ത്താവ്, കുടുംബനാഥന്‍ തുടങ്ങിയഎല്ലാ നിലകളിലും മാതൃകയുറ്റ പാദമുദ്രകളാണ് അഹ്മദ് മൗലവി പിന്‍തലമുറക്കായി ബാക്കി വച്ചത്. വളപട്ടണം, അത്തോളി, വലപ്പാട് തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു.
അല്‍ മുര്‍ശിദില്‍ സ്വഹീഹുല്‍ ബുഖാരിയുടെ പൂര്‍ണ വിവരണം, ശിശു പരിപാലനം, ചിന്തകനില്‍ മാസപ്പിറവി ലേഖനങ്ങള്‍ തുടങ്ങിയവയൊക്കെ മൗലവിയുടെ ശ്രദ്ധേയമായ ലേഖനങ്ങളാണ്. താറാവീഹ്, അനന്തരാവകാശ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം നിരവധി ലേഖനങ്ങളെഴുതി. ദിഗംശ നിര്‍ണയം, സമയ നിര്‍ണയം, ജ്യോകോഷ്ടം തുടങ്ങിയ ഗോളശാസ്ത്ര ഗ്രന്ഥങ്ങളും ശരീഅത്ത് കിതാബ് ഒന്നും രണ്ടും വാല്യങ്ങളും ഒട്ടേറെ മദ്‌റസ പാഠപുസ്തകങ്ങളും അദ്ദേഹം രചിച്ചു. അവസാന കാലത്ത് 'മദ്ഹബുകള്‍' എന്ന ഗ്രന്ഥവും എഴുതി പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും പ്രസിദ്ധീകരിക്കണ മെന്നആഗ്രഹം നടപ്പാക്കാനാവാതെ 1962 സപ്തംബര്‍ 27ന് രാത്രി ഒന്‍പത് മണിക്ക് അദ്ദേഹം ഈ ലോകത്തോടു വിട പറഞ്ഞു.