പാണ്ഡിത്യം കൊണ്ടും നേതൃപാടവം കൊണ്ടും കേരളത്തിന്റെ ഇസ്വ്‌ലാഹീ ആദര്‍ശ പ്രബോധന രംഗത്ത് നിറഞ്ഞു നിന്ന പണ്ഡിതനായിരുന്നു ടി.കെ മുഹ്‌യുദ്ദീന്‍ ഉമരി. എഴുത്തുകാരന്‍, സംഘാടകന്‍, ഖാരിഅ്, ബഹുഭാഷാ പണ്ഡിതന്‍, പ്രഭാഷകന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രാഗത്ഭ്യമുള്ള വ്യക്തിയായിരുന്നു. ഈ മേഖലകളിലെല്ലാം സ്വയം വളരുന്നതിനോടൊപ്പം മറ്റുള്ളവരെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തി.
1934 ഡിസംബര്‍ 27 ന് നവോത്ഥാന നായകനായിരുന്ന കെ.എം മൗലവിയുടെയും ആധുനിക മദ്‌റസാ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകള്‍ ഫാത്തിമക്കുട്ടിയുടെയും മകനായി തിരൂരങ്ങാടിയില്‍ ജനിച്ചു. ആദര്‍ശ പ്രബോധന രംഗത്തെ തിരക്കുകള്‍ക്കിടയിലും മകന്ന് വിദ്യാഭ്യാസം നല്‍കാനും ധാര്‍മിക ചിന്തകള്‍ കൈമാറാനും പിതാവ് കെ.എം മൗലവി സമയം കണ്ടെത്തിയിരുന്നു. പിതാവില്‍ നിന്ന് കിട്ടിയ പ്രാഥമിക പാഠങ്ങള്‍ക്ക് പുറമേ തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിന്നും ബാലനായ മുഹ്‌യുദ്ദീന്‍ വിദ്യ അഭ്യസിച്ചു. ശേഷം തുടര്‍പഠനത്തിനായി ഉമറാബാദ് ദാറുല്‍ ഉലൂം കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. 1969 ല്‍ അഫ്‌ളലുല്‍ ഉലമ ബിരുദവും നേടി. ശേഷം വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. പത്തു വര്‍ഷമാണ് അദ്ദേഹത്തിന്റെ സേവനം അന്‍സാറിന്ന് ലഭിച്ചത്. പിന്നീട് നാട്ടിലെ ഓറിയന്റല്‍ ഹൈസ്‌കൂള്‍ അറബിക് അധ്യാപകനായി. 1988 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.
ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ മുഹ്‌യുദ്ദീന്‍ ഉമരി നല്ലൊരു ഖാരിഅ് ആയിരുന്നു. ഖുര്‍ആന്‍ പാരായണ നിയമമായ തജ്‌വീദില്‍ അദ്ദേഹം അതികായനായി മാറി. കെ.എന്‍.എം മദ്‌റസകളില്‍ തജ്‌വീദ് പഠനത്തിനായി പുസ്തകം എഴുതി. തജ്‌വീദ് രംഗത്തെ സംശയങ്ങള്‍ക്ക് ധാരാളം പേര്‍ അദ്ദേഹത്തെ അവലംബിച്ചു. പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ തജ്‌വീദായിരുന്നു അദ്ദേഹത്തിന്റെ പാഠ്യ വിഷയം. ഖുര്‍ആന്‍ പാരായണ രംഗത്തും അറബി എഴുത്ത് രംഗത്തും മദ്‌റസാ അധ്യാപകരെ കൂടുതല്‍ മികവുള്ളവാരാക്കാന്‍ പ്രത്യേകം ശില്‍പശാലകള്‍ സംഘടിപ്പിച്ചു. അഹ്കാമുത്തജ്‌വീദ് പുസ്തകത്തിന്ന് പുറമെ ഹജ്ജ്-ഉംറ-സിയാറത്ത് എന്ന പുസ്തകവും വിവര്‍ത്തന ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
അഖിലേന്ത്യാ അഹ്‌ലേ ഹദീസിന്റെ ഉപാധ്യക്ഷനായിരുന്നു. അതിനാല്‍ തന്നെ ഉത്തരേന്ത്യന്‍ പണ്ഡിതരുമായും അറബ് പണ്ഡിതരുമായും വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചു. മുജാഹിദ് സമ്മേളനങ്ങളിലേക്ക് അറബ് പണ്ഡിതരെ കൊണ്ടുവരുന്നതിലും അവര്‍ക്ക് ആതിഥേയത്വം നല്‍കുന്നതിലും അദ്ദേഹം മുന്‍പന്തിയില്‍ നിന്നു. കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ്, കെ.എന്‍.എം സംസ്ഥാന കമ്മിറ്റിയംഗം, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് തുടങ്ങി കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാന ഭൂമികയില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. തിരൂരങ്ങാടി യതീംഖാന കമ്മിറ്റി പ്രസിഡന്റ്, ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്റര്‍ പ്രസിഡന്റ്, കെ.എന്‍.എം പാഠപുസ്തക കമ്മിറ്റിയംഗം, തിരൂരങ്ങാടി യംഗ്‌മെന്‍സ് ലൈബ്ബ്രറി പ്രസിഡന്റ്, കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) സംസ്ഥാന കമ്മിറ്റിയംഗം എന്നിങ്ങനെ ധാരാളം പദവികള്‍ വഹിച്ചിട്ടുണ്ട്. കെ.എ.ടി.എഫ് ന്റെ രൂപീകരണത്തിലും അദ്ദേഹത്തിന്ന് വലിയ പങ്കുണ്ടായിരുന്നു.
സൈനബ അരീക്കോടായിരുന്നു സഹധര്‍മിണി. ഷമീമ, സുബൈദ, ജുമാന, മാജിദ, സനാബി, യഹ്‌യ, നൗഫല്‍, റഷാദ് എന്നിവരാണ് മക്കള്‍. 2019 മാര്‍ച്ച് 27 ന് അന്തരിച്ചു.