Skip to main content

ശിഹാബുദ്ദീന്‍ അഹമ്മദ് കോയ ശാലിയാത്തി

 പ്രസിദ്ധ മതപണ്ഡിതനും നൂറോളം അമൂല്യഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്നു ശിഹാബുദ്ദീന്‍ അഹമ്മദുകോയ ശാലിയാത്തി. ഹിജ്‌റ 1302 ജമാത്തുല്‍ ആഖിര്‍ 22 ാം തിയ്യതി (എ.ഡി.1884) കോഴിക്കോട്ടെ കോയമരക്കാരകത്ത് തറവാട്ടില്‍ ഇമാമുദ്ദീന്‍ അലിയെന്ന പ്രസിദ്ധ പണ്ഡിതന്റെ പുത്രനായി ചാലിയത്ത് ജനിച്ചു. നേപ്പാരും കുട്ടിഹസ്സന്‍ മകള്‍ ചാലിയത്ത് ഫരീദാ ബിവി മാതാവാണ്. പിതാവ് അല്‍ ആലിമുല്‍ അല്ലാമ ഇമാദുദ്ദീന്‍ അലി. 

hh

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ എന്നീ പണ്ഡിതന്മാരില്‍ നിന്ന് മതവിജ്ഞാനത്തിന്റെയും അറബി ഭാഷയുടെയും സമസ്ത ശാഖകളിലും ജ്ഞാനം നേടി. ഇരുപത്തിയൊന്ന് വയസ്സിനിടക്ക് തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ പ്രധാന കിത്താബുകളെല്ലാം പഠിച്ചു. തുടര്‍ന്ന് വേലൂര്‍ ലതീഫിയ്യയില്‍ ഉപരിപഠനം നടത്തുകയും ഖാസി മുഫ്തി മഹ്മൂര്‍ ഉസ്താദ്, ഖാസി ഹുസൈന്‍ ഖാദിരി എന്നിവരുടെ കീഴില്‍ ഉപരിപഠനം നടത്തുകയും ചെയ്തു. ഹിജ്‌റ 1329 (എ.ഡി-1909) ല്‍ വേലൂര്‍ ലത്വീഫിയായില്‍ നിന്ന് ബിരുദം നേടി. അതേ സ്ഥാപനത്തില്‍ പ്രിന്‍സിപ്പലായും തിരുനല്‍വേലി റിയാളുല്‍ ജിനാന്‍ മദ്രസ്സ, ബട്ക്കല്‍ മദ്രസ്സ, തിരൂരങ്ങാടി, നാഗൂര്‍, കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ മുദരിസ്സായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

നാട്ടില്‍ തിരിച്ചെത്തിയശേഷം വട്ടക്കുളത്തും നാഗൂര്‍ ശരീഫിലും കൊടിയത്തൂരിലും വിപുലമായ ദര്‍സ്സുകള്‍ സംഘടിപ്പിക്കുകയുണ്ടായി. പിന്നീട് ചാലിയത്ത് സ്ഥിരതാമസമാക്കി വിശ്രമജീവിതം നയിച്ചു. 
നൂറോളം അമൂല്യഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഏതാനും ചിലതു മാത്രമാണ് അച്ചടിച്ചത്. ഇവ അറബിനാടുകളില്‍ പ്രസിദ്ധപ്പെട്ടവയാണ്. എഴുതിയ ഗ്രന്ഥങ്ങളില്‍ പലതും നഷ്ടപ്പെട്ടു. പ്രധാനപ്പെട്ടവയാണ് 'ഖൈറുല്‍ അദില്ല', 'അല്‍ ബയാനുല്‍ മൗസൂക്ക്', 'ഹാശിയത്തു തഷ്‌രീഹില്‍ മന്തിഖ്', 'രിസാല ഫീ അഹ്കാമില്‍ മസ്ബൂഖ്', 'തന്‍ഖീഹുല്‍ മുഗ്‌ലക്', 'ബദരിയ്യത്തുല്‍ ഹംസിയ്യ്' തുടങ്ങിയവ. ബദരിയ്യത്തുല്‍ ഹംസിയ്യയുടെ അറബി വ്യാഖ്യാനം പിന്നീട് പ്രസിദ്ധപ്പെടുത്തി. അച്ചടിച്ച മറ്റൊരു ഗ്രന്ഥമാണ് ശൈഖ് മാമുക്കോയ ഹിമ്മസിയുടെ ജീവചരിത്രം. 

ഏഷ്യയുടെയും അറബിനാടുകളുടെയും അപൂര്‍വ്വ മേപ്പുകള്‍, സുറിയാനി, അറബി ഭാഷകളിലുള്ള പഴയ ഗ്രന്ഥങ്ങള്‍, പത്രമാസികകള്‍, വ്യാകരണങ്ങള്‍, എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രം തുടങ്ങിയ അപൂര്‍വ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. പുതാറമ്പത്തുവീട്ടില്‍ സൗകര്യപ്പെടാത്തതിനാല്‍ ഗ്രന്ഥശേഖരം മറ്റൊരു കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്. 

നാടിന്റെ നാനാഭാഗത്തു നിന്നും ചികിത്‌സക്കും ഉപദേശങ്ങള്‍ക്കും അദ്ദേഹത്തിനടുത്ത് ആളുകള്‍ വരാറുണ്ടായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ഇതര രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കും ഫത്വ് വ (മതവിധി) കള്‍ എഴുതിക്കൊടുക്കുക പതിവായിരുന്നു. അത്തരം അനേകം ഫത്ത്‌വകള്‍ ഖുതുബുഖാനയില്‍ സൂക്ഷിച്ചിട്ടുണ്ട്. അത്തരം ഫത്വ്‌വകളില്‍ ഒന്നാണ് 'ഫോട്ടോ ഇസ്‌ലാമികമല്ലെന്ന വിധി'. 

ഹൈദരബാദ് നൈസാം നാടിന്റെ നാനാഭാഗത്തുമുള്ള മതപണ്ഡിതന്മാര്‍ക്ക് നല്‍കിയിരുന്ന പ്രതിമാസ സാമ്പത്തിക സഹായം ലഭിച്ചിരുന്ന മലബാറിലെ മതപണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം. ഹൈദരബാദ് നൈസാം തെന്നിന്ത്യയിലെ മുഫ്തിമാരിലൊരാളായി അദ്ദേഹത്തെ അംഗീകരിച്ചു. 1933 ല്‍ സമസ്തയുടെ ലക്ഷ്യത്തിന്റെ മൂലാധാരമായി ഇന്നും കണക്കാക്കപ്പെടുന്ന എട്ടാം സമ്മേളനത്തിന്റെ പ്രമേയം അവതരിപ്പിച്ചത് അദ്ദേഹമാണ്. 

മൗലാനയുടെ ആദ്യവിവാഹം പിതൃസഹോദരിയുടെ പുത്രിയെയായിരുന്നു. അതില്‍ രണ്ട് സന്താ നങ്ങളുണ്ടായിരുന്നു. പിന്നീട് നാദാപുരം മേനക്കോത്തോര്‍ തറവാട്ടില്‍ കല്യാണം കഴിച്ചു. ഹിജ്‌റ 1374 മുഹര്‍റം 27ന് (1954 സപ്തംബര്‍ 26 ാം തിയ്യതി) നിര്യാതനായി. ചാലിയത്തെ ഖുത്ത്ബ്ഖാനക്ക് സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
 

Feedback