Skip to main content

കെ.എം. അബ്ദുല്‍ അഹദ് തങ്ങള്‍

സയ്യിദ് അബ്ദുള്ള മുശയ്യബ് എന്ന പണ്ഡിതന്റെ മകനായി തളിപ്പറമ്പിലാണ് 1927 ല്‍ അബ്ദുല്‍ അഹദ് തങ്ങള്‍ ജനിക്കുന്നത്. മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കിയിരുന്ന ആ പിതാവ് തങ്ങളെ തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് അയക്കുകയും അവിടെ നിന്ന് അദ്ദേഹം ഇന്റര്‍ മീഡിയറ്റ് പാസാവുകയും ചെയ്തു. തുടര്‍ന്ന് കെ.എം. മൗലവിയുടെ നിര്‍ദ്ദേശപ്രകാരം തങ്ങള്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്നു. വിദ്യാര്‍ഥിയായിരിക്കെത്തന്നെ അവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് കണക്കും ഇംഗ്ലീഷും ചരിത്രവും ഇദ്ദേഹം ക്ലാസെടുത്തിരുന്നു. 

1952ല്‍ ജമാഅത്ത് മെമ്പര്‍ഷിപ്പ് എടുത്തതോട് കൂടി തങ്ങള്‍ സജീവമായി പ്രവര്‍ത്തന രംഗത്തിറങ്ങി. 1959 മുതല്‍ 62 വരെയും 64 മുതല്‍ 70 വരെയും പ്രബോധനം മാനേജറായി തങ്ങള്‍ സേവമനുഷ്ഠിച്ചു. 62 മുതല്‍ 64 വരെ ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ മാനേജര്‍ ആയിട്ടാണ് സേവനമനുഷ്ഠിച്ചത്. 1974 മുതല്‍ 1990 വരെ ജമാഅത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇദ്ദേഹം 1953 മുതല്‍ ശുറാ അംഗവുമായിരുന്നു. 1990 മുതല്‍ കേരളത്തിലെ ഖുര്‍ആന്‍ അമീര്‍ സ്ഥാനം അലങ്കരിച്ച തങ്ങള്‍ ഇടക്കാലത്ത് ആക്ടിങ്ങ് അമീറായും സേവനമനുഷ്ഠിച്ചു.

എടയൂര്‍ പ്രദേശവാസിയായ ഇദ്ദേഹം, മരിക്കുന്നത് വരെ, എടയൂരിലെ ജംഇയ്യതുല്‍ മുര്‍ശിദീന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആയിരുന്നു. 2014 ആഗസ്റ്റ് 22 വെള്ളിയാഴ്ച അബ്ദുല്‍ അഹ്മദ് തങ്ങള്‍ നാഥന്റെ വിളിക്കുത്തരം നല്‍കി.
 

Feedback