Skip to main content

എന്‍ വി ഇബ്‌റാഹിം

പണ്ഡിതനും ചിന്തകനും സംഘാടകനും രാഷ്ട്രീയ നേതാവും അധ്യാപകനും തുടങ്ങി ബഹുമുഖ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച നേതാവായിരുന്നു എന്‍ വി ഇബ്‌റാഹിം.

1927 ജൂണ്‍ 6ന് മലപ്പുറം ജില്ലയിലെ അരീക്കോട് നൊട്ടന്‍ വീട്ടില്‍ മമ്മദിന്റെയും ആയിശയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനും ശേഷം മലപ്പുറം ഹൈസ്‌കൂളില്‍ ചേര്‍ന്ന് പഠനം നടത്തി. 1944 ല്‍ പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നാട്ടിലെത്തി ജ്യേഷ്ഠന്റെയും പണ്ഡിതനായിരുന്ന കുഞ്ഞാമുട്ടി മൗലവിയുടെയും ശിഷ്യത്വം സ്വീകരിച്ച് മതപഠനം നടത്തി. അരീക്കോട്ട് സുല്ലമുസ്സലാം അറബിക് കോളജ് തുടങ്ങിയപ്പോള്‍ അവിടെയായി തുടര്‍വിദ്യാഭ്യാസം. കെ ഉമര്‍മൗലവി, ശൈഖ് മുഹമ്മദ് മൗലവി, കെ പി മുഹമ്മദ് മൗലവി, പി പി മമ്മദ് മൗലവി എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്‍മാര്‍.

1951ല്‍ അറബിക് കോളജ് പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം മെട്രിക്കുലേഷന്‍ പരീക്ഷയെഴുതി ഒന്നാം ക്ലാസ്സോടെ പാസ്സായി. ഫാറുഖ് കോളജില്‍ ചേര്‍ന്ന് ഇന്റര്‍മീഡിയറ്റും മാത്തമാറ്റിക്‌സില്‍ ബിരുദവും കരസ്ഥമാക്കി. സുല്ലമുസ്സലാമിലെ പഠനത്തിന്നിടക്ക് 1948 ഏപ്രില്‍ 30ന് കാട്ടില്‍ വീട്ടില്‍ ഖദീജയെ വിവാഹം കഴിച്ചു.

1955ല്‍ അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്‍ ഭരണ സമിതി അംഗമായി തെരഞ്ഞെടു ക്കപ്പെട്ടു ഇസ്വ്‌ലാഹി പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു. സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരിക്കെയാണ് ഔദ്യോഗിക ജീവിതം അവസാനിച്ചത്. 1955 മുതല്‍ മുപ്പത് വര്‍ഷക്കാലം അവിടെ സേവനമനുഷ്ഠിച്ചു.

അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ്, സുല്ലമുസ്സലാം സ്ഥാപനങ്ങളുടെ മാനേജര്‍, സുല്ലമുസ്സലാം സയന്‍സ് കോളേജ് സെക്രട്ടറി, എടവണ്ണ ജാമിഅ നദ്‌വിയ്യ ട്രസ്റ്റ് മെമ്പര്‍, ഏറനാട് മുസ്‌ലിം എഡ്യുക്കേഷന്‍ അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി, ഇ എം ഇ എ കോളജ് കറസ്‌പോണ്ടന്റ്, കെ എന്‍ എം പരീക്ഷാ ബോര്‍ഡ്, സിലബസ് കമ്മിറ്റി കണ്‍വീനര്‍, ടെക്സ്റ്റ് ബുക്ക് രചനാ സമിതി ചെയര്‍മാന്‍, കെ എന്‍ എം ശാഖാ മണ്ഡലം, ജില്ലാ സംസ്ഥാന സമിതികളില്‍ അംഗം, അല്‍ മുനീര്‍ ഇംഗ്ലീഷ് ത്രൈമാസിക മാനേജിംഗ് എഡിറ്റര്‍, പുളിക്കല്‍ ജാമിഅ സലഫിയ്യ റജിസ്ട്രാര്‍, നിച്ച് ഓഫ് ട്രുത്ത് ഡയറക്ടര്‍ തുടങ്ങി വിവിധ പദവികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 

1964 മുതല്‍ 1985 വരെ അരീക്കോട് പഞ്ചായത്ത് പ്രസിഡന്റും മഞ്ചേരി ബി ഡി സി ചെയര്‍മാനുമായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍, മലപ്പുറം ജില്ലാ സ്‌കൗട്ട് കമ്മിഷണര്‍, ദേശീയ അധ്യാപക ഉപദേശക സമിതി അംഗം തുടങ്ങി അദ്ദേഹം സേവനമനുഷ്ഠിച്ച രംഗങ്ങള്‍ നിരവധിയാണ്. 1976-77 ല്‍ പ്രശസ്ത അധ്യാപകനുള്ള ദേശീയ അധ്യാപക അവാര്‍ഡ് നേടി.

അല്‍മനാറിലും ശബാബിലും സല്‍സബീലിലും മറ്റും എഴുതിയ നിരവധി ലേഖനങ്ങള്‍ യുവത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്‌ലാം ഗ്രന്ഥ പരമ്പരയുടെ ആദ്യ മൂന്ന് വാള്യങ്ങളുടെയും പ്രധാന സൂത്രധാരകരില്‍ ഒരാളായിരുന്നു അദ്ദേഹം. മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും മതസംഘടനാ നേതാക്കള്‍ക്കും വിശ്വസ്തനായ മാര്‍ഗദര്‍ശനായിരുന്നു അദ്ദേഹം. അല്‍ മനാറില്‍ വളരെക്കാലം ഇസ്‌ലാമിക ചരിത്രപംക്തി അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ആദ്യകാല മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളുടെ പ്രധാന സൂത്രധാരകരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഫറോക്ക് സമ്മേളനത്തില്‍ വെച്ച് 'അല്‍ മുനീര്‍' ഇംഗ്ലീഷ് ത്രൈമാസിക പ്രകാശനം ചെയ്തു. 

1999 മെയ് 5ന് അദ്ദേഹം അന്തരിച്ചു. പ്രൊഫ. എന്‍ വി സുആദ, സമിയ്യ, സകീബ, നമീറ, നസീജ, നജീബ, അമീര്‍, അന്‍വര്‍, അസ്ഹര്‍, അജ്‌വദ് എന്നിവരാണ് സന്താനങ്ങള്‍.

Feedback