സമസ്ത സുന്നിയുടെ നേതാവും പണ്ഡിതനും പ്രാസംഗികനുമായിരുന്നു കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍. സമസ്തയുടെ നിരവധി ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുള്ള ബാപ്പു മുസ്‌ലിയാര്‍ മരണപ്പെടുന്ന സമയത്ത്് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി, സുപ്രഭാതം ദിനപത്രം ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെയും ഫാത്വിമ ഹജ്ജുമ്മയുടെയും മകനായി 1952ല്‍ ആണ് അദ്ദേഹം ജനിക്കുന്നത്. പിതാവിന്റെ അടുത്ത് നിന്ന് തന്നെ അറിവിന്റെ പ്രാഥമിക പാഠങ്ങള്‍ നുകര്‍ന്ന ഇദ്ദേഹം പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ്യയിലെത്തി. ജാമിഅയില്‍ മതപഠനവും പട്ടിക്കാട് ഹൈസ്‌കൂളില്‍ ഭൗതികപഠനവും ഇദ്ദേഹം ഒരുമിച്ച് തുടര്‍ന്നു. പിന്നീട് മേല്‍മുറി ആലത്തൂര്‍ പടിയിലെ ദര്‍സിലും പൊട്ടിച്ചിറ അന്‍വാരിയ്യ അറബിക് കോളേജിലും പഠനം നടത്തിയ ഇദ്ദേഹം 1971ല്‍ ജാമിഅ നൂരിയ്യയിലെ ആറാം ക്ലാസില്‍ ചേരുകയും 1975 ല്‍ ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
പഠനത്തിനു ശേഷം ചേറ്റൂര്‍ ജുമുഅ മസ്ജിദില്‍ ഖാസിയും മുദരിസുമായി ജോലിയില്‍ പ്രവേശിച്ചു. ബാപ്പു മുസ്‌ലിയാര്‍ പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തെതുടര്‍ന്ന് കാളമ്പാടി, മുണ്ടേക്കാട് എന്നീ മഹല്ലുകളിലെ ഖാസിയാവുകയും മരണംവരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.
സേവനപാതയില്‍ നന്തി ദാറുസ്സലാമിലെത്തിയ ബാപ്പു മുസ്‌ലിയാര്‍ പിന്നീട് കടമേരി റഹ്മാനിയ കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയിത്തീര്‍ന്നു. പുട്ടര്‍, കുറ്റിച്ചിറ, കൊളപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ മുജാഹിദുകളുമായി നടന്ന വാദപ്രതിവാദത്തില്‍ ബാപ്പു മുസ്‌ലിയാര്‍ പങ്കെടുത്തിരുന്നു.
സമസ്തയുടെ നിരവധി സ്ഥാനമാനങ്ങള്‍ വഹിച്ച ഇദ്ദേഹം 2017 ജനുവരി 10ന് ഇഹലോകവാസം വെടിഞ്ഞു.