1917 ജൂണ്‍ 20ന് കോഴിക്കോട് ജില്ലയില്‍ കാരശേരി പഞ്ചായത്തില്‍ മഞ്ചറയില്‍ ജനിച്ചു. പിതാവ് മഞ്ചറ അഹമ്മദ് ഹാജിയാണ്. കൊടിയത്തൂര്‍ മ്രദസയില്‍ നിന്നും എല്‍ പി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം. പാരമ്പര്യമായിത്തന്നെ മത വിദ്യാഭ്യാസത്തില്‍ വളരെ ശ്രദ്ധയുള്ള കുടുംബമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രണ്ടു വര്‍ഷം വാഴക്കാട് ദാറുല്‍ ഉലും ദര്‍സില്‍ ആയഞ്ചേരി തേറക്കണ്ടി അബ്ദുറ്മാന്‍ മുസ്‌ലിയാരുടെ കീഴില്‍ പഠനം നടത്തി. മാട്ടൂലിലും പെരിങ്ങത്തൂരില്‍ പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മൗലവിയുടെ ശിഷ്യനായും പഠനം തുടര്‍ന്നു.
1937 ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക് ഉപരിപഠനത്തിനു പോയി. 1941ല്‍ ഒന്നാം സ്ഥാനം നേടി വെല്ലൂരില്‍ നിന്ന് എം.എഫ്.ബി പാസായതോടെ അതേ കോളജിന്റെ മേല്‍നോട്ടത്തിലും ചെലവിലുമായി മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള അഫ്‌സലുല്‍ ഉലമ പരീക്ഷ എഴുതി. 1941ല്‍ വെല്ലൂരില്‍ നിന്ന് വന്ന ശേഷം പൂര്‍വവിദ്യാലയമായ വാഴക്കാട് ദാറുല്‍ ഉലൂമില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. അന്ന് പറവണ്ണ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരായിരുന്നു ദാറുല്‍ ഉലൂമിലെ പ്രധാനാധ്യാപകന്‍. കേരളത്തിലെ പല പ്രഗത്ഭ പണ്ഡിതന്‍മാരും അന്ന് വാഴക്കാട്ടെ വിദ്യാര്‍ഥികളായിരുന്നു.
മദ്ഹബ് സംബന്ധിച്ച വിഷയങ്ങളില്‍ ഓരോ പ്രശ്‌നത്തിന്റെ സൂക്ഷ്മമായ പണ്ഡിതാഭിപ്രായങ്ങളും ബലാബലങ്ങളും സ്വയം ഗ്രഹിക്കാന്‍ വാഴക്കാട്ട് ദാറുല്‍ഉലൂമിലെ വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം ശിക്ഷണം നല്‍കി. സ്വയം വിശദീകരിച്ചു കൊടുക്കുന്നതിനേക്കാള്‍ ഗ്രന്ഥങ്ങളുടെ പേരും ഭാഗവും നിര്‍ദേശിച്ച് വിദ്യാര്‍ഥികളെ കൊണ്ട് അവ നേരിട്ടു പഠിക്കുന്ന സംവിധാനമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നു.
മദീനത്തുല്‍ ഉലൂം അറബിക് കോളെജിന്റെ ഉല്‍പത്തിക്ക് കാരണഭൂതമായ വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളെജിന്റെ ഉല്‍ഭവകാലത്ത് എം സി സി അബ്ദുറഹ്മാന്‍ മൗലവിയുടെ കൂടെ ശൈഖ് മൗലവി അവിടെ ഒരു അധ്യാപകനായിരുന്നു. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജ്, മദിരാശി സര്‍വകലാശാല അംഗീകരിക്കുന്നതിന് മുമ്പ് തന്നെ ശൈഖ് മൗലവി അതിന്റെ പ്രിന്‍സിപ്പലായിരുന്നു. 14 വര്‍ഷം അദ്ദേഹം അവിടെ സേവനം ചെയ്തു. പുളിക്കല്‍ മദീനത്തുല്‍ ഉലൂമിലെ അധ്യാപനായിരുന്ന എം സി സി ഹസ്സന്‍ മൗലവി നിര്യാതനായപ്പോള്‍ ആ ഒഴിവ് നികത്തിയത് ശൈഖ് മൗലവിയായിരുന്നു. തുടര്‍ന്ന് നന്‍മണ്ടയില്‍ സദര്‍ മുദരിസ്സായും ഖത്തീബായും അദ്ദേഹം സേവനം ചെയ്തു. 1964ല്‍ ജാമിഅ നദ്‌വിയ്യയുടെ പ്രിന്‍സിപ്പലായി. ശേഷം വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജിന്റെ പ്രിന്‍സിപ്പാളായി.
പ്രഗത്ഭരായ പല പണ്ഡിതന്‍മാരും മൗലവിയുടെ ശിഷ്യന്‍മാരാണ്. മദീനാ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ അബൂദുസ്സമദ് മൗലവി, കെ എന്‍ ഇബ്രാഹിം മൗലവി, കെ പി മുഹമ്മദ് മൗലവി, കെ സി അബൂബക്കര്‍ മൗലവി, അഹ്മദ് കുട്ടി, അലി അക്ബര്‍ മൗലവി, അബ്ദുല്ല അസ്ഹരി, എന്‍ വി ഇബ്രാഹിം മാസ്റ്റര്‍, എന്‍ കെ അഹ്മദ് മൗലവി കടവത്തൂര്‍ എന്നിവര്‍ അതില്‍ പ്രമുഖരാണ്.
കോഴിക്കോട് സര്‍വകലാശാല പൗരസ്ത്യഭാഷാ വിഭാഗത്തിന്റെ തലവന്‍, കേരള ജംഇത്തുല്‍ ഉലമാ പ്രസിഡന്റ്, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശൈഖ് മൗലവി ഹദീസില്‍ അവഗാഹമുള്ള പണ്ഡിതനായിരുന്നു. മാതൃഭാഷക്കു പുറമെ അറബിയിലും ഉറുദുവിലും എഴുതാനും പ്രസംഗിക്കാനും അസാമാന്യകഴിവ് പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. അഞ്ചു മക്കളുണ്ട്.
മോങ്ങം വനിതാ അറബിക് കോളജിന്റെ പ്രിന്‍സിപ്പലായിരിക്കെ 1977 മാര്‍ച്ച് 16 ന് മരണപ്പെട്ടു.