1921ല്‍ മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് ഉഗ്രപുരം ഗ്രാമത്തില്‍ ജനിച്ചു. കുറ്റിപ്പുറത്ത് ചാലി തറവാട്ടിലെ പാണ്ടം പുതുവാഴപ്പറമ്പില്‍ രായിന്‍കുട്ടി, പുത്തന്‍പീടിക ഉമ്മാച്ചു ദമ്പതികളുടെ രണ്ടാമത്തെ മകന്‍. പൂങ്കുടി എയ്ഡഡ് എല്‍ പി സ്‌കൂളിലും, വിളിയില്‍, പറപ്പൂര്‍, കുറ്റിക്കാട്ടൂര്‍, മാഹി, പുതിയ പള്ളി, ദര്‍സുകളിലും വാഴക്കാട് ദാറുല്‍ ഉലൂം, മദീനത്തുല്‍ ഉലൂം അറബിക് കോളെജ് എന്നിവിടങ്ങളിലുമായിരുന്നു വിദ്യാഭ്യാസം. 1937ല്‍ മാഹിയില്‍ കിതാബോതുന്ന സമയത്താണ് വാഴക്കാട്ട് ചേര്‍ന്നത്. 1945ല്‍ അഫ്‌സലുല്‍ ഉലമ പ്രിലിമിനറിയും പിന്നീട് ഫൈനല്‍ ബിരുദവും നേടി.
മുണ്ടക്കുളം മൂസ മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ അബ്ദുറഹ്മാന്‍ കുട്ടി മുസ്‌ല്യാര്‍, ഹാഫിദ് മമ്മുട്ടി മുസ്‌ല്യാര്‍, മലയമ്മ അബൂബക്കര്‍ മുസ്‌ല്യാര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍, കെ എം മൗലവി എം സി സി അബ്ദുറഹ്മാന്‍ മൗലവി, ശൈഖ് മുഹമ്മദ് മൗലവി എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. 1946ല്‍ തിരൂരങ്ങാടി യതീംഖാനയില്‍ അറബി അധ്യാപകനായി ചേര്‍ന്നു. പിന്നീട് അരീക്കോട്സുല്ലമുസ്സലാം അറബിക് കോളെജ്, പുളിക്കല്‍ മദീനത്തുല്‍ ഉലും അറബിക് കോളെജ് എന്നവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം വനിതാ അറബിക് കോളെജില്‍ അധ്യാപകനായിരിക്കെ ശൈഖ് മുഹമ്മദ് മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുത്തു. പ്രിന്‍സിപ്പല്‍ സ്ഥാനത്തിരുന്നു കൊണ്ടാണ് സര്‍വീസില്‍ നിന്നും പിരിഞ്ഞത്.
ഖുര്‍ആന്‍-ഹദീസ് വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന കെ സി 1948ല്‍ മുക്കത്തും 1950ല്‍ പൂനൂര്‍, താനാളുര്‍ എന്നിവിടങ്ങളിലും നടന്ന സുന്നി-മുജാഹിദ് വാദപ്രതിവാദങ്ങളില്‍ മുജാഹിദ് പക്ഷത്തെ പ്രതിനിധീകരിക്കുകയുണ്ടായി. മുസ്‌ലിംയാഥാസ്ഥിതിക വിഭാഗത്തെയും നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളെയും ഒരേസമയം ചെറുത്തുതോല്പിക്കാന്‍ കഴിവുള്ള ഇരുതല മുര്‍ച്ചയുള്ള ആയുധമായിരുന്നു കെ സിയുടെ നാവ്. ''ജ്ജ് നല്ലൊരു മനുസനാകാന്‍ നോക്ക്'' എന്ന നാടകം തന്നെ കെ സിയെ ഉദ്ദേശിച്ചെഴുതിയതാണത്രെ.
പത്തപ്പിരിയം, നിലമ്പൂര്‍, ചാലിയം, കടലുണ്ടി, കോഴിക്കോട് പട്ടാളപ്പള്ളി, കൊച്ചി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ഖതീബായി. കേരളാ ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ട്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, തിരൂരങ്ങാടി യതീംഖാന പ്രവര്‍ത്തക സമിതി അംഗം, മോങ്ങംഅന്‍വാറുല്‍ ഇസ്‌ലാം വനിതാ കോളേജ് ഭരണ സമിതി അംഗം തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു. കേരളാ വഖഫ് ബോര്‍ഡ്, കേരള ഹജ്ജ് കമ്മിറ്റി എന്നിവയിലും വളരെക്കാലം മെമ്പറായി.
ഫലിതരസം തുളുമ്പുന്ന വാക്ക് ശരങ്ങളുമായി എതിരാളികളെ ആഞ്ഞടിക്കുന്ന കെ സി ഒരു കാലത്ത് മുസ്‌ലിം കേരളത്തിന്റെ ഹരമായിരുന്നു. തന്റെ വാഗ്വിലാസം കൊണ്ട് മുജാഹിദ് സ്റ്റേജുകളെയെന്ന പോലെ ലീഗ് സ്റ്റേജുകളെയും അദ്ദേഹം ധന്യമാക്കി. 1946 ല്‍ കെ എം മൗലവിയുടെ ശിഷ്യത്വം സ്വീകരിച്ച് തിരൂരങ്ങാടിയിലേക്ക് പോയി. തുടര്‍ന്ന് 1947ല്‍ അരിക്കോട് ചേര്‍ന്നു. പിന്നീട് എടവണ്ണ, പത്തപ്പിരിയം, നിലമ്പുര്‍ എന്നിവിടങ്ങളായിരുന്നു പ്രവര്‍ത്തനകേന്ദ്രം.
രാഷ്ട്രീയ നേതാക്കളും മതപണ്ഡതന്മാരും 'കെ സി പറഞ്ഞപോലെ' എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ നര്‍മോക്തികള്‍ ഉദ്ധരിക്കാറുണ്ട്. മതരംഗത്ത് കെ എം മൗലവിയും രാഷ്ട്രീയരംഗത്ത് കെ എം സീതി സാഹിബുമായിരുന്നു കെ സിയുടെ മാതൃകാപുരുഷന്മാര്‍. കേരളത്തിലെ രാഷ്ട്രീയസങ്കല്പങ്ങളെ ഇളക്കിമറിച്ച പ്രതിഭാശാലിയായ പ്രസംഗകനായിരുന്ന കെസി ആദര്‍ശ പ്രചാരണമെന്ന മഹാദൗത്യത്തില്‍ കുടുംബത്തെ പ്പോലും അദ്ദേഹം മറന്നുപോയിരുന്നു. എന്നും പ്രസംഗ യാത്രകളായിരുന്നു. ഒരു സ്റ്റേജില്‍ നിന്നും മറ്റൊന്നിലേക്ക്. ആറു പതിറ്റാണ്ടുകാലം മുസ്‌ലിംലീഗ്വേദികളില്‍ ഖാഇദേമില്ലത്ത് അടക്കമുള്ള നേതാക്കള്‍ക്കൊപ്പം അദ്ദേഹംപ്രസംഗിച്ചു. മറ്റാരെക്കാളുമധികം മുസ്‌ലിം ലീഗിന്റെ ശബ്ദമായി നിറഞ്ഞുനിന്നുവെങ്കിലും അധികാര സ്ഥാനങ്ങളോട്അകലേ എന്ന കാഴ്ചപ്പാടയിരുന്നു കെ സിക്കുണ്ടായിരുന്നത്. സമുദായത്തെ നന്മയുടെ വഴിലേക്ക് കൈപിടിച്ചു നടത്തുകയെന്നതാണ് പൊതുപ്രവര്‍ത്തകന്റെ കടമയെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
ശൈഖ് മൗലവിയാണ് തന്നെ ഏകദൈവ വിശ്വാസത്തിലേക്കും ഖുര്‍ആനും ഹദീസും ആധാരമാക്കി ജീവിതംനയിക്കുന്നതിലേക്കും വഴികാട്ടിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വഹാബി വിരുദ്ധ പ്രസംഗകനാകാനായിരുന്നു ആഗ്രഹം. 1948ല്‍ അരീക്കോട്ട് നിന്നാണ് കെ സി യുടെ വിവാഹം. ചക്കിപ്പറമ്പന്‍ സൈതാലിക്കുട്ടിയുടെ മകള്‍ മറിയക്കുട്ടിയാണ് ഭാര്യ. കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളെജ് അധ്യാപകനായിരുന്ന കെ സി നിഅ്മത്തുല്ലാ ഫാറൂഖി ഉള്‍പ്പെടെ അഞ്ചു പുത്രന്മാരുമാണ് കെ സിക്കുള്ളത്. മരിക്കുമ്പോള്‍ 85 വയസ്സായിരുന്നു.