ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവും പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു കര്‍മശാസ്ത്ര വിദഗ്ധനായിരുന്ന ടി. ഇസ്ഹാഖലി. 1948ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളഘടകം രൂപീകൃതമായതുമുതല്‍ അതിന്റെ അംഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ടി. ഇസ്ഹാഖലി പല സ്ഥാനങ്ങള്‍ വഹിക്കുകയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. അബൂശാകിര്‍ എന്ന തൂലികാനാമത്തില്‍ പ്രബോധനം മാസികയിലെ 'പ്രശ്‌നവും വീക്ഷണവും' എന്ന കര്‍മശാസ്ത്ര പംക്തി കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു.
മൊയ്തീന്‍ കുട്ടിയുടെയും ബീവിക്കുട്ടിയുടെയും മകനായി 1926ല്‍ പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തില്‍പ്പെട്ട പന്നിയൂരിലാണ് ഇദ്ദേഹത്തിന്റെ ജനനം. അഞ്ചാം ക്ലാസ് വരെ ആനക്കര മാപ്പിള സ്‌കൂളില്‍ പഠിച്ചു. പിന്നീട് ശ്രദ്ധ മതപഠനത്തിലേക്ക് കേന്ദ്രകരിച്ചു. അന്ന് ദര്‍സുകളിലായിരുന്നു മതപഠനം കുടികൊണ്ടിരുന്നത്. കുമ്പിടി, കുറ്റിപ്പുറം, കുടല്ലൂര്‍, ആനക്കര, തൊഴുവാനൂര്‍, തിരുവേഗപ്പുറ, ചാവക്കാട്, പുതിയങ്ങാടി എന്നിവിടങ്ങളിലെ ദര്‍സുകളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പില്‍ക്കാലത്ത് അറബി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം നേടി.
ഒരു പ്രാസംഗികന്‍ എന്നതിനപ്പുറം നേതൃരംഗത്തും വിദ്യഭ്യാസ രംഗത്തും രചനാ രംഗത്തുമാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര പ്രതിനിധി സഭാംഗം കേരള ശൂറാംഗം എന്നീ സ്ഥാനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം, എടവനക്കാട് ഇര്‍ശാദുല്‍ മുസ്‌ലിമീന്‍, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജ്, ശന്തപുരം ഇസ്‌ലാമിയ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും കുറ്റ്യാടി ഇസ്‌ലാമിയ്യ, ശാന്തപുരം ഇസ്‌ലാമിയ്യ എന്നീ കോളെജുകളില്‍ പ്രിന്‍സിപ്പാള്‍ ആയും സേവനമനുഷ്ഠിച്ചു.
നിരവധി ഗ്രന്ഥങ്ങളും മദ്‌റസാ പാഠപുസ്തകങ്ങളും രചിച്ച ടി. ഇസ്ഹാഖലി 1985 നവംബര്‍ 2ന് ഇഹലോകവാസം വെടിഞ്ഞു.
പ്രധാന കൃതികള്‍
തഫ്ഹീമുല്‍ ഖുര്‍ആന്‍ 1,2, വല്യങ്ങള്‍
ഫിഖ്ഹുസ്സുന്ന 1, 2 3 വാല്യങ്ങള്‍ (വിവര്‍ത്തനം)
ഹദീസ് ഭാഷ്യം
പ്രാര്‍ത്ഥനകള്‍