Skip to main content

ഡോ. ബശീര്‍ അഹ്മദ് മുഹ്‌യിദ്ദീന്‍

 
കേരളത്തില്‍ ജനിച്ച് ലോക മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ഏറെ പ്രശസ്തി നേടിയ പണ്ഡിതനും ഗ്രന്ഥകാരനും ഖുര്‍ആന്‍ വ്യാഖ്യാതാവുമാണ് ഡോ. ശൈഖ് ബശീര്‍ അഹ്മദ് മുഹ്‌യുദ്ദീന്‍. 

dr bashir ahmed Muhyiddin

1937 ല്‍ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള പറവണ്ണയില്‍ ജനിച്ചു. പ്രശസ്ത പണ്ഡിതനും സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപകനുമായ പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ല്യാരാണ് പിതാവ്. മാതാവ് ആയിശ ഉമ്മ. പറവണ്ണ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, വാഴക്കാട് ദാറുല്‍ ഉലൂം കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ശേഷം തമിഴ്‌നാട് വെല്ലൂരിലെ ബാഖിയാതുസ്സ്വാലിഹാത്ത് കോളേജിലും പിന്നീട് യു.പിയിലെ ദാറുല്‍ ഉലൂം ദുയൂബന്ദിലും ചേര്‍ന്നു. ഈജിപ്തിലെ പ്രശസ്തമായ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നും നൈജീരിയയിലെ എലോറിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി.

സുഊദി അറേബ്യയിലെ മതകാര്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുമ്പോള്‍ ഇസ്‌ലാമിക പ്രചാരണാര്‍ഥം നൈജീരിയയിലേക്ക് നിയോഗിക്കപ്പെട്ടു. ജീവിതത്തിന്റെ വലിയൊരു ഭാഗം നൈജീരിയന്‍ ഭാഷകളായ ഹൗസ, യൊറൂബ, ഇബോ എന്നീ ഭാഷകളിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതിനും ''ഖുര്‍ആന്‍ ദ ലിവിംഗ് ട്രൂത്ത്'' എന്ന പേരില്‍ ഖുര്‍ആനിന്ന് ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കുന്നതിനും വേണ്ടി മാറ്റി വെച്ചു. ഖുര്‍ആനിന്നു പുറമെ ഹദീസ്, ഫിഖ്ഹ്, ഇസ്‌ലാമിക ചരിത്രം എന്നിവയിലും അദ്ദേഹത്തിന് അവഗാഹമുണ്ട്.

മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍, മാലി ദ്വീപ് പ്രസിഡന്റ് മഅ്മൂന്‍ അല്‍ ഖയൂം, മലേഷ്യന്‍ മന്ത്രി ഹസന്‍ നൂര്‍, ബ്രൂണെ മന്ത്രി യഹ്‌യ, എഴുത്തുകാരന്‍ മുഹ്‌യുദ്ദീന്‍ ആലുവായി എന്നിവരുടെയെല്ലാം സഹപാഠിയായിരുന്നു ഡോ. ശൈഖ് ബശീര്‍ അഹ്മദ് മുഹ്‌യുദ്ദീന്‍.

ഖുര്‍ആന്‍ ഇതുവരെ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ലാത്ത ഭാഷകള്‍ അന്വേഷിച്ച് കണ്ടെത്തി, ആ ഭാഷ പഠിച്ച ശേഷം ആ ഭാഷയിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ദൈവത്തിന്റെ സന്ദേശം എത്താത്ത ജനവിഭാഗങ്ങളിലേക്ക് അതെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഹൗസ, യൊറൂബ, ഇബോ തുടങ്ങിയ ആഫ്രിക്കന്‍ ഭാഷകളിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ താല്പര്യം ഇതായിരുന്നു.

hh

ജീവിതത്തിലുടനീളം വളരെ വിനയാന്വിതനും ആദരണീയനുമായ സേവകനായും ഇസ്‌ലാമിക പണ്ഡിതനായും ജീവിച്ചു. ഭക്തിയിലും ജനങ്ങളെ സേവിക്കുന്നതിലും അദ്ദേഹം സന്തോഷം കണ്ടെത്തി. തന്റെ നേട്ടങ്ങള്‍ പരസ്യമാക്കി അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. ജനിച്ചു വളര്‍ന്ന കേരളത്തില്‍ പോലും ഈ മഹാനായ ഖുര്‍ആന്‍ പണ്ഡിതനെ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ അറിയാവുന്നവര്‍ വളരെ ചുരുക്കം.  അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് പൊതുജനങ്ങള്‍ അദ്ദേഹത്തെ അടുത്തറിയുന്നത്. 

2005 ല്‍ തന്റെ 67ാം വയസ്സില്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് അദ്ദേഹം അന്തരിച്ചു. മരിക്കുമ്പോള്‍ നൈജീരിയയിലെ കാനോ യൂണിവേഴ്‌സിറ്റിയിലെ ലോ ഫാക്കല്‍റ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായും സുഊദി അറേബ്യയിലെ മതകാര്യ മന്ത്രാലയത്തില്‍ പ്രതിനിധിയായും സേവനമനുഷ്ഠിക്കുകയായിരുന്നു. കേരളത്തിലെ തൃശ്ശൂരിനടുത്തുള്ള സയ്യിദ് ഹബീബ് അബ്ദുല്ല ബിന്‍ അലവി അല്‍ ഹദ്ദാദ് ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാനായിക്കുളത്തെ പ്രമുഖ പണ്ഡിതനായ അബ്ദുറഹ്മാന്‍ മുസ്‌ല്യാരുടെ മകള്‍ ആസ്യയാണ് ഭാര്യ.
 

Feedback