Skip to main content

പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍

കേരളത്തിലെ പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകരില്‍ പ്രധാനിയുമായിരുന്നു പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍. 1888 ല്‍ മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പാങ്ങ് പ്രദേശത്താണ് അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ ജനിച്ചത്. പിതാവ് ആറങ്കോട്ട് പുത്തന്‍പീടികക്കല്‍ നൂറുദ്ദീന്‍. മാതാവ് പഴമടത്തില്‍ തിത്തികുട്ടി. കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിനെത്തിയ താബിഉകളില്‍ പ്രമുഖനായ ഹബീബ് ബ്‌നു മാലികിന്റെ സന്താന പരമ്പരയായ മുല്ലവി കുടുംബമാണ് അദ്ദേഹത്തിന്റേത്.

Pangil-Ahmed-Kutti-Musliyar

പ്രാഥമിക പഠനത്തിനു ശേഷം കട്ടിലശ്ശേരി അലി മുസ്‌ലിയാര്‍, കരിമ്പനക്കല്‍ അഹമ്മദ് മുസ്‌ലിയാര്‍, മടത്തൊടിയില്‍ കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ കീഴില്‍ ദര്‍സ് പഠനം. തുടര്‍ന്ന് വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത്, ലത്വീഫിയ്യ എന്നിവിടങ്ങളില്‍ ഉപരിപഠനവും നടത്തി. ശാഹ് അബ്ദുല്‍ വഹാബ് ഹസ്‌റത്ത്, അബ്ദുല്‍ ഖാദിര്‍ ബാദ്ഷാ ഹസ്‌റത്ത്, ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്ത്, മുഹമ്മദ് ഹുസൈന്‍ ഖാന്‍ (ഫാരിസി ഖാന്‍), ശൈഖ് അബ്ദുറഹീം എന്നിവര്‍ ഗുരുനാഥന്‍മാരായിരുന്നു.

പഠനാനന്തരം പാങ്ങ് ജുമുഅത്ത് പള്ളിയില്‍ ദര്‍സ് അധ്യാപനം തുടങ്ങി. മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം മദ്‌റസ, താനൂര്‍ വലിയകുളങ്ങര പള്ളി, ഇസ്‌ലാഹുല്‍ ഉലൂം അറബി മദ്‌റസ, പടന്ന ജുമുഅത്ത് പള്ളി എന്നിവിടങ്ങളിലും ദര്‍സ് നടത്തി. അബ്ദുല്‍ ഖാദിര്‍ ഫള്ഫരി, കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, അരിപ്ര മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, തൂതക്കല്‍ കുഞ്ഞാപ്പു മുസ്‌ലിയാര്‍, കുളപ്പുറം കുട്ടി ഹസന്‍ മുസ്‌ലിയാര്‍, ഓമച്ചപ്പുഴ അബൂബക്കര്‍ മുസ്‌ലിയാര്‍, നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, വെള്ളിയാമ്പുറം സെയ്താലി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യ പ്രമുഖരാണ്.

അധ്യാപനം, പ്രഭാഷണം, രചന തുടങ്ങിയ മേഖലകളില്‍ പ്രശോഭിച്ചു നില്‍ക്കുമ്പോഴാണ് മലബാറില്‍ ഖിലാഫത്ത്-കുടിയാന്‍ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്നത്. വൈകാതെ പ്രസ്ഥാനത്തിന്റെ പ്രഥമ പ്രവര്‍ത്തകരിലൊരാളായി അദ്ദേഹം മാറി. സമരാനുകൂലിയായതിനാല്‍ മണ്ണാര്‍ക്കാട്ടെ സേവനം അവസാനിപ്പിച്ചു. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ഖിലാഫത്ത്-കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തിപ്പെടുത്താന്‍ മുന്നിട്ടറങ്ങി. 1921 ജൂലൈ 24-ന് പുതുപൊന്നാനിയില്‍ നടന്ന ഉലമാ സമ്മേളനത്തില്‍ പങ്കെടുത്തു. 1921 ആഗസ്റ്റ് 16-ന് കലക്ടര്‍ ഇ.എഫ് തോമസ് സമര്‍പ്പിച്ച നിര്‍ബന്ധമായും അറസ്റ്റ് ചെയ്യപ്പെടേണ്ട 18 പേരുടെ ലിസ്റ്റില്‍ അദ്ദേഹവും സഹോദരന്‍ അലവിക്കുട്ടി മുസ്‌ലിയാരും ഉള്‍പ്പെട്ടു. സമരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ രംഗം ശാന്തമാക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. ആലി മുസ്‌ലിയാര്‍ വിചാരണയെ നേരിട്ട് കൊലമരത്തിലേക്ക് നീങ്ങുകയും കെ.എം. മൗലവി നാടുവിടേണ്ടി വരികയും ചെയ്തപ്പോള്‍ അഹ്‌മദ് കുട്ടി മുസ്‌ല്യാര്‍ ഒളിച്ചു നടന്ന് വഴിതെറ്റുന്ന സമര ഭടന്മാരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  

മലബാര്‍ സമരാനന്തരം നൂറ്റാണ്ടുകള്‍ പഴക്കമുള്ള താനൂര്‍ വലിയകുളങ്ങര പള്ളിയിലെ മുദരിസായി പാങ്ങില്‍ നിയമിക്കപ്പെട്ടു. 1924-ല്‍ ഈ ദര്‍സിന് ഇസ്‌ലാഹുല്‍ ഉലൂം അറബി മദ്‌റസ എന്ന് നാമകരണം നടത്തി. മദ്‌റസയുടെ മാനേജറായും സ്വദര്‍ മുദരിസായും അദ്ദേഹം തന്നെ പ്രവര്‍ത്തിച്ചു. സ്ഥാപനത്തിന് വേണ്ടി വെല്ലൂര്‍ ബാഖിയാത്ത് മാതൃകയില്‍ കെട്ടിടം നിര്‍മിച്ചു. 1943 വരെ ഇസ്‌ലാഹുല്‍ ഉലൂമില്‍ സേവനം ചെയ്തു. പിന്നീടുള്ള അധ്യാപനം പടന്നയിലായിരുന്നു.

1925 ജൂണ്‍ 1,2 തിയതികളില്‍ കോഴിക്കോട് നടന്ന ഐക്യസംഘത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനം മലബാറിലേക്കുള്ള പ്രസ്ഥാനത്തിന്റെ വരവറിയിച്ചു. അഹ്‌മദ് കോയ ശാലിയാത്തി, അച്ചിപ്ര കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പള്ളിപ്പുറം അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരോടൊപ്പം പാങ്ങിലും പ്രതിരോധ നിരയിലേക്ക് എടുത്തുചാടി. വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ആശീര്‍വാദ ത്തോടെ ഐക്യസംഘത്തിന്റെ സമ്മേളനം നടന്ന കോഴിക്കോട് തന്നെ പണ്ഡിത സംഗമം വിളിച്ചു ചേര്‍ത്തു. കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ നടന്ന സംഗമത്തില്‍ പണ്ഡിതന്‍മാര്‍ സംഘടിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തി പ്രസംഗിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമാക്ക് രൂപം നല്‍കി. ഈ സംഘം ഒരു വര്‍ഷം പ്രവര്‍ത്തിക്കുകയും മലബാറിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇവയുടെയെല്ലാം മുഖ്യസൂത്രധാരനും പ്രധാന പ്രവര്‍ത്തകനും പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരായിരുന്നു.

1926 ജൂണ്‍ 26 ശനിയാഴ്ച കോഴിക്കോട് ജൂബിലി ടൗണ്‍ഹാളില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പുതിയ സംഘടന രൂപീകരിക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് പാങ്ങിലിനെ നിര്‍ദേശിക്കപ്പെട്ടെങ്കിലും സാത്വികനും സയ്യിദുമായ വരക്കല്‍ തങ്ങളെ ആ സ്ഥാനത്തേക്കിരുത്തി സമുദായത്തിന് മാതൃകയാവുകയായിരുന്നു. പ്രഥമ കമ്മിറ്റിയിലെ വൈസ് പ്ര സിഡന്റ് സ്ഥാനം വഹിച്ചിരുന്ന പാങ്ങിലിന്റെ തുടര്‍ന്നുള്ള ജീവിതം സമസ്തക്ക് സമര്‍പിക്കപ്പെട്ടതായിരുന്നു.

1927 ഫെബ്രുവരി 7-ന് പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ തട്ടകമായ താനൂരില്‍ സമസ്തയുടെ പ്രഥമ സമ്മേളനം നടന്നു. 1927 ഡിസംബര്‍ 31-ന് മോളൂരില്‍ നടന്ന രണ്ടാം സമ്മേള ത്തില്‍ പാങ്ങിലായിരുന്നു അധ്യക്ഷന്‍. മൂന്നാം സമ്മേളനം 1929 ജനുവരി 7-ന് ചെമ്മന്‍കുഴിയിലും നാലാം സമ്മേളനം 1930 മാര്‍ച്ച് 17-ന് മണ്ണാര്‍ക്കാടും അഞ്ചാം സമ്മേളനം 1931 മാര്‍ച്ച് 11-ന് വെള്ളിയഞ്ചേരിയിലും നടന്നു. 1932-ല്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നിര്യാതനായതോടെ തല്‍സ്ഥാനത്തേക്ക് പാങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ടു. 1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ നടന്ന ആറാം സമ്മേളനം അദ്ദേഹം പ്രസിഡന്റായതിനു ശേഷമുള്ള പ്രഥമ സമ്മേളനമായിരുന്നു. ഫറോക്ക് സമ്മേളനത്തിനു ശേഷം 9 സമ്മേളനങ്ങള്‍ നടന്നു. 1945 മെയ് 27, 28 തിയതികളില്‍ കാര്യവട്ടത്തു നടന്ന 16-ാം സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അദ്ദേഹം രോഗിയാവുന്നത്.

മലബാറിലെ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. മഊനത്തുല്‍ ഇസ്‌ലാം സഭാ മാനേജറായും സേവനം ചെയ്തു. മലബാര്‍ ടെക്‌സ്റ്റ് ബുക്ക് കമ്മിറ്റി, മദ്രാസ് പ്രൊവിന്‍ഷ്യല്‍ ഹജ്ജ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം മലബാര്‍ സമരാനന്തരം ബന്ധം ഉപേക്ഷിച്ച് മുസ്‌ലിം ലീഗില്‍ സജീവമാവുകയായിരുന്നു.  

പഠന കാലത്തു തന്നെ സാഹിത്യ രംഗത്ത് മികവു തെളിയിച്ച പാങ്ങില്‍ 23-ലധികം അറബി കൃതികള്‍ രചിച്ചിട്ടുണ്ട്. അന്നഹ്ജുല്‍ ഖവീം, അല്‍ബയാനുശ്ശാഫി, തല്‍ഖീഹുല്‍ മന്‍ത്വിഖ്, നള്മു അലാഖാത്തില്‍ മജാസില്‍ മുര്‍സല്‍, ഇബ്‌റാസുല്‍ മുഹ്‌മല്‍, തുഹ്ഫത്തു അഹ്ബാബി തളിപ്പറമ്പ്, ഇസാലത്തുല്‍ ഖുറാഫാത്ത്, ഇസാഹത്തുല്‍ ഹംസ, അല്‍ മന്‍ഹലുറവി, മവാഹി ബുല്‍ ജലീല്‍, അന്നഫഹാത്തുല്‍ ജലീല, താജുല്‍ വസാഇല്‍, അല്‍ ഫൈളുല്‍ മുന്‍ജീ, അത്തുഹ്ഫത്തു റബീഇയ്യ, അല്‍ ഖസ്വീദത്തുല്‍ ഖുത്വ്ബിയ്യ, അല്‍ ഫൈളുല്‍ മദീദ്, ഖസ്വീദത്തുത്ത ഹാനി, തന്‍ബീഹുല്‍ ഗഫൂല്‍, തല്‍ബീഹുല്‍ അനാം, അല്‍ ഖൗലുസ്സദീദ്, അല്‍ഖൗലുല്‍ മുത്തസഖ്, ഹാശിയത്തുന്‍ അലാ മുഖദ്ദിമത്തി തുഹ്ഫത്തില്‍ മുഹ്താജ്, ശറഹു ഖസ്വീദത്തി ജമര്‍ മക്‌നൂനി, ഖസ്വീദത്തു തുഹ്ഫത്തി റബീഇയ്യ എന്നിവയാണ് പ്രധാന കൃതികള്‍. 

അദ്ദേഹത്തിന്റെ രചനകള്‍ മജ്മൂഅത്തുര്‍റസാ ഇലില്‍ മുല്ലവിയ്യ എന്ന പേരില്‍ ചരിത്ര ഗവേഷകനായ സി.പി ബാസിത് ഹുദവി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമസ്തയുടെ കീഴില്‍ അറബി മലയാളത്തില്‍ അല്‍ബയാന്‍ മാസികയും ആരംഭിച്ചു. 1929 ഡിസംബറില്‍ മൗലാനാ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ ചീഫ് എഡിറ്ററായി അല്‍ബയാന്‍ പ്രഥമ ലക്കം പുറത്തിറങ്ങി.

മൂന്ന് വിവാഹം കഴിച്ചിരുന്നു അഹമ്മദ്കുട്ടി മുസ്‌ലിയാര്‍. കൊറ്റോത്ത് വീട്ടില്‍ സൈതലവി ലഹാജിയുടെ മകള്‍ ഖദീജയാണ് ഒന്നാം ഭാര്യ. വല്ലപ്പുഴ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് രണ്ടാം ഭാര്യ. ഇവരില്‍ അദ്ദേഹത്തിന് നാലുമക്കളുണ്ടായി. പിന്നീട് പൊന്നാനിയില്‍ നിന്ന് ഒരു വിവാഹംകൂടി അദ്ദേഹം ചെയ്തിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ച സമസ്തയുടെ ഈ നേതാവ് ഹിജ്‌റ 1365 ദുല്‍ഹിജ്ജ 25ന് (സിഇ 1944) മരണപ്പെട്ടു.

പ്രധാന ഗ്രന്ഥങ്ങള്‍:

അന്നഹ്ജുല്‍ ഖവീം
തന്‍വീഹില്‍ മന്‍ത്വിബി ഫീ ശറഹി തസ്‌രീഹില്‍ മന്‍ത്വിഖി
ഇബ്‌റാസുല്‍ റുഹ്‌മല്‍
തുഹ്ഫതുല്‍ അഹ് ബാബ്
ഇസാഹാമതില്‍ ഹംസ


 

Feedback