ദൂരവും കാലവും കണക്കാക്കാതെ അറിവ് തേടിയുള്ള പ്രയാണമായിരുന്നു ശൈഖ് അബ്ദുല്‍ അസീസ് അസ്സഹാലവിയുടേത്. വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥിയായപ്പോഴും അധ്യാപകനായപ്പോഴും അദ്ദേഹം മനസ്സില്‍ കുടിയിരുത്തിയ ലക്ഷ്യം അറിവിന്റെ അനന്തപാതകളിലൂടെ പ്രയാണം തുടരുക എന്നതായിരുന്നു.
ക്രി. 1884-ല്‍ റാവല്‍പിണ്ടി ഭരണ പ്രവിശ്യയില്‍ ബന്ദ്‌സഹാല്‍ എന്ന പ്രദേശത്താണ് ശൈഖ് അബ്ദുല്‍ അസീസ് സഹാലവി ഭൂജാതനായത്. പ്രാഥമികമായി ഒരാള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന വിജ്ഞാനങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നുതന്നെ അദ്ദേഹം കരസ്ഥമാക്കി. തുടര്‍ന്ന് വിജ്ഞാനസമ്പാദനാര്‍ഥം ശൈഖ് ഗുജറാത്തിലേക്ക് യാത്രയായി. അവിടെ ശൈഖ് ഗുലാം റസൂല്‍-ന്റെ അടുക്കല്‍ പഠന-ഗവേഷണങ്ങള്‍ക്കായി ഒഴിഞ്ഞിരിക്കുകയും ധാരാളം ഗ്രന്ഥങ്ങളില്‍ അറിവ് നേടുകയും ചെയ്തു.
അതിനുശേഷം ജാമിഅതു ദയൂബന്ദ് അല്‍ ഇസ്‌ലാമിയ്യയില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഹിജ്‌റ 1327 (1906) ല്‍ ശൈഖുല്‍ ഹിന്ദ് മുഹമ്മദ് ഹസന്റെ ശിക്ഷണത്തില്‍ ഹദീസ് വിഷയങ്ങളില്‍ അവഗാഹം നേടുകയും ബിരുദമെടുക്കുകയും ചെയ്തു.
ബിരുദം നേടിയ ഉടനെ, അന്നത്തെ പതിവനുസരിച്ച് അദ്ദേഹം വിവിധ കലാലയങ്ങളില്‍ സേവനമനുഷ്ഠിച്ചു. എല്ലാ വിഷയങ്ങളിലും തികഞ്ഞ അറിവും ബോധവുമുണ്ടായിരുന്ന അദ്ദേഹം നല്ലൊരു രചയിതാവും നല്ലൊരു പ്രാസംഗികനുമായിരുന്നു. എല്ലാ വിധ കഴിവും ഒത്തു ചേര്‍ന്ന ആ മികച്ച അധ്യാപകന്‍ ആദ്യമായി സേവനമനുഷ്ഠിക്കുന്നത് ലാഹോറിലെ 'മദ്‌റസതുന്നുഅ്മാനിയ്യ'-യിലാണ്. പിന്നീട് വിവിധ പാഠശാലകളില്‍ അറബി ഭാഷയും അറബി ഗ്രന്ഥങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തു. അറബി ഭാഷയിലുള്ള ഇദ്ദേഹത്തിന്റെ കഴിവും സംസാരത്തിലെ മികവും ദര്‍ശിച്ച ഭരണാധികള്‍, ഗുഞ്ജറാന്‍ പാലയിലെ മസ്ജിദുല്‍ ജാമിഇലെ ഇമാമായും ഖത്വീബ് ആയും ഇദ്ദേഹത്തെ നിശ്ചയിച്ചു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അധ്യാപകനായും രചയിതാവായും ഖത്വീബ് ആയും നിരവധി വേഷങ്ങള്‍ അണിഞ്ഞ ഈ മഹാവര്യന്‍ ഹിജ്‌റ - 1359 (1938) റമദ്വാന്‍ മൂന്നിന് ജീവിതത്തില്‍ നിന്ന് വിടവാങ്ങി.
പ്രധാന ഗ്രന്ഥങ്ങള്‍
തബ്‌വീബു മുസ്‌നന് അഹ്മദ് تبويت مسند أحمد
രിജാലു ത്ത്വഹാവി رجال الطهاوي