ശൈഖ് അശ്ഫാഖു റഹ്മാന്‍ കാന്തഹ്‌ലവിയുടെ ജനനസ്ഥലവും ജനനത്തീയതിയും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബ പരമ്പര ശൈഖ് ഖാദ്വി ദ്വിയാഉദ്ദീനിലേക്കും അദ്ദേഹത്തില്‍ നിന്ന് ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ)ലേക്കും എത്തിച്ചേരുന്നു.
വളരെ ചെറിയ പ്രായത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇദ്ദേഹം പ്രാഥമിക അറബി ഗ്രന്ഥങ്ങള്‍ സ്വായത്തമാക്കുവാന്‍ ഭോപ്പാലിലെ മദ്‌റസതുല്‍ സുലൈമാനിയ്യയില്‍ ചേര്‍ന്നു. ഇംദാദുല്‍ ഉലൂമിലേക്ക് പുറപ്പെട്ട അദ്ദേഹം ഹി. 1327ല്‍ (ക്രി. 1906) തന്റെ പതിനെട്ടാം വയസ്സില്‍ ജാമിഅതു മദ്വാഹിറുല്‍ ഉലൂമില്‍ ചേര്‍ന്നു. പ്രധാനപ്പെട്ട എല്ലാ ഹദീസ് ഗ്രന്ഥങ്ങളും ഹദീസ് നിദാന ശാസ്ത്രത്തിലെ അടിസ്ഥാന ഗ്രന്ഥമായ 'നുഖ്ബതുല്‍ ഫിക്‌റും' തഫ്‌സീറും ഇവിടെ നിന്ന് പഠിച്ചു. ആ കാലയളവില്‍ തന്നെ അറബ് സാഹിത്യ ഗ്രന്ഥങ്ങളും തത്വശാസ്ത്രവും കരസ്ഥമാക്കി.
ഹിജ്‌റ 1328ന് മദ്വാഹിറുല്‍ ഉലൂമില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1330ല്‍ അവിടെത്തന്നെ അധ്യാപകനായി നിയമിക്കപ്പെട്ടു. 1339ല്‍ (1918) ശൈഖ് ഖലീല്‍ അഹ്മദ് സഹാറന്‍ പൂരിയുടെയും ശൈഖ് അബ്ദുല്‍ ലത്തീഫിന്റെയും കൂടെ, മതവിധി നിര്‍ണയ വിഭാഗത്തില്‍ നിയമിക്കപ്പെട്ടു.
1340ല്‍ (1919) ഡല്‍ഹിയിലെത്തിയ അദ്ദേഹം മദ്‌റസതുല്‍ അശ്‌റഫിയ്യയിലെ പ്രിന്‍സിപ്പാള്‍ ആവുകയും 18 വര്‍ഷം തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു. പിന്നീട് ഡല്‍ഹിയിലെ ഫത്ഹ്പൂരിലെ 'മദ്‌റസതുല്‍ ആലിയ്യതുല്‍ അറബിയ്യ'യിലും 18 വര്‍ഷം സേവനം ചെയ്തു. ശേഷം ഭോപ്പാലിലെത്തിയ അദ്ദേഹം മദ്‌റസതുല്‍ അഹ്മദ്ദിയ്യയില്‍ ഹദീസ് ഗുരുവായി.
ഹിജ്‌റ 1370 (1949) പാകിസ്താനിലേക്ക് ഹിജ്‌റ പോയ ശൈഖ് അശ്ഫാഖു റഹ്മാന്‍ കാന്തഹ്‌ലവി അശ്‌റഫാബാദിലെ 'ദാറുല്‍ ഉലും ഇസ്‌ലാമിയ്യ'യില്‍ ഹദീസ് അധ്യാപകനായി ചേരുകയും 'മതവിധി' (ഫത്‌വ) വിഭാഗത്തില്‍ അംഗമായി മാറുകയും ചെയ്തു. മരണം വരെ തത്സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1377 (1956) ജുമാദുല്‍ ആഖിറയില്‍ പരലോകം പുല്‍കി.
പ്രധാന ഗ്രന്ഥങ്ങള്‍
حاشية على سنن النسائي, حاشية على سنن أبي داود , شرح على شمائل الترمذي , حاشية على موطأ , مرآة التفسير , أحسن البيان فيما يتعلق بالقرآن, علم الحديث, تفسير سورة الفاتحة